കോഴിക്കോട്: കൂടത്തായികൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവും അധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്യുന്നു. ഷാജുവിന്റെ മകന്, മുഖ്യപ്രതി ജോളി, ചില അയല്‍വാസികള്‍ എന്നിവരില്‍നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
വടകര തീരദേശ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാല്‍ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കൃത്യമായ തെളിവുകള്‍ ലഭിക്കാതെ തിടുക്കത്തില്‍ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്റെ ഭാവിയെ ദുര്‍ബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂര്‍വമുള്ള പോലീസിന്റെ നീക്കം. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. “കൂട്ടിലെ തത്തകള്‍ ‘ആയതിനാല്‍ ഇവരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്.
ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ ഇന്ന് വിളിച്ചുവരുത്തിയിരിക്കുന്നത്. സിലി വധക്കേസുമായി ബന്ധപ്പെട്ട് ജോളിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഷാജുവിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി. തുടര്‍ന്നാണ് ഷാജുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനുമാണ് അന്വേഷണസംഘം തീരുമാനിച്ചത്. നേരത്തെ മൂന്ന് തവണ എസ്പി ഓഫീസില്‍വച്ചും അര ഡസനിലധികം തവണ വീട്ടില്‍വച്ചും ഷാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്ന ഉത്തരമേഖലാ ഐജിയുടെ നിര്‍ദേശപ്രകാരം ഷാജുവിനെ വിട്ടയയ്ക്കുകയായിരുന്നു.
സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുള്ളതായി സിലിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ് രേഖപ്പെടുത്താതെ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ലഭിച്ച ശേഷം നടപടി സ്വീകരിക്കാനായിരുന്നു അന്വേഷണസംഘം തീരുമാനിച്ചത്. സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്.