വാർത്തകൾ
🗞🏵 *സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം വീണ്ടും ശക്തമാകുന്നു.* ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂന മര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
🗞🏵 *ബംഗളൂരു നഗരത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ പരിശോധനയില്‍ അനധികൃതമായി കണ്ടെത്തിയ ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍* . വിസയില്ലാതെ നഗരത്തില്‍ കഴിയുകയായിരുന്ന 30 പേരെയാണ് സിസിബി പിടികൂടിയത്. മുൻപ് ഒക്ടോബര്‍ 21ന് വ്യാജ പാസ്പോര്‍ട്ടുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായിരുന്നു.
🗞🏵 *ചരിത്രം പരിശോധിച്ചാൽ ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഇപ്പോൾ ഇന്ത്യ സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു
🗞🏵 *കരമനയില്‍ ഒരു കുടുംബത്തിലെ 7 പേര് മരിച്ചതിലും സ്വത്ത് തട്ടിപ്പിലും ദുരൂഹത വ്യക്തമാക്കി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.* വില്പത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പിട്ട സാക്ഷികള്‍ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്.
🗞🏵 *അരൂരിലെ വിജയത്തിന്റെ കാരണം ജി.സുധാകരന്റെ പൂതന പരാമര്‍ശമല്ലെന്ന് നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്.* യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
🗞🏵 *പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി.* ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമം ആണെന്നും കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്.
🗞🏵 *തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഈഴവ പ്രതിനിധിയെ പരിഗണിയ്ക്കാന്‍ സി.പി.എം.* നിലവിലെ പ്രസിഡന്റ് എ. പദ്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് സി.പി.എം ആലോചന. സര്‍ക്കാര്‍വിരുദ്ധ നിലപാടുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍,, എന്‍.എസ്.എസ് അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം
🗞🏵 *മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ രംഗത്ത്.* മൂലമ്പിള്ളി നഷ്ടപരിഹാര പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സര്‍ക്കാരില്‍ നിന്ന് അനുകൂല മറുപടി ഉണ്ടായില്ലെങ്കില്‍ മുലമ്പിള്ളിക്കാര്ക്കൊപ്പം ലത്തീന്‍ സഭയും പരസ്യപ്രതിഷേധത്തിനാണ് നീക്കം.
🗞🏵 *കരമന സ്വത്ത് തട്ടിപ്പ് അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയതായി വ്യക്തമായി.* ദുരൂഹത സംശയിച്ച് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നൽകിയത് ഒരു വർഷം മുൻപായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയില്ല. ബന്ധുക്കൾ രണ്ടാമതും പരാതി നൽകിയതോടെയാണ് നിലവിലെ ഇടപെടൽ വന്നത്.
🗞🏵 *മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സ്വകാര്യ ബസിടിച്ച് റോഡരികിൽ കൂടി നടന്നു പോയ യുവ ദമ്പതികൾ തൽക്ഷണം മരിച്ചു.* നൂറനാട് ശാന്തിഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാറും(30), ഭാര്യ അടൂർ നെടുമൺ പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ്പയുമാണ്(26) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
🗞🏵 *ജയത്തെ പോലെ പരാജയത്തിന്റെയും ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.* ഒളിയമ്പുകൾ എയ്യുന്നവർ അത് അവർക്കുനേരെതന്നെയാണ് പതിക്കുന്നതെന്ന് ഓർക്കണം.
🗞🏵 *സന്യാസം ആത്മീയ ജീവിതത്തിന്റെ ശക്തിസ്രോതസാണെന്നു ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവറിയോസ്.* സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം, സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം മിഷനറി ഓറിയന്റേഷൻ സെന്ററിൽ നടന്ന എക്യുമെനിക്കൽ സിന്പേസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ആൻഡ് ഡയലോഗ് ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായി.
🗞🏵 *പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം അന്വേഷിക്കാൻ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സർക്കാരിന്റെ അനുമതി തേടി അപേക്ഷ നൽകിയെന്നു വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.* ഇത് അധികൃതരുടെ പരിഗണനയിലാണ്.
🗞🏵 *എറണാകുളം പുല്ലേപ്പടി കമ്മട്ടിപാടത്ത് പത്തു വയസുകാരൻ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അജി ദേവസ്യക്കു ജില്ലാ അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.* 25,000 രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ അമ്മയ്ക്കു നൽകണം. 2016 ഏപ്രിൽ 26നു പുലർച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു മുട്ട വാങ്ങാൻ പോകുന്പോൾ പറപ്പിള്ളി ജോണിയുടെ മകൻ റിസ്റ്റിയെ അയൽവാസിയായ ദേവസ്യ കുത്തിക്കൊലപ്പെടുത്തിയതായി കേസുള്ളത്.
🗞🏵 *ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ 28-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകനും കണ്‍വീനർ അലക്സ് കോഴിമലയും അറിയിച്ചു.* രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
🗞🏵 *ഉപതെരഞ്ഞെടുപ്പുകളുടെ ഫലം എന്തുതന്നെയായാലും ശരിദൂരമാണു ശരിയെന്നു കാലം തെളിയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.* പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ഇങ്ങനെ പ്രതികരിച്ചത്.
🗞🏵 *ലോകത്തിലെ പട്ടിണിനിരക്ക് കുതിപ്പു തുടരുന്നു.* ഒമ്പതു പേരിൽ ഒരാൾ വീതം ലോകത്ത് പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎൻ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധൻ ഹിലാൽ എൽവറാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
🗞🏵 *അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാക്കി ജനത ആരംഭിച്ച പ്രതിഷേധം കെട്ടടങ്ങുന്നില്ല.* മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചുവരികയാണ്. ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ വെള്ളിയാഴ്ച 21 പേർ മരിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.
🗞🏵 *സിറിയയിലെ എണ്ണപ്പാടങ്ങൾക്ക് സുരക്ഷ ശക്തമാക്കാനൊരുങ്ങി അമേരിക്ക.* അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പറാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *ഇറാക്കിലെ ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായി ബിരേന്ദർ സിംഗ് യാദവിനെ നിയമിച്ചു.* കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. 1997-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബിരേന്ദർ സിംഗ്.
🗞🏵 *യുഎസ് സംസ്ഥാനമായ കലിഫോർണിയയിൽ അനിയന്ത്രിതമായി കാട്ടുതീ പടരുന്നു.* ജനവാസ മേഖലകളിലേക്കു തീ പടർന്ന് പിടിക്കാനുള്ള സാഹചര്യം മുൻനിർത്തി അമ്പതിനായിരം പേരോട് മാറി താമസിക്കാൻ ഭരണകൂടം ഉത്തരവിട്ടു. തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
🗞🏵 *അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി.* അഴീക്കോട് നിന്നും രാവിലെ മത്സ്യബന്ധനത്തിന് പോയ സീ കിംഗ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന നാലു പേരെ രക്ഷപെടുത്തി.
🗞🏵 *റിസർവ് ബാങ്ക് ഗുവാഹത്തി ജനറൽ മാനേജറെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.* ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയായ ആശിഷ് രഞ്ചൻ എന്നയാളാണ് മരിച്ചത്. അമ്മയെ കാണാനായി ഇദ്ദേഹം വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു.
🗞🏵 *മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്.* ശ്രീധരന്‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *പത്തനംതിട്ട ഡിസിസിക്കെതിരേ വിമർശനമുന്നയിച്ചും കോന്നി ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയും അടൂർ പ്രകാശ് എംപി രംഗത്ത്.* തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റി. ഡിസിസിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചില്ല. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കണമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *ബിജെപിയുടെ നേതൃനിരയിൽ തലമുറ മാറ്റം വരണമെന്ന് നിയുക്ത മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള.* 50 വയസ് കഴിഞ്ഞ നേതാക്കൾ പുതിയ തലമുറക്ക് അവസരം നൽകണം. പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
🗞🏵 *രഹസ്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൺസുഹൃത്തിന്റെ മുഖത്ത് ആസിഡൊഴിച്ച് പത്തൊൻന്പതുകാരി.* അലിഗഡിലെ ജീവൻഗഡ് പ്രദേശത്താണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *കോന്നി ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്.* തോൽവിയെക്കുറിച്ച് സ്ഥാനാർഥി പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭാ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന് എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ സൗമിനി ജെയിന് രംഗത്ത്.* കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ട്. അത് മേയറുടെ മാത്രം ഉത്തരവാദിത്തമല്ല. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരായെന്നും സൗമിനി പറഞ്ഞു.
🗞🏵 *പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്.* ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. കഴിവുള്ള നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. “ഇനി കളി തുടങ്ങാൻ പോകുകയാണ്. ഞങ്ങള്‍ അടിക്കാൻ പോകുന്ന ഗോളുകള്‍ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്തില്ലെന്നും’ ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *ഹരിയാനയിൽ ജെജെപിയുടെ പിന്തുണയോടെ ബിജെപിയിലെ മനോഹർ ലാൽ ഖട്ടാർ വീണ്ടും മുഖ്യമന്ത്രിയാകും.* ദീപാവലി ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സത്യപ്രതിജ്ഞ. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും.
🗞🏵 *അച്ഛനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയ മകനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു.* ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി മകൻ കുറ്റസമ്മതം നടത്തിയത്.
🗞🏵 *കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്.* ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്.
🗞🏵 *കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.* കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യൂതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.* വൈകുന്നേരം നാലിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
🗞🏵 *നവംബർ ഒന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽനിന്നു പിൻമാറണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ.* തൃശൂർ ജില്ലാ കളക്ടറുടെ ചേംബറിൽ ബസ് ഉടമ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപണികൾ അടിയന്തിരമായി തുടങ്ങുമെന്നു മന്ത്രി ഉറപ്പും നൽകി.
🗞🏵 *മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിലുറച്ച് ശിവസേന.* ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം പങ്കുവയ്ക്കാമെന്ന ഉറപ്പ് എഴുതി നൽകണമെന്നു ശിവസേന യോഗത്തിൽ ആവശ്യമുയർന്നു.
🗞🏵 *വാളയാർ പെണ്‍കുട്ടികളുടെ മരണത്തിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലൻ.* പോക്സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണു കേസെടുത്തത്. അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു തിഹാർ ജയിലിൽ കഴിയുന്ന ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവ് അജയ് ചൗട്ടാലയ്ക്കു പരോൾ അനുവദിച്ചു.* ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിതാവ് അജയ് ചൗട്ടാലയ്ക്കു പരോൾ ലഭിക്കുന്നത്.
🗞🏵 *കരമന സ്വത്ത് തട്ടിപ്പിൽ വിശദീകരണവുമായി ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർ.* ജയമാധവന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെന്നും രവീന്ദ്രൻ നായർ പറഞ്ഞു. സ്വത്തുക്കൾ ജയമാധവൻ സ്വന്തം ഇഷ്ടപ്രകാരം എഴുതി നൽകിയതാണെന്നും ജയമാധവനെ പരിചരിക്കാൻ ബന്ധുക്കൾ ആരുമുണ്ടായിരുന്നില്ലെന്നും രവീന്ദ്രൻ വെളിപ്പെടുത്തി.
⛲⛲⛲⛲⛲⛲⛲⛲⛲⛲⛲
*ഇന്നത്തെ വചനം*
പുനരുത്ഥാനമില്ലെന്നു പറയുന്ന സദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു:
ഗുരോ, ഒരുവന് സന്താനമില്ലാതെ മരിച്ചാല്‍ അവന്‍െറ സഹോദരന് ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന്മോശ അനുശാസിച്ചിട്ടുണ്ട്.
ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. ഒന്നാമന് വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവന് മരണമടഞ്ഞു.
ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമന്‍വരെയും.
അവസാനം ആ സ്ത്രീയും മരിച്ചു.
അതിനാല്‍, പുനരുത്ഥാനത്തില്‍ അവള് ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? അവര്‍ക്കെല്ലാം അവള് ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്ഗദൂതന്മാരെപ്പോലെയായിരിക്കും.
ഞാന്‍ അബ്രാഹത്തിന്‍െറ ദൈവവും ഇസഹാക്കിന്‍െറ ദൈവവും യാക്കോബിന്‍െറ ദൈവവുമാണ് എന്നു മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്.
ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്‍െറ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.
മത്തായി 22 : 23-33
⛲⛲⛲⛲⛲⛲⛲⛲⛲⛲⛲
*വചന വിചിന്തനം*
ഞായര്‍ പ്രസംഗം ഒക്ടോബര്‍ 27 മത്തായി 22: 23-33 ജീവനുള്ള ദൈവം
ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയില്‍ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. മത്തായിയുടെ സുവിശേഷം 22: 23-33 വരെയുള്ള വാക്യങ്ങളാണ്.
ഇവിടെ പുനരുദ്ധാനമില്ലെന്നു പറയുന്ന സദ്ദുക്കായര്‍, ഈശോയെ സമീപിച്ച് പുനരുത്ഥാനത്തിനു ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ ചോദിക്കുന്നു. യേശുവിന്റെ ഉത്തരം മൂന്ന് ചോദ്യങ്ങളിലൂടെയും മൂന്ന് ഉത്തരങ്ങളിലൂടെയുമായിരുന്നു.
1. എന്തുകൊണ്ട് നീ ഈ ചോദ്യം ചോദിച്ചു?
മോശയുടെ നിയമമല്ല, മോശയുടെ ജീവിതം പഠിച്ചിരുന്നെങ്കില്‍ അവര്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു എന്ന് യേശു പറയുന്നു. പുറപ്പാട് പുസ്തകം 3:6-ല്‍ പറയുന്നു: ‘ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരെ നോക്കാന്‍ അവനു ഭയമായിരുന്നു.’ ഇവിടെ ദൈവഭയം നഷ്ടപ്പെട്ട മനുഷ്യന് ദൈവത്തോട് ചോദ്യം ചോദിക്കുന്നു. ദൈവഭയം നഷ്ടപ്പെടുമ്പോള്‍ സഭയോടു പോലും എതിര്‍ത്തു നില്ക്കുന്ന മനോഭാവത്തിലേയ്ക്ക് സഭാമക്കള്‍ തരംതാഴുന്നു. ഇവിടെ വികൃതമാകുന്നത് ദൈവത്തിന്റെ മുഖമാണ്.
2. നിന്റെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്
അവര്‍ ദൈവദൂതന്മാരെപ്പോലെയാണ്. ദൈവദൂതന്മാര്ക്ക്, ദൈവം ഏല്‍പ്പിച്ച കാര്യം നിര്‍വ്വഹിച്ചതിനു ശേഷം ദൈവസന്നിധിയിലേയ്ക്ക് മടങ്ങുക എന്നതിലൊഴികെ ഒരു കടപ്പാടും ആരോടുമില്ല. തോബിത്ത് 12: 19,20 വാക്യങ്ങളില്‍ നാം കാണുന്നു: ‘ഈ നാളുകളിലെല്ലാം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയത് ഛായാദര്‍ശനമായിരുന്നു. ഞാന്‍ ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ല. നിങ്ങള്‍ കണ്ടത് ഒരു ദര്‍ശനം മാത്രം. ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേയ്ക്ക് മടങ്ങുകയാണ്.’
ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ രോഗപീഡയായിരുന്നു നിപാ വൈറസ് മൂലമുള്ള നിപാ പനി. ഈ പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കിടയില്‍ മാസ്ക്ധാരികളായ ഡോക്ടേഴ്സും നഴ്സുമാരും ഓടിമറയുമ്പോള്‍, അവര്‍ക്കിടയില്‍ മാസ്ക്ധാരിയായ ഒരു നഴ്സ് മാത്രം ഓടിമറയാതെ അവര്‍ക്കിടയിലൂടെ, അവരു ടെ കാര്യങ്ങള്‍ അന്വേഷിച്ച് നടന്നിരുന്നു. ഈ മാലാഖയുടെ പേര് ലിനി എന്നാണ്.
കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ താനും അവരിലൊരാളായി നിപാ വൈറസ് ബാധിതയാകുമെന്ന് ഇവള്‍ക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. എങ്കിലും, അവള് ദൈവദൂതനെപ്പോലെ അവര്‍ക്കിടയിലൂടെ പാറിനടന്നു. അപ്പോള്‍ വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് രോഗബാധിതയായ ലിനിയെ കാണുവാനായി ആശുപത്രിയിലെത്തുമ്പോള്‍ കണ്ണാടിക്കൂടിനുള്ളില്‍ കിടക്കുന്ന ലിനിയുടെ ചുണ്ടുകള്‍ ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും മന്ത്രിച്ചു: ‘അച്ചായനും കുഞ്ഞുങ്ങളും സുഖമായി ജീവിക്കണം. ഞാന്‍ ഇവരോടൊപ്പം യാത്രയാവുകയാണ്.’
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ലോകാരോഗ്യ സംഘടന ഈ നഴ്സ്കുട്ടിയെക്കുറിച്ചു പറഞ്ഞത് ‘Lini is a really human being’ എന്നായിരുന്നു.
ഇപ്പോഴും മരിക്കാത്ത മാലാഖയായി, ദൈവകരങ്ങളിലും ലോകമനസ്സുകളിലും അവള് ജീവിക്കുന്നു. ഈശോ പറഞ്ഞു: ‘മരിച്ചവര്‍ ദൈവദൂതന്മാരെപ്പോലെയാണ്, അവര്‍ക്ക് മരണമില്ല.’
3. ഇനിയൊരിക്കലും ഈ ചോദ്യം നീ ചോദിക്കരുത്.
അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഉത്ഥാനമില്ലാത്തവര്ക്ക് ഉത്ഥിതന്റെ മുമ്പില്‍ എന്തു പ്രസക്തി. അവര്‍ പത്തിയടക്കി പിന്തിരിഞ്ഞു. ഈ കഴിഞ്ഞ നാളുകളില്‍ കേരളസഭയില്‍ സദ്ദുക്കായരുടെ കടന്നാക്രമണം മാധ്യമരൂപത്തില്‍ ആഞ്ഞടിച്ചപ്പോള്‍, എറണാകുളം – കാക്കനാട് വച്ചു നടന്ന സന്യാസ-സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍ ബഹു. റോയി കണ്ണഞ്ചിറ CMI അച്ചന്റെ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു.
2018-ല്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വച്ചു നടന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ ഒളിമ്പിക്സില്‍ അതിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന അച്ചന് കാര്യങ്ങള്‍ പരിശോധിക്കാനായി അതിരാവിലെ സ്റ്റേഡിയത്തിലേയ്ക്ക് വരുമ്പോള്‍, തനിക്ക് എതിരെ വരുന്ന സിസ്റ്റര്‍ തന്നെ കണ്ട് പിന്നോട്ട് ഓടുന്നതാണ് കണ്ടത്. ഓടിപ്പോകുന്ന സിസ്റ്ററിനെ അച്ചന് കൈകൊട്ടി വിളിച്ചു. കേള്‍ക്കാത്ത ഭാവത്തില്‍ സിസ്റ്റര്‍ മുമ്പോട്ടോടുകയാണ്. തന്റെ വിളി കേട്ട് ഒടുവില്‍ സിസ്റ്റര്‍ നിന്നു. അച്ചന് സിസ്റ്ററിനോട് ചോദിച്ചു: ‘എന്താണ് സിസ്റ്റര്‍, ഞാന്‍ വിളിച്ചിട്ടും സിസ്റ്റര്‍ കേള്‍ക്കാത്ത ഭാവത്തില്‍ ഓടിയത്?’ തന്റെ രണ്ടു കരങ്ങളും പുറകോട്ടു പിടിച്ചു നില്ക്കുന്ന സിസ്റ്ററിനോട് അച്ചന് വീണ്ടും ചോദിച്ചു: ‘എന്താണ് കൈയ്യില്‍ മറച്ചുവച്ചിരിക്കുന്നത്?’ അപ്പോള്‍ സിസ്റ്റര്‍ മറുപടി പറഞ്ഞു: ‘അച്ചാ, രണ്ടു കാലുകളുമില്ലാത്ത കുട്ടികളുടെ വീല്‍ചെയറിലുള്ള ഓട്ടമത്സരത്തിനു വേണ്ടി എന്റെ സ്കൂളിലെ കുട്ടിയെ എടുത്ത് വീല്‍ചെയറില്‍ വച്ചപ്പോള്‍ അവന് അറിയാതെ മോഷന്‍ പോയി. അത് എന്റെ തൂവാലയില്‍ പൊതിഞ്ഞ് ടോയ്ലറ്റില് കളയുവാനായിട്ട് പോവുകയായിരുന്നു. അതാണ് അച്ചന് വിളിച്ചപ്പോള്‍ ഞാന്‍ നില്‍ക്കാഞ്ഞത്.’
അച്ചന് തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്; സന്യാസത്തിന്റെ ഈ രഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ താല്പര്യമില്ല. പക്ഷെ, സദ്ദുക്കായ മനോഭാവത്തോടെ ഞങ്ങളെ ക്രൂശിക്കുമ്പോള്‍ ക്രിസ്തു ക്രൂശിക്കപ്പെടുന്നു. അപ്പോള്‍, സന്യാസത്തില്‍ ഉത്ഥാനമുണ്ടെന്നും ഉത്ഥിതനാണ് ഞങ്ങളുടെ ശക്തികേന്ദ്രമെന്നും വെളിപ്പെടുത്തേണ്ടതില്ലേ?
ഏലിയാ സ്ലീവാ മൂശാക്കാലം പറയും; ജീവനുള്ളവനെ നിന്റെ ജീവിതത്തിലൂടെ നീ വെളിപ്പെടുത്തണം, ജീവന് പിരിയുവോളം അത് നീ തുടരണം.
റവ.ഫാ. ജോമി വറവുങ്കല്‍ MCBS
⛲⛲⛲⛲⛲⛲⛲⛲⛲⛲⛲
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*