തിരുവനന്തപുരം:ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയെക്കുറിച്ച് പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ.പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.’ ഡിജിപി പറഞ്ഞു. പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി മഞ്ജു വാര്യർക്ക് ഉറപ്പ് നൽകിയിരുന്നു.പരാതി പരിശോധിക്കാൻ ഡിജിപി തന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസ് ഡിജിപിയുടെ മേൽനോട്ടത്തിൽ പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് ആണ് അന്വേഷിക്കുന്നത്. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതിയായതിനാൽ മാധ്യമ ശ്രദ്ധ കൂടുതൽ ലഭിക്കുമെന്നതിനാൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.
ഇതിന് മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ശ്രീകുമാർ മേനോന്റെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. അതിനു ശേഷം പരാതിയിൽ മഞ്ജു പരാമർശിക്കുന്ന ശ്രീകുമാർ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും അന്വേഷണത്തിന്റെ ഘടന തീരുമാനിക്കുക.