2020-21 അധ്യയന വര്‍ഷം ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ഒമ്ബതാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം . രാജ്യത്താകമാനമുള്ള 636 നവോദയ സ്‌കൂളുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം.

കേരളത്തില്‍ വിവിധ ജില്ലകളിലായി 143 ഒഴിവുകളാണുള്ളത്. 2019-20 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2004 മേയ് ഒന്നിനും 2008 ഏപ്രില്‍ 30നും മധ്യേ (രണ്ടു തീയതികളുമുള്‍പ്പെടെ) ജനിച്ചവരാകണം അപേക്ഷകര്‍.

2020 ഫെബ്രുവരി എട്ടിനാണ് പ്രവേശന പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വരെ രണ്ടര മണിക്കൂര്‍ നീളുന്ന പരീക്ഷ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതാം. മാത്തമാറ്റിക്‌സ്, ജനറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്.

താത്പര്യമുള്ളവര്‍ക്ക് നവോദയ വിദ്യാലയ സമിതിയുടെ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് . ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഡിസംബര്‍ 10.