വത്തിക്കാൻ സിറ്റി: ആമസോൺ മേഖലയിലെ ശുശ്രൂഷയ്ക്കിടെ കൊല്ലപ്പെട്ട മിഷണറിമാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ആമസോൺ സിനഡ് അംഗങ്ങൾ. ഇക്കാര്യത്തിൽ പാപ്പയുടെ ഇടപെടൽ അഭ്യർത്ഥിച്ച് പ്രത്യേക നിവേദനവും സഭാംഗങ്ങൾ പാപ്പയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.

ബ്രസീലിലെ പിന്നാക്കജനതയുടെ അവകാശങ്ങൾ സംരക്ഷിച്ചതിനെപ്രതി രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ മിഷനറി എസക്കിയേൽ റമിനെ സിനഡിൽ പരാമർശിക്കുകയും ചെയ്തു. ‘ദാനധർമത്തിന്റെ രക്തസാക്ഷി’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ച മിഷണറികൂടിയാണ് എസക്കിയേൽ റമിൻ. എസക്കിയേലിനെ വാഴ്ത്തപ്പെട്ടവനായി നിയമിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണിപ്പോൾ.

നിയമസംവിധാനത്തിന് യാതൊരു വിലയും നൽകാത്ത ബ്രസീലിന്റെ 1980 കളിലാണ് അവിടുത്തെ തദ്ദേശീയർക്കും ചെറുകിട വ്യവസായികൾക്കും രക്ഷകനായി എസക്കിയേൽ എത്തിയത്. നിയമപരിരക്ഷ തീരെ ഇല്ലാത്തതിനാലും ക്രമസമാധാനം പാലിക്കാനുള്ള ഭരണകൂടത്തിന്റെ കഴിവ് കുറവായിരുന്നതിനാലും ആമസോണിന്റെ അതിർത്തിയിലുള്ള ഈ രാജ്യത്തെ പ്രാദേശിക സ്ഥലങ്ങളിൽ കോളനിവൽക്കരണം സർക്കാർ പ്രോത്സാഹിപ്പിച്ചു.

അങ്ങനെ ബ്രസിലീലെ റോണ്ടാനിയ മേഖലയിൽ, വലിയ ഭൂവുടമകൾ ശിക്ഷാനടപടികളെ ഭയക്കാതെ ചെറുകിട ഉടമകളെയും തദ്ദേശവാസികളെയും നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മിഷണറിയാണ് എസക്കിയേൽ റമിൻ. കോംബോണിയൻ മിഷനറി സമൂഹാംഗമായിരുന്നു 31-ാം വയസിൽ വീരമൃത്യു വരിച്ച എസക്കിയേൽ.