മനുഷ്യന് മൃഗത്തിന്റെ പോലും വില കല്പിക്കാത്ത കാലം… ആൾക്കൂട്ടക്കൊലവിളികളിൽ ആയുസൊടുങ്ങുന്നവരുടെ നാട്… അവിടെ, മൃഗങ്ങളെപ്പോലെ തെരുവിലലയുന്നവരുടെ അരികിലണഞ്ഞ് അവരെ മാറോടണച്ച് നീ എന്റെ ബന്ധുവാണെന്ന് കാതിലോതുന്ന മാനവികതയുടെ മഹാമേരുപോലെ പ്രേംധാം! സ്നേഹത്തിന്റെ ഇരിപ്പിടം!
ദൈവത്തിന്റെ മഹത്വത്തിനായി മനുഷ്യത്വത്തിന്റെ കടലാഴങ്ങൾ തേടുന്ന മൂന്നു വൈദികരുടെ കഥ; അവർ സ്നേഹിച്ചു സുഖപ്പെടുത്തി ബന്ധുക്കളാക്കിയ ഒട്ടേറെ മനുഷ്യരുടെയും കഥ… പ്രേംധാം.
ദൈവങ്ങളുടെ നാട് എന്നു പേരുകേട്ട ഉത്തരാഖണ്ഡ് സംസ്ഥാനത്താണ്, പ്രേംധാം എന്ന സ്നേഹവീട് നിലകൊള്ളുന്നത്. സീറോമലബാർ സഭയുടെ ആദ്യകാല മിഷൻ രൂപതകളിലൊന്നായ ബിജ്നോർ രൂപതയിലെ മൂന്നു വൈദികരാണ്, ഉത്തരേന്ത്യയുടെ കാരുണ്യഹൃദയമായി മാറുന്ന ഈ ശുശ്രൂഷാകേന്ദ്രത്തിന്റെ സാരഥികൾ.
2009-ലാണ് സംഭവം. പരിചയക്കാരാരോ അറിയിച്ചിട്ടാണ് ഫാ. ബെന്നി ആ സർദാർജിയുടെ വീട്ടിലെത്തിയത്. അയാളുടെ വലിയ തൊഴുത്തിലേക്ക് ജോലിക്കാർ ബെന്നിയച്ചനെ കൊണ്ടുപോയി. “ഇവിടെ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയുണ്ടെന്നറിഞ്ഞ് ആ കുട്ടിയെ കാണാനാണ് ഞാൻ വന്നത്, എന്തിനാണ് തൊഴുത്തിലേക്കു പോകുന്നത്?’’ എന്നു ബെന്നിയച്ചൻ ചോദിച്ചു. “”കുട്ടി തൊഴുത്തിലാണു താമസിക്കുന്നത്, എന്നാണു മറുപടി ലഭിച്ചത്. നിരവധി പശുക്കളുള്ള ആ തൊഴുത്തിലെത്തിയ ബെന്നിയച്ചൻ ഞെട്ടിപ്പോയി! തൊഴുത്തിന്റെ ഒരു മൂലയിൽ ചിതറിയ ഗോതന്പു കച്ചികളുടെ ഇടയിൽ, സ്വന്തം വിസർജ്യം ഉണങ്ങിപ്പിടിച്ച ശരീരം… പശുവിനു നല്കുന്ന പച്ചരിയുടെയും പരുത്തിക്കട്ടയുടെയും ഉച്ഛിഷ്ടം തിന്ന് വിശപ്പടക്കുന്ന ഒരു ബാലൻ.
പശുവിന്റെ ഭക്ഷണം കിട്ടാതാകുന്പോൾ ഈ ശിശു സ്വന്തം മലംതന്നെ ഭക്ഷിക്കുന്നുണ്ട് എന്നു സർദാർജിയുടെ ജോലിക്കാർ! സർദാർജിയുടെ വീട്ടുവേലക്കാരായിരുന്നു അവന്റെ മാതാപിതാക്കൾ. ജോലിക്കു കൂലി കിട്ടാതെ പട്ടിണിയും പീഡനവുമായപ്പോൾ മകനെ മുതലാളിയുടെ തൊഴുത്തിൽ ഉപേക്ഷിച്ചുപോയതാണ്. കാലിക്കൂട്ടിൽ ഉപേക്ഷിക്കപ്പെട്ട ആ ബാലന്റെ പേര് ‘കാലാ’ എന്നാണ്.
ബെന്നിയച്ചൻ വാത്സല്യത്തോടെ വാരിപ്പുണർന്നെങ്കിലും കാലാ നാലുകാലിൽ മാത്രമേ നടക്കുമായിരുന്നുള്ളൂ. നല്ല പാത്രത്തിൽ ഭക്ഷണം നല്കിയപ്പോൾ, ഭക്ഷണം നിലത്തിട്ടിട്ട് പിന്നെ വാരിത്തിന്നുകയായിരുന്നു, കാലായുടെ രീതി.
ബിജ്നോർ രൂപതയുടെ നജീബബാദ് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ഒരു മുറിയിലേക്ക് ബെന്നിയച്ചൻ ആറു വയസുകാരനായ കാലായെ കൊണ്ടുവരുന്പോൾ കൈനീട്ടി വാങ്ങാൻ കാത്തുനിൽക്കുകയായിരുന്നു ഷിബുവച്ചൻ.
അങ്ങനെ, കാലായിലൂടെ ഒരു കാരുണ്യകാലത്തിന് തുടക്കമായി! ബിജ്നോർ രൂപതാംഗമായ ഫാ. ബെന്നി തെക്കേക്കരയും ഫാ. ഷിബു തുണ്ടത്തിലും ചേർന്ന് ഒരു അനാഥബാല്യത്തിന് തണൽമരങ്ങളായപ്പോൾ കാലാ എന്ന ബാലൻ ഒരു പുതിയ കാലത്തിന്റെ സ്നേഹചിഹ്നമായി. ഒരു വർഷത്തിനുശേഷം ഫാ. ബൈജു മണിയന്പ്രയിലും ഈ കൂട്ടായ്മയുടെ കൂട്ടുകാരനായി. ഇന്ന് ഈ ത്രിമൂർത്തികളുടെ ജീവിത സമർപ്പണത്തിന്റെ പേരാണ് പ്രേംധാം. ബാല്യത്തിലെ അനാഥത്വം അവന് നല്കിയത് അന്ധതയും ബുദ്ധിമാന്ദ്യവുമാണെങ്കിലും 10 വർഷത്തെ നിരന്തര പരിചരണം ലഭിച്ച കാലാ 16-ാം വയസിൽ തനിയെ നടക്കും. ഭക്ഷണത്തിനുള്ള വിളി കേട്ടാൽ അവൻ ഭക്ഷണശാലയിലെത്തും.
ജന്തുവിനെപ്പോലെ തൊഴുത്തിൽ കിടന്നവൻ അനേകരുടെ ബന്ധുവായി സസന്തോഷം ജീവിക്കുന്നു. കാലായ്ക്കുശേഷം കാൻസർ രോഗിയായി വീട്ടുകാർ ഉപേക്ഷിച്ച വിജയ്, പ്രേംധാമിലെ അംഗമായി. തുടർന്ന്, അങ്കിത്, മോഹൻ, രാജു… ഇങ്ങനെ അതിഥികൾ ഒന്നൊന്നായി വന്നണഞ്ഞു. ഇന്ന് 200-ഓളം അംഗങ്ങളും 40-ലേറെ ശുശ്രൂഷകരുമായി നജീബബാദ് ജില്ലയിൽ സഹൻപൂർ എന്ന പ്രദേശത്ത് ജീവിതത്തിൽ സഹനങ്ങൾ മാത്രം സമ്മാനമായി ലഭിച്ച ഇവർ മൂന്നു വൈദികരുടെ ആത്മത്യാഗത്തിന്റെ വിലയായ പ്രേംധാം എന്ന സ്നേഹകൂടാരത്തിൽ ഒരു കുടുംബമായി കഴിയുന്നു.
ജെഫ്രിൽ… നീ ഒരു പടയാളിതന്നെ!
അസോസിയേഷൻ ഓഫ് കാത്തലിക് റീഹാബിലിറ്റേഷൻ സെന്റേഴ്സ് ഇൻ ഇന്ത്യ (എസിആർസിഐ) എന്ന സംഘടനയുടെ ഏഴാമത് ദേശീയ സമ്മേളനം ബിജ്നോർ രൂപതയുടെ കോഡ്ദ്വാറിലുള്ള ഉജാല പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്നു. ഉദ്ഘാടന വേദിയിൽ പ്രേംധാമിലെ കൂട്ടുകാരുടെ സ്റ്റേജ് ഷോ! പട്ടാളക്കാരുടെ കഥയാണ് വികാരാർദ്രമായ രംഗാവിഷ്കാരമായി പകർന്നത്.
ദേശസ്നേഹത്തിന്റെ നിറവിൽ രാജ്യസുരക്ഷയ്ക്കായി കുടുംബ ബന്ധങ്ങളെ ബലി നൽകുന്ന ഇന്ത്യൻ ആർമിയുടെ വീരേതിഹാസത്തിന്റെ ചിഹ്നമായി രണ്ടരയടി ഉയരം മാത്രമുള്ള ജെഫ്രിൽ എന്ന ബാലന്റെ ഉജ്വല പ്രകടനം!
സ്വരം കേൾക്കാത്തവരാണ് ചടുലതാളം പിഴയ്ക്കാതെ നൃത്തം ചവിട്ടിയതെന്ന്, കണ്ണുകാണാൻ പറ്റാത്തവരാണ് മധുരമായി പാട്ടുപാടിയതെന്ന്, നടക്കാൻ പറ്റാത്തവരാണ് പടഞ്ഞിരുന്ന് ഡോലക്കും ഹാർമോണിയവും വായിച്ചതെന്ന്, എസിആർസിഐ ജനറൽ സെക്രട്ടറികൂടിയായ ബൈജു അച്ചൻ പറയുന്പോൾ, ഈ ലേഖകനുൾപ്പെടെയുള്ള സദസ് അതിശയ കരഘോഷം മുഴക്കുകയായിരുന്നു!
ആന്ധ്രാക്കാരൻ അംജിത്! നിന്നെ മറക്കുന്നതെങ്ങനെ?
പ്രേംധാം കൂട്ടുകാരുടെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞു. തനിയ നിൽക്കാനാവാത്ത ആശിഷും വികാസുമാണ് സംഘഗാനം നയിച്ചത്. പാട്ടുതീർന്നപ്പോൾ സെറിബ്രൽ പാൾസിയുള്ള ആശിഷിനെ തോളോടുചേർത്ത് ഇറക്കിക്കൊണ്ടുവരുന്ന അംജിത്. അവന് ഒന്നരക്കാലേയുള്ളൂ!
ആന്ധ്രാക്കാരനായ അംജിതിന് മലയാളം അല്പമൊക്കെ അറിയാം. കാരണം, അവനെ കോട്ടയത്തെ അമ്മത്തൊട്ടിലിൽനിന്നു കിട്ടിയതാണ്. കാരുണ്യത്തിന്റെയും ദൈവസ്നേഹത്തിന്റെയും ആർദ്രഭാവങ്ങളുടെ അമ്മരൂപമായി മാറിയ ചങ്ങനാശേരി കുന്നന്താനത്തുള്ള എൽ.എസ്.ഡി.പി. സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റർ ലിറ്റിയാണ് പ്രേംധാമിന് അംജിതിനെയും നൽകിയത്.
പ്രേംധാമിലെ മാലാഖമാർ
ശാരീരിക – മാനസിക ന്യൂനതയുള്ളവർ, ഭ്രാന്തരായി തെരുവിലൂടെ അലഞ്ഞവർ, തുടങ്ങിയവരാണ് ഈ സ്നേഹക്കൂട്ടിലെ കിളികൾ! 50-ലേറെപ്പേർക്ക് നടക്കാനാവില്ല. അവർക്കായി സുരക്ഷിതമായ കിടപ്പാടം ഒരുക്കിയിട്ടുണ്ട്. ഓട്ടിസവും ബഹുവൈകല്യങ്ങളും ബാധിച്ചവരാണ് ഏറെപ്പേർ. ചലനശേഷിയുള്ളവർ മറ്റു സഹായികളോടൊപ്പം കിടപ്പിലായവരെ സഹായിക്കുന്നു.
പ്രേംധാമിലെ ത്രിമൂർത്തികൾ
സ്ഥാപകഡയറക്ടറായ ഫാ. ബെന്നി തെക്കേക്കരയുടെ വീട് എറണാകുളം ജില്ലയിലെ തുറവൂരാണ്. തുറവൂർ സെന്റ് അഗസ്റ്റിൻസ് ഇടവക. 2002-ൽ ബിജ്നോർ രൂപതയ്ക്കുവേണ്ടി വൈദികനായി. സഹസ്ഥാപകനായ ഫാ. ഷിബു തോമസ് തുണ്ടത്തിൽ വൈക്കം മാഞ്ഞൂർ മകുടാലയം സെന്റ് തെരേസാസ് ഇടവകാംഗം. 2003-ൽ ബിജ്നോർ രൂപതയിൽ വൈദികനായി. ഫാ. ബൈജു മണിയന്പ്രയിൽ താമരശേരി രൂപതയിലെ മലപ്പുറം പനംപ്ലാവ് ഇടവകാംഗമാണ്. 2002-ൽ ബിജ്നോർ രൂപതയിൽ വൈദികനായി.
ഈ മൂന്നു വൈദികരും 2009 വരെ ബിജ്നോർ രൂപതയിൽ ആതുരശുശ്രൂഷാമേഖലയിൽ നിസ്തുല സേവനമർപ്പിച്ചതിനുശേഷമാണ് പ്രേംധാമിന്റെ നായകരായത്.
കനിവിന്റെ കാവലായ് കന്യാസ്ത്രീകളും
പ്രേംധാമിൽ ശുശ്രൂഷയുടെ കർമ്മപുണ്യം പരത്തിക്കൊണ്ട് മൂന്നു സന്യാസിനിമാർ സേവനമർപ്പിക്കുന്നുണ്ട്.
ഹോളിഫാമിലി സഭാംഗമായ സിസ്റ്റർ സുശീല സിഎച്ച്എഫ് പ്രേംധാം അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്യുന്പോൾ, പരിചരണ വിഭാഗത്തിനു നേതൃത്വം നൽകാൻ സിസ്റ്റർ സെലിൻ എഎസ്എംഐ, സിസ്റ്റർ അൻസീന എഎസ്എംഐ എന്നിവരും ഒരു വർഷമായി കൂടെയുണ്ട്.
കൂടാതെ കേരളത്തിൽനിന്നും എത്തി, ഇവിടെ കുറച്ചുകാലം പ്രാർത്ഥനയും ശുശ്രൂഷയും നിർവഹിച്ചു തിരിച്ചുപോരുന്ന നന്മമനസുകളും ഒപ്പമുണ്ട്.
ദുർഗന്ധം വാങ്ങി സുഗന്ധം നൽകുന്നവർ
അങ്കിതും, മോഹനും, രാജുവും, സോനുവും പ്രേംധാമിൽ എത്തിയപ്പോഴുള്ള രൂപം കണ്ടാൽ ഇപ്പോൾ അവർപോലും വിശ്വസിക്കില്ല.അവരുടെ ജട പിടിച്ച മുടിയൊക്കെ വെട്ടി, അവരെ കുളിപ്പിച്ച് പുതിയ മനുഷ്യരാക്കുന്നത് ഈ വൈദികർതന്നെയാണ്. കാൻസർ രോഗിയായി വന്നണഞ്ഞ വിജയ്യുടെ ശരീരത്തിൽനിന്നു പെറുക്കിമാറ്റിയത് നൂറുകണക്കിന് പുഴുക്കളെയായിരുന്നു.
ജീവനുണ്ടെങ്കിലും ചീഞ്ഞളിഞ്ഞ മനുഷ്യശരീരവുമായി ദുർഗന്ധം വമിപ്പിച്ച്, ഒരിറ്റു സഹായം ലഭിക്കാതെ ഒരു സമൂഹത്തിന്റെ പുറന്പോക്കിലൂടെ ഇഴഞ്ഞും വലിഞ്ഞും മൃഗങ്ങളേക്കാൾ ദുരിതത്തിൽക്കഴിയുന്നവരുടെ അരികിലേക്കാണ് മൂക്കുപൊത്താതെ, കൈവിറയ്ക്കാതെ, ക്രിസ്തുവിന്റെ സ്നേഹവുമായി ഈ മൂന്നു വൈദികരും ഓടിയണയുന്നത്.
മതഭ്രാന്തു മൂത്ത് മദംപൊട്ടിയവരും വർഗീയതയുടെ അന്ധത ബാധിച്ചവരും ആദ്യകാലത്ത് എതിർപ്പുമായി എത്തിയെങ്കിലും ഈ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഹൃദയനന്മ തിരിച്ചറിഞ്ഞ് നല്ല മനുഷ്യരായാണ് മടങ്ങിയത്.
പ്രചോദകർ
ബിജ്നോർ രൂപതയുടെ സ്ഥാപക മെത്രാനായ ബിഷപ് ഗ്രേഷ്യൻ മുണ്ടാടൻ സിഎംഐയും ഇപ്പോഴത്തെ മെത്രാൻ ബിഷപ് ജോണ് വടക്കേൽ സിഎംഐയും ജഹരിഘാൾ ജീവനധാര ആശ്രമാധിപൻ ആചാര്യ റവ. ഡോ. തോമസ് കൊച്ചുമുട്ടം സിഎംഐയും പ്രേംധാം കുടുംബത്തിന് അനുഗ്രഹസാന്നിധ്യങ്ങളായി കൂടെനിന്നു വളർത്തിയവരാണ്. എന്നാൽ, ചങ്ങനാശേരി കുന്നന്താനത്ത് ആരംഭിച്ച എൽഎസ്ഡിപി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ സിസ്റ്റർ മേരി ലിറ്റിയാണ് ആദ്യകാലത്ത് പ്രേംധാമിന്റെ പ്രവർത്തനശൈലികൾ ചിട്ടപ്പെടുത്തി നല്കിയത്.
ബിജ്നോർ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ഈ ത്രിമൂർത്തികളുടെയും പ്രേംധാമിന്റെയും കൂട്ടുകാരാണ്. ഒപ്പം, നാനാജാതി മതസ്ഥരായ മനുഷ്യസ്നേഹികളും പ്രേംധാമിനൊപ്പമുണ്ട്.
സഭയുടെ കാരുണ്യശുശ്രൂഷകൾ
‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ക്രിസ്തുവചനത്തിലുറച്ചുനിന്ന്, ജാതി, മത, ദേശ, ഭാഷാ ഭേദമില്ലാതെ , എല്ലാ മനുഷ്യരിലും ദൈവത്തെ ദർശിച്ചുകൊണ്ടാണ് കത്തോലിക്കാസഭ ലോകം മുഴുവനും കാരുണ്യശുശ്രൂഷകൾ നിർവഹിക്കുന്നത്. ആശുപത്രികളും അനാഥമന്ദിരങ്ങളും വൃദ്ധപരിചരണകേന്ദ്രങ്ങളും മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള സ്പെഷൽ സ്കൂളുകളും സ്ഥാപിച്ച്, ലക്ഷക്കണക്കിന് അശരണർക്കാണ് സഭ അഭയമേകുന്നത്. അതിൽ ഒന്നുമാത്രമാണ് പ്രേംധാം.
ജീവിതത്തിന്റെ അഴുക്കുകളിൽനിന്ന് ഓരോ മനുഷ്യനെയും മനുഷ്യത്വത്തിന്റെ അഴകുകളിലേക്ക് രൂപാന്തരപ്പെടുത്താൻ നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ചിരിക്കുന്ന ആയിരക്കണക്കിനു കന്യാസ്ത്രീകളേയും വൈദികരേയും സമർപ്പിതരേയും നയിക്കുന്നത്, ക്രിസ്തുവിന്റെ ഈ തിരുവചനമാണ്: “നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്.’’
ഫാ. റോയി കണ്ണൻചിറ സിഎംഐ