ഹെബ്രാ 2:10 – 18
മത്താ 24: 3 – 14
പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത മിശിഹാ യാൽ സ്ഥാപിതമായ സഭയും ഏക്കാലത്തും പീഡനങ്ങളിലൂടെ തന്നെ കടന്നു പോയ്കൊണ്ടിരിക്കുന്നു. പീഡനകളെ സ്നേഹത്തോട് പുൽകിയ രക്തസാക്ഷികളുടെ ചുടുനിണത്തിലാണ് സഭാതരു വളർന്നു നിൽക്കുന്നത്. പീഡനങ്ങളാണു് സഭയുടെ പ്രേഷിത ദൗത്യത്തെ ത്വരിതപ്പെടുത്തുന്ന ഘടകമെന്നു് പ.പിതാവ് ഓർമ്മിപ്പിക്കുന്നു. ഇന്നും അനേകർക്ക് മിശിഹാനുയായികളായതിനാൽ പീഡനവും മരണവും ഏറ്റു വാങ്ങേണ്ടി വരുന്നു. പ്രിയമുള്ളവരെ, മിശിഹായുടെ വചനത്തിന് സാക്ഷ്യമേകാൻ അല്പമെങ്കിലും വേദന ഞാൻ ഏറ്റെടുക്കുന്നുണ്ടോ? വേദനകൾ ഒഴിവാക്കുവാൻ, ഭൗതിക സുരക്ഷിതത്വം വർദ്ധിപ്പിക്കുവാൻ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ആൾ ദൈവങ്ങളുടെയും പിന്നാലെ പായുവാൻ തത്രപ്പെടുന്നവർ മറക്കുന്ന ഒരു കാര്യമുണ്ട്. ഒരു ക്രൈസ്തവൻ എന്ന നിലയിൽ ഞാൻ ആരെയാണോ അനുകരിക്കുന്നത് ആ മിശിഹാ വേദനകളുടെയും സഹനങ്ങളുടെയും ഇടയിൽ നിന്ന് ഒളിച്ചോടിയവനല്ല, മറിച്ച് അവയെ സ്നേഹപൂർവ്വം പുൽകി മഹത്വത്തിലേക്ക് പ്രവേശിച്ചവനാണ്. അതുകൊണ്ട് പ്രിയമുള്ളവരെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വേദനകളും പ്രതിസന്ധികളും ജോബിനെപ്പോലെ സഹിക്കുവാനും അതുവഴി പരിപൂർണ രാകുവാനുമുള്ള അവസരങ്ങളായി നമ്മുക്ക് മാറ്റാം. സഹന വഴിയിൽ പുത്രനോടൊപ്പം സഞ്ചരിച്ച പ.അമ്മ സന്തത സഹചാരിയായി നമ്മോടൊപ്പം ഉണ്ട്. അമ്മയുടെ സ്നേഹ സാന്നിദ്ധ്യം അവസാനം വരെ ക്ഷമയോട് സഹിക്കുവാൻ നമ്മെ ശക്തിപ്പെടുത്തട്ടെ. ആമ്മേൻ…
Sr. Grace Illampallil SABS