ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. പാപ്പായുടെ സന്ദേശം :

1. അനുഗ്രഹം തേടി ഇറ്റാലിയന്‍ ടീം
ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് ഗബ്രിയേലെ ഗ്രവീന സംഘത്തെ നയിച്ചു. പരിശീലകന്‍ റൊബേര്‍ത്തോ മന്‍സീനി പാപ്പാ ഫ്രാന്‍സിസിനു കളിക്കാരെ പരിചയപ്പെടുത്തി. 2020 ദേശീയ കളികള്‍ക്കുള്ള ജേര്‍സി “ബര്‍ഗോളിയോ 10” പാപ്പായ്ക്കു സമ്മാനിച്ചു. റോമാനഗരത്തില്‍ നടക്കുന്ന പരിശീലനത്തിനും യൂറോ 2020-ലേയ്ക്കുള്ള തിരഞ്ഞെടുപ്പു മത്സരങ്ങള്‍ക്കും ഇടയിലാണ് ഇറ്റാലിയന്‍ ടീം ഓക്ടോബര്‍ 13, ഞായറാഴ്ച രാവിലെ പാപ്പായെ കാണാന്‍ എത്തിയത്.

2. കുട്ടിക്കാല സ്മരണകളിലൂടെ
കളിയില്‍ ഏറെ ലാളിത്യവും ആര്‍ദ്രമായ സ്നേഹവുമുണ്ടെന്ന് ആമുഖമായി പ്രസ്താവിച്ച പാപ്പാ, തന്‍റെ കുട്ടിക്കാലം അനുസ്മരിച്ചു. അര്‍ജന്‍റീനയിലെ വീടിനടുത്ത് ഒരു തുറസ്സായ പ്രദേശത്ത് കൂട്ടുകാര്‍ക്കൊപ്പം തുണിപ്പന്തുകൊണ്ടു ഫുട്ബോള്‍ കളിച്ചത് അനുസ്മരിച്ചു. അക്കാലത്ത് “ലെതര്‍ ബോള്‍” (Leather Ball) വാങ്ങുക അസാദ്ധ്യമായിരുന്നു. പ്ലാസ്റ്റിക്ക് ബോളും ഫൈബര്‍ ബോളും അന്നു ലഭ്യമായിരുന്നുമില്ല. തുണിപ്പന്തുകൊണ്ടാണു കളിക്കുന്നതെങ്കിലും കുട്ടികള്‍ കളിക്കിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ കായിക സാമര്‍ത്ഥ്യം പ്രകടമാക്കുകയും ചെയ്തിരുന്നു. കളിയിലെ ആര്‍ദ്രമായ സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും അനുഭവമാണ് ആ ലളിതമായ തുണിപ്പന്തില്‍ ലഭിച്ചിരുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഓര്‍മ്മിച്ചു.

3. ഒരു പഴയ ചലച്ചിത്രം – “തുണിപ്പന്ത്”
അടുത്തയിടെ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക് സന്ദര്‍ശിക്കവെ തുണിപ്പന്തു കളിക്കുന്ന പാവപ്പെട്ട കുട്ടികളെ കണ്ടതും, അവര്‍ ഓടിവന്ന് തുണിപ്പന്തു തനിക്കു സമ്മാനിച്ചതുമെല്ലാം കളിക്കാരും പരിശീലകരും ഉദ്യോഗസ്ഥരുമായി 40 പേരടങ്ങിയ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷനോട് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു. 40-പതുകളില്‍ അര്‍ജന്‍റീനയില്‍ കണ്ട സ്പാനിഷ് “ബ്ലാക്ക് ആന്‍റ് വൈറ്റ്” ചിത്രം… Pelota de trapo, The Ball of Rags “തുണിപ്പന്ത്” ഫുട്ബോള്‍ കളിയുടെ കരുത്തും കഴിവും, ആര്‍ദ്രമായ ലാളിത്യവും പ്രകടമാക്കുന്ന സിനിമയായിരുന്നു. സാധിക്കുമെങ്കില്‍ ആ സിനിമ കാണണമെന്നും ഇറ്റാലിയന്‍ കളിക്കാരോട് പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു.

4. രോഗികളായ കുട്ടികളെ സന്ദര്‍ശിച്ച കളിക്കാര്‍
തന്നെ കാണുന്നതിനുമുന്‍പ് ഇറ്റാലിയന്‍ ടീം വത്തിക്കാനു തൊട്ടടുത്തുള്ള ഉണ്ണീശോയുടെ നാമത്തിലുള്ള കുട്ടികളുടെ ആശുപത്രി (Gesu Bambino Children’s Hospital & Research Institute) സന്ദര്‍ശിച്ചതും, അവിടെയുള്ള പാവപ്പെട്ട രോഗികളായ കുട്ടികളെ ടീം അംഗങ്ങള്‍ സഹായിച്ച വിവരവും അറിഞ്ഞതായി പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു. വത്തിക്കാന്‍റെ ആശുപത്രി സന്ദര്‍ശിച്ചപ്പോഴെല്ലാം തന്നെ സ്പര്‍ശിച്ചത്, കയറിച്ചെല്ലുമ്പോള്‍ ഇടതുവശത്തു കാണുന്ന വലിയ എണ്ണച്ഛായ ചിത്രമാണ്. സൃഷ്ടിയുടെ നിറക്കൂട്ടില്‍ ദൈവത്തിന്‍റെ വലിയ കരങ്ങള്‍ ഒരു കുഞ്ഞിനു ജീവന്‍ നല്കുന്നതായും കലാകാരന്‍ വരച്ചു ചേര്‍ത്തിരിക്കുന്നു. ലോകത്തു പിറന്നുവീഴുന്ന ഓരോ കുഞ്ഞും ദൈവത്തിന്‍റെ സൃഷ്ടിയാണെന്ന് കലാകാരന്‍ എടുത്തുപറയുന്നു.

5. കുട്ടികള്‍ക്കു കളിക്കാര്‍ പകര്‍ന്ന സാന്ത്വനം
ചിലപ്പോള്‍ സൃഷ്ടി പൂര്‍ണ്ണമല്ല! എത്രയോ കുഞ്ഞുങ്ങളാണ് രോഗികളും വൈകല്യമുള്ളവരുമായി ജനിക്കുന്നത്. കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ലേശങ്ങള്‍ അറിയാവുന്നവരാണ് നാമെല്ലാവരും, പാപ്പാ പറഞ്ഞു. ദൈവത്തിന്‍റെ പരിപാലനയുടെ കരങ്ങള്‍ എല്ലാവരെയും താങ്ങുകയും നയിക്കുകയുംചെയ്യുന്നു. രോഗാവസ്ഥയിലും കുഞ്ഞുങ്ങളില്‍ കാണുന്നത് ഓമനത്വവും വാത്സല്യവും ആര്‍ദ്രമായ സ്നേഹവുമാണ്. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞങ്ങളെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുകയും അവര്‍ക്ക് വര്‍ണ്ണബലൂണുകള്‍ സമ്മാനിക്കുകയും ചെയ്ത കളിക്കാര്‍ പ്രകടമാക്കിയത് കരുണയും, സ്നേഹവും, വാത്സല്യവുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. കുട്ടികളുടെ രക്തപരിശോധനയ്ക്കുള്ള ഉയര്‍ന്ന സാങ്കേതികതയുള്ള യന്ത്രവും ടീം ആശുപത്രിക്കു സമ്മാനിച്ചത് പാപ്പാ സന്ദേശത്തിനിടെ നന്ദിയോടെ സൂചിപ്പിച്ചു.

6. ലാളിത്യമാര്‍ന്ന സ്നേഹത്തിന്‍റെ മൂല്യം നയിക്കട്ടെ!
കുട്ടികള്‍ക്കു പ്രിയങ്കരമായ തുണിപ്പന്തിന്‍റെയും ബലൂണിന്‍റെയും പിന്നിലെ ലാളിത്യമാര്‍ന്ന സ്നേഹവും മനുഷ്യത്വവും എന്നും അവരുടെ ജീവിതത്തില്‍ നിറഞ്ഞു നില്ക്കട്ടെയെന്ന് ആശംസിച്ചു. ജീവിതത്തിലെന്നപോലെ കളിയിലും കളിക്കളത്തിലും സ്നേഹം, ആനന്ദം, പരസ്പര ആദരവ് എന്നീ മൂല്യങ്ങള്‍ നയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.