ലക്നോ: ഉന്നാവോ പീഡനക്കേസിലെ പ്രതി കുൽദീപ് സിംഗ് സെൻഗാറിന് പരോൾ ലഭിച്ചു. സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ജയിൽവകുപ്പ് മൂന്നു ദിവസത്തെ പരോൾ അനുവദിച്ചത്. കുല്‍ദീപിനൊപ്പം ജയിലില്‍ കഴിയുന്ന മറ്റൊരു സഹോദരന് അതുല്‍ സെൻഗാറിനും പരോൾ നൽകി.
സംസ്കാര ചടങ്ങില്‍ കുല്‍ദീപ് പങ്കെടുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മനോജ് സെൻഗാർ മരണപ്പെട്ടത്. കുൽദീപിന്റെ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോഴാണ് സംഭവം. മരണത്തിൽ അസ്വഭാവികതയുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.