തിരുവനന്തപുരം: മുന്‍ എംപി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനാണ് മഅബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയത്. മോദിയെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ച്‌, അദ്ദേഹത്തിന്റെ ക്ഷേമപദ്ധതികളാണ് വിജയത്തിനു കാരണമെന്ന് പറഞ്ഞതിനായിരുന്നു നടപടി.
ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാവുകയുമായിരുന്നു