ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം. ഹവാല ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.രാജ്യം വിട്ടുപോകാൻ പാടില്ല, 25 ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം എന്നിവയാണ് ഉപാധികളായി കോടതി നിശ്ചയിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സെപ്റ്റംബറിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ശിവകുമാർ.കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയപ്പോൾ നികുതി നൽകിയില്ലെന്നാണ് ആരോപണം. ശിവകുമാറിന്റെ മകൾ ഐശ്വര്യയേയും കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.ബുധനാഴ്ച രാവിലെ ശിവകുമാറിനെ തിഹാർ ജയിലിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന നേതാവ് അംബിക സോണിയും കണ്ടിരുന്നു. ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷും ഇവർക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ ഉറപ്പ് നൽകിയതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഡികെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നമ്മള് അവരോട് പൊരുതണം, ഇതില്‍ നിന്നെല്ലാം പുറത്തുവരണം സോണിയ ഡികെയോട് പറഞ്ഞതായി സുരേഷ് മാധ്യമങ്ങളെ അറിയിച്ചു.
ഹവാല ഇടപാട്; ഡി കെ ശിവകുമാറിന് ജാമ്യം….
