വത്തിക്കാന്‍ സിറ്റി: ദൈവീക ദാനമായ ഭൂമി സംരക്ഷിക്കുവാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ ഇന്നു വത്തിക്കാനില്‍ പ്രസിദ്ധീകരിക്കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍പാപ്പ പലപ്പോഴായി നല്കിയിട്ടുള്ള സന്ദേശങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ പുസ്തകം വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസാണ് പുറത്തിറക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന വളരെ ശക്തമായ സ്വാര്‍ത്ഥതയുടെ സംസ്കാരമാണ് ലോകത്തു ഇന്നു കാണുന്നതെന്നും സ്വാര്‍ത്ഥത കൊണ്ട് മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുന്നതിന് ദൈവത്തോടും മാപ്പപേക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്.
ദൈവം ദാനമായി തന്ന ഈ പൊതുഭവനം അതിന്‍റെ മനോഹാരിതയിലും മേന്മയിലും ഭാവി തലമുറയ്ക്കായ് സംരക്ഷിക്കുവാനും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പാവങ്ങളെയും ആശ്ലേഷിക്കുവാനും ഉത്തരവാദിത്വ പൂര്‍ണ്ണതയില്‍ സാധിച്ചേക്കും. ഭൂമിയോടും, സമുദ്രത്തോടും അന്തരീക്ഷത്തോടും പക്ഷിമൃഗാദികളോടും മനുഷ്യര്‍ ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്ത് അനുതപിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും വേണം. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിച്ചിട്ടുള്ള അവഗണയ്ക്കും നാം അവരോട് ക്ഷമയാചിക്കുകയും സമൂഹത്തില്‍ എല്ലാവരേയും ആശ്ലേഷിക്കുകയും വേണമെന്നും പുസ്തകത്തില്‍ മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നതായി ഇറ്റാലിയന്‍ ദിനപത്രം കൊറിഏറെ സേറയില്‍ വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇറ്റാലിയന്‍ ഭാഷയില്‍ ‘Nostra Madre Terra’ എന്ന പേരുള്ള പുസ്തകം “ഭൂമി നമ്മുടെ അമ്മ” എന്ന ശീര്‍ഷകത്തില്‍ മറ്റു ഭാഷാപതിപ്പുകളും ഉടനെ ലഭ്യമാക്കും. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബെര്‍ത്തലോമിയോ ഒന്നാമനാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്.