‘
ഹെബ്ര 12:1-11
ലൂക്കാ 9:18-20
ആദിമ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ പ്രഖ്യാപനം ഇപ്രകാരമായിരുന്നുവെന്ന് മിശിഹാ ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു: ‘ഈശോ മിശിഹായാകുന്നു.’ മിശിഹാ എന്നാൽ ദൈവത്തിന്റെ അഭിഷിക്തൻ. ദൈവത്തിന്റെ അഭിഷിക്തനായ ഈശോ എനിക്ക് ആരാണ്? അവൻ ആരെന്നാണു് എനിക്ക് ലോകത്തോട് പറയുവാനുള്ളത്. സഭയുടെ തലവനായ പത്രോസ് സഭയുടെ വിശ്വാസം, അനുഭവം ഇവിടെ പ്രഖ്യാപിക്കുകയാണ്. ‘ഈശോ ദൈവത്തിന്റെ മിശിഹാ.’ സഭയുടെ ഈ വിശ്വാസാനുഭവം തന്നെയാണ് എനിക്കും ലോകത്തോട് പറയുവാനുള്ളത് ‘ഈശോ മിശിഹായാകുന്നു.’ നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ ഈശോ നമുക്കുള്ളതുകൊണ്ട് നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കികളയാം. തനിക്ക് വേണ്ടി ജീവിക്കാതെ എനിക്കു വേണ്ടി ജീവിച്ച ഒരു മിശിഹാ നമുക്കുണ്ട്. കുരിശ് ക്ഷമയോട് സഹിച്ച് ദൈവ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവരോധിക്കപ്പെട്ടിരിക്കുന്ന ഒരു മിശിഹാ നമുക്കുണ്ട്. അവൻ എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതിനാൽ പ്രിയമുള്ളവരെ നമ്മുടെ പ്രത്യാശ കൈവിടാതിരിക്കാം. നമുക്കൊരു അഭിഷിക്തനുണ്ട്. അവൻ നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. അതിനാൽ നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിലും ജീവിക്കുന്നതിലും നമ്മുക്ക് സന്തോഷം കണ്ടെത്താം. പ.അമ്മ അതിനു നമ്മെ സഹായിക്കട്ടെ. ആമ്മേൻ…