ക്രാക്കോവ്/പോളണ്ട്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണനടപടികള്‍ ആരംഭിച്ചു. പാപ്പയുടെ പിതാവ് കരോള്‍ വോയ്റ്റീവയുടെയും അമ്മ എമിലിയ കാസോറോവസ്‌കയുടെയും നാമകരണ നടപടികള്‍ ആരംഭിക്കുവാനുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് പോളിഷ് എപ്പിസ്‌കോപ്പേറ്റ് പ്രഖ്യാപിച്ചത്. പോളിഷ് സൈന്യത്തില്‍ ലഫ്റ്റനന്റ് ആയിരുന്ന കരോളും സ്‌കൂള്‍ അധ്യാപികയായിരുന്ന എമിലിയയും 1906 ഫെബ്രുവരി 10-നാണ് വിവാഹിതരായത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി മാറിയ കരോള്‍ ജൂനിയറിന് പുറമെ എഡ്മണ്ട്, ജനിച്ച് അധികം താമസിയാതെ മരണമടഞ്ഞ വോള്‍ഗ എന്നീ രണ്ട് മക്കള്‍ കൂടി ഈ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നു. ജോണ്‍ പോള്‍ പാപ്പയുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ വിശ്വാസജീവിതം ശക്തമായ സ്വാധീനം ചെലുത്തിയതായി ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ കുറിപ്പില്‍ പറയുന്നു. 1929-ല്‍ ഹൃദയാഘാതത്തെയും കരള്‍ രോഗത്തെയും തുടര്‍ന്നായിരുന്നു എമിലിയ മരണമടഞ്ഞത്. തുടര്‍ന്ന് 12 വര്‍ഷക്കാലം പിതാവാണ് കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കിയത്. തന്റെ പിതാവ് രാത്രിയില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അനുഭവക്കുറിപ്പുകളില്‍ പറയുന്നുണ്ട്.