ദാരിദ്ര്യനിർമാർജനത്തിനായുള്ള ഗവേഷണ സംഭാവനകൾ നൽകിയ ഭാരതവംശജനായ അഭിജിത് ബാനർജി, ഭാര്യ എസ്തർ ഡുഫ്ളോ, ഹാർവാഡ് പ്രഫസർ മൈക്കൽ ക്രെമർ എന്നിവർക്ക് ഈ വർഷത്തെ സാന്പത്തിക ശാസ്ത്രത്തിനായുള്ള നൊബേൽ പുരസ്കാരം നൽകപ്പെട്ടപ്പോൾ ദാരിദ്ര്യനിർമാർജനത്തിനായുള്ള ലോകമനഃസാക്ഷിയുടെ സ്വരമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്ര- സാങ്കേതിക മേഖലയിൽ വലിയ നേട്ടങ്ങൾ ആർജിക്കുകയും ലോകകന്പോള വ്യവസ്ഥിതി കരുത്താർജിക്കുകയും ചെയ്യുന്പോഴും കോടിക്കണക്കിന് ജനങ്ങൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമൊക്കെയായി ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്നുവെന്നത് ഇനിയും കാണാതിരിക്കാനാവില്ലെന്ന സന്ദേശമാണു ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിയിറങ്ങിയ ഈ സാന്പത്തികശാസ്ത്ര ത്രിമൂർത്തികളെ അംഗീകരിക്കുകവഴി ലോകം ചെയ്തത്.
ദാരിദ്ര്യനിർമാർജനം ഏറ്റവും അടിയന്തരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണെന്നുള്ള നൊബേൽ സമിതിയുടെ വിലയിരുത്തൽ ലോകമനഃസാക്ഷിയുടെ തന്നെ ശബ്ദമാണ്. ശബ്ദമില്ലാത്ത ഒരു വലിയ ജനസഞ്ചയത്തിന്റെ നിലവിളി കേൾക്കപ്പെടണമെന്നത് തീർച്ചയായും സാമൂഹിക നീതിയുടെ ഉൾവിളി കൂടിയാണ്.
വികസനമെന്നത് സമൂഹത്തിന്റെ മുകൾത്തട്ടിൽ സംഭവിക്കുന്ന ഉപരിപ്ലവമായ ഏതാനും മാറ്റങ്ങളല്ല പ്രത്യുത ഏറ്റവും പരാധീനത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിൽ എത്രമാത്രം ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നുവെന്നു വിലയിരുത്തപ്പെടുകയാണ്. പദ്ധതികൾ എത്ര എന്നുള്ളതല്ല അവ പ്രശ്നപരിഹാരത്തിന് എത്രത്തോളം ഫലദായകമായി എന്നു തെളിയിക്കപ്പെടണമെന്നും അഭിജിത് ബാനർജിയുടെയും സംഘത്തിന്റെയും ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഗവേഷണ മേഖലയിൽ പുതിയ ഒരു വസന്തം തന്നെ വിരിയിക്കുകയാണ് ഈ സാന്പത്തിക വിദഗ്ധർ.
ഗവേഷണങ്ങൾ പരീക്ഷണശാലയിൽ അവസാനിക്കാതെ മനുഷ്യജീവിതത്തിന്റെ യഥാർഥ സാഹചര്യങ്ങളിലെത്തി വ്യക്തമായ ഗവേഷണഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു പര്യാപ്തമായി ആവിഷ്കരിക്കുന്നതിൽ ഇവർ വിജയിച്ചു. സാന്പത്തിക ശാസ്ത്രത്തെ മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് അനുദിന ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ ഇവരുടെ ഗവേഷണഫലങ്ങൾ കാരണമായി. ചുരുക്കത്തിൽ സാന്പത്തിക ശാസ്ത്രം ജീവിതഗന്ധിയായി. ദാരിദ്ര്യമേഖലകളുടെയും അവികസിത രാജ്യങ്ങളുടെയും വികസനം ലക്ഷ്യമിടുന്ന സാന്പത്തികശാസ്ത്രപഠന ശാഖയായ വികസന സാന്പത്തികശാസ്ത്രത്തെ (Development Economics) പൂർണമായും പുനർനിർവചിച്ചു എന്നതാണ് നൊബേൽ സമിതി പ്രത്യേകം ശ്രദ്ധിച്ചത്. ഇവരുടെ പരീക്ഷണാധിഷ്ഠിത ഉദ്യമം വികസന സാന്പത്തികശാസ്ത്രത്തെ പുതിയ ചക്രവാളങ്ങളിലെത്തിച്ചു.
ലക്ഷ്യം മുറുകെപ്പിടിച്ച്
ഇവരുടെ പഠനങ്ങൾ ദാരിദ്ര്യത്തിനെതിരായി പോരാടാനുള്ള മനുഷ്യന്റെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേൽ സമിതി വിലയിരുത്തുന്നു. ദരിദ്രരുടെ പ്രശ്നങ്ങളിലേയ്ക്കു കടന്നുചെന്ന് അവയുടെ കാരണം കണ്ടെത്തി ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇവർ വിജയം കണ്ടെത്തി. സാന്പത്തിക തത്വങ്ങൾ ദാരിദ്ര്യത്തിന്റെ വേദനകൾ ലഘൂകരിക്കുന്നതിന് കാരണമാകണമെന്ന ലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള ഗവേഷണപഠനങ്ങളാണ് ഇവർ നടത്തിയത്. ദാരിദ്ര്യനിർമാർജനത്തിന് ഇവർ ഒരു പരീക്ഷണാത്മക സമീപനം രൂപപ്പെടുത്തി. ദാരിദ്ര്യനിർമാർജനത്തിന് മാജിക് ബുള്ളറ്റുകളൊന്നുമില്ലെന്നും എന്നാൽ കൂട്ടായ യത്നത്തിലൂടെ ഭരണ – ഉദ്യോഗസ്ഥ – സംരംഭക – ഗവേഷക – ആരോഗ്യ – വിദ്യാഭ്യാസ – രാഷ്ട്രീയ മേഖലകളുടെ പങ്കാളിത്തത്തോടെ ദാരിദ്ര്യത്തെ ഒരു പരിധി വരെ ലഘൂകരിക്കാമെന്നും ഇവർ സമർഥിക്കുന്നു.
ഉദാഹരണത്തിന് ദാരിദ്ര്യനിർമാർജനത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാൻ എന്താണു മാർഗം എന്നു പഠിച്ച് വേണ്ടകാര്യങ്ങൾ ചെയ്യണം. കെനിയയിലെ പഠനം തെളിയിക്കുന്നതു കുട്ടികൾക്കു വിരശല്യത്തിനുള്ള മരുന്നുകൾ സ്കൂളുകളിലൂടെ വിതരണം ചെയ്യുന്നതുവഴി സ്കൂളുകളിലേക്കു കുട്ടികളെ ആകർഷിക്കാമെന്നാണ്. കുട്ടികൾക്കു സൗജന്യ പുസ്തക വിതരണത്തേക്കാളും ഉച്ചഭക്ഷണവിതരണത്തേക്കാളും വിജയകരമായത് കെനിയയിൽ വിരശല്യത്തിനുള്ള മരുന്നു നൽകിയതാണ്. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ടത് എന്നും വിരമരുന്ന് നൽകി കുട്ടികളെ സ്കൂളിലേയ്ക്ക് ആകർഷിക്കാനാവില്ല എന്നതാണ്.
തുടക്കത്തിൽ ഈ മാർഗങ്ങൾ അവലംബിച്ച് പഠനം ആവശ്യമെന്ന ബോധ്യത്തിലേക്കു സമൂഹത്തെ വളർത്തണം. മാത്രമല്ല ആരോഗ്യമേഖലയിലുള്ളവർ കെനിയയിലെ കുട്ടികൾക്ക് എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിരശല്യം ഉണ്ടാകുന്നുവെന്ന് പഠിച്ച് ആ സാഹചര്യം മാറ്റിയെടുക്കേണ്ടതും ആവശ്യമാണ്. ഇപ്രകാരം ദാരിദ്ര്യനിർമാർജനമെന്നത് വിവിധ മേഖലകളുടെ സംഘാത്മകമായ ഒരു ശൃംഖലയിൽ വരുന്ന വിഷയമാണെന്നും ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഇവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. കെനിയയിൽ കുട്ടികളെ ആകർഷിക്കാൻ ഉപയോഗിച്ച മാർഗം മറ്റൊരു രാജ്യത്ത് അതേപടി നടപ്പാക്കാൻ ശ്രമിക്കുന്നത് പരാജയപ്പെടാനും കാരണമാകും. കാരണം ഓരോ പ്രദേശത്തും സാഹചര്യങ്ങളും കാരണങ്ങളും വ്യത്യസ്തമാണ്.
സൂക്ഷ്മതല മാർഗം
അതുകൊണ്ട് ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ കൂട്ടത്തിന്റെയും ദാരിദ്ര്യത്തിന്റെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുന്നതിനാവശ്യമായ സൂക്ഷ്മതല മാർഗമാണ് ഇവർ പരീക്ഷിച്ചത്. സാന്പത്തിക ശാസ്ത്രഭാഷയിൽ “മൈക്രോ അനാലിസിസ്”നാണ് ഇവർ പ്രാധാന്യം കല്പിക്കുന്നത്. സാന്പത്തിക ശാസ്ത്രതത്വങ്ങൾ സാധാരണ വികസിപ്പിക്കുന്നതു നിശ്ചിതമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് . എന്നാൽ, അഭിജിത്ത് ബാനർജിയും കൂട്ടരും അനുമാനങ്ങളിൽ ആശ്രയിച്ചല്ല പകരം ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നു നേരിട്ടു ശേഖരിച്ച ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തത്.
ദരിദ്രരുടെ കണ്ണീരൊപ്പുന്നതും അവരുടെ പട്ടിണിക്കും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതുമാണ് സാന്പത്തിക വളർച്ച എന്ന മനുഷ്യത്വപരമായ സമീപനത്തിനാണ് അഭിജിത്ത് ബാനർജിയും സംഘവും ഉൗന്നൽ നൽകുന്നത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി പ്രയോജനം എങ്ങനെ നേടിയെടുക്കാം എന്ന ഇവരുടെ ഗവേഷണങ്ങൾ അവികസിത രാജ്യങ്ങളുടെ സാന്പത്തിക നയരൂപീകരണത്തിന് ഏറെ സഹായകമാണ്. ഇവിടെ ഇവർ നടത്തിയ മറ്റൊരു പരീക്ഷണവും ശ്രദ്ധേയമായി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ എന്തു മാർഗമാണ് കൂടുതൽ അഭികാമ്യമെന്ന് പരീക്ഷണ- പഠനത്തിലൂടെ ഇവർ തെളിയിച്ചു.
മൂന്നു മാർഗങ്ങൾ ഇതിനായി നിർദേശിക്കപ്പെട്ടു. 1. കുട്ടികൾക്കു സൗജന്യമായി പുസ്തകങ്ങൾ നൽകി നിലവാരം ഉയർത്തുക. 2. സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം ക്രമീകരിച്ച് അവരെ സ്കൂളുകളിലേക്ക് ആകർഷിക്കുക. 3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു സ്കൂളുകളിൽ തന്നെ റെമഡിയൽ പരിശീലനം നൽകുക. ഈ മൂന്നു പരീക്ഷണങ്ങളിൽ കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതു പഠന വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക പരിശീലനം തന്നെയാണ്.
ഇന്ത്യയിൽ അന്പതുലക്ഷത്തോളം കുട്ടികൾക്ക് ഇപ്രകാരമുള്ള പരിശീലനത്തിലൂടെ മികവ് നേടാൻ ഇടയായത് നൊബേൽ പുരസ്കാരസമിതിയുടെ വിലയിരുത്തലിനു പാത്രമായ കാര്യമാണ്. അതുപോലെതന്നെ നമ്മുടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് സൗജന്യമാണെങ്കിലും ഈ ക്യാന്പുകളിലേക്ക് കുട്ടികളുമായി എത്താൻ അമ്മമാർ മടിക്കുന്നു. ഇതിനു പരിഹാരമായി കുട്ടികൾക്കുള്ള പോഷണ ധാന്യങ്ങൾ കൂടി ഈ കുത്തിവയ്പ് കേന്ദ്രങ്ങളിൽ നൽകുന്നത് വിജയകരമായി എന്ന് ഇവരുടെ ഫീൽഡ് പഠനങ്ങൾ തെളിയിക്കുന്നു.
മുന്നേറ്റമായി മാറണം
സാന്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മുൻനിർത്തി ദാരിദ്ര്യനിർമാർജനം ഒരു മുന്നേറ്റമായി ലോകമെങ്ങും കണക്കിലെടുത്ത് ഈ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ നിന്നു പട്ടിണി മരണം, കുട്ടികളുടെ പോഷകാഹാരക്കുറവ്, നിരക്ഷരത, ശിശുമരണം, പകർച്ചവ്യാധിരോഗങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ശ്രമിക്കാം. ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെയും മറ്റും സംഭാവനകൾ ഈ ദിശയിൽ ശരിയായി മുന്നേറാൻ വ്യക്തമായ ദർശനം നമുക്ക് നൽകുന്നു.
ദാരിദ്ര്യനിർമാർജനത്തിന് കത്തോലിക്കാസഭയുടെ സാമൂഹിക സാന്പത്തിക പ്രബോധനങ്ങൾ എല്ലാക്കാലത്തും ഉൗന്നൽ നൽകിയിട്ടുണ്ട്. പീയൂസ് പതിനൊന്നാമൻ മാർപാപ്പ “നാൽപതാം വർഷം” എന്ന ചാക്രിക ലേഖനത്തിന്റെ ഒരു ഭാഗത്ത് ഇപ്രകാരം പ്രസ്താവിക്കുന്നു: “സാന്പത്തികശാസ്ത്രവും ധാർമികശാസ്ത്രവും സ്വകീയ മണ്ഡലങ്ങളിൽ തനതായ തത്ത്വങ്ങളനുസരിച്ച് നയിക്കപ്പെടുന്നു. എന്നാലും സാന്പത്തികക്രമവും ധാർമികക്രമവും പരസ്പരം ഒന്നിച്ച് മുന്നോട്ടു പോകുന്പോഴാണ് നീതിപൂർവകമായ ഒരു സമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്താനാവുന്നത്. അതുകൊണ്ട് ഇവ രണ്ടും അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. സാന്പത്തികതയുടെ ലക്ഷ്യം സാന്പത്തികതയിൽ തന്നെയല്ല അടങ്ങിയിരിക്കുന്നത്. പിന്നെയോ അതു മനുഷ്യവംശത്തിനും സമൂഹത്തിനും വേണ്ടി നൽകപ്പെട്ടിരിക്കുന്നു”.
ദാരിദ്ര്യനിർമാർജനത്തിനു സാന്പത്തിക – ധാർമിക തത്വങ്ങളുടെ ഗുണപരമായ സംയോജനം ഉപയോഗപ്പെടുത്തി വിശാലമായ കാഴ്ചപ്പാടിൽ പരിഹരിക്കുന്നതിനുള്ള സഭയുടെ പ്രബോധനങ്ങൾക്കു പ്രധാന്യം കൈവരുക കൂടിയാണ് ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന നൊബേൽ പുരസ്കാരത്തിലൂടെ. ദൈവത്തിൽനിന്നു സ്വീകരിക്കുന്നവയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നതെല്ലാം എന്ന ബോധ്യത്തിൽ സാഹോദര്യത്തിലേക്കു ഹൃദയം തുറക്കണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം ഇവിടെ കൂടുതൽ അർഥപൂർണമാകുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ