പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച്‌ രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തല്‍. മൂത്തമകളെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തല്‍. അച്ഛനമ്മമാരെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ മിണ്ടാതിരുന്നതാണെന്ന് അന്ന് മകള്‍ പറഞ്ഞുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. കൊന്ന ശേഷം കെട്ടിതൂക്കിയതാവാം. ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ആത്മഹത്യാണെന്ന് സമര്‍ഥിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.പല തവണ ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് അഞ്ചാം സാക്ഷി അബ്ബാസ് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു. അതിനിടെ പ്രദേശത്തുള്ളവരേയും സംഭവ സ്ഥലത്തുള്ളവരേയും സാക്ഷിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി മാതാവും ആരോപിച്ചു.സാക്ഷികള്‍ ആരൊക്കെയെന്ന് പൊലീസ് വെളിപ്പടുത്തിയില്ല. ചോദിക്കുമ്ബോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറിയെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
പ്രതിഭാഗം അഭിഭാഷകന്‍ തങ്ങളെ കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തി. പ്രോസിക്യൂഷനും പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചതായി സംശയിക്കുന്നെന്നും ഇവര്‍ പറഞ്ഞു.