ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ എത്രകാലം തുടരുമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. കാഷ്മീർ താഴ്വരയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഇപ്പോൾ രണ്ടുമാസത്തിലേറെയായി. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയും മറ്റ് മാർഗങ്ങൾ കണ്ടെത്തുകയും വേണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തോട് പ്രതികരിച്ചത്. നിങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. പക്ഷേ നിങ്ങളുടെ തീരുമാനങ്ങൾ അവലോകനം ചെയ്യണം. അത് ചെയ്തുവോ എന്നും മൂന്നംഗ ബെഞ്ച് ചോദിച്ചു.അതേസമയം, സംസ്ഥാനത്ത് 90 ശതമാനത്തിലധികം നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ടെന്ന് ജമ്മുകാഷ്മീർ ഭരണകൂടത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ ബോധിപ്പിച്ചു. വിഷയത്തിൽ അടുത്ത വാദം നവംബർ അഞ്ചിന് കേൾക്കും. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
ജമ്മു കാഷ്മീര്‍ നിയന്ത്രണം: വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
