തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാളയാറിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണം.
കുട്ടികളെ കൊന്നുതളളിയവര്‍ പാട്ടുംപാടി നടക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. ഇതാണ് സര്‍ക്കാരിന്‍റെ ശക്തമായ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ രക്ഷിച്ചത് സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പ്രതികള്‍ രക്ഷപെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നൽകിയിരുന്നു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്ച വരുത്തിയെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.