വത്തിക്കാൻ സിറ്റി: ഉഗാണ്ടയ്ക്കുവേണ്ടി ലേലപ്പുരയിലേക്ക് ഓടാനൊരുങ്ങി പാപ്പയുടെ സ്വന്തം ഹാർലി! ഇക്കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഹാർലി ഡേവിഡ്‌സൺ ബൈക്കാണ് ലേലം ചെയ്യാൻ പോകുന്നത്. ലേലത്തുന്ന തുക ഉപയോഗിച്ച് അനാഥരും പാവപ്പെട്ടവരുമായ കുട്ടികൾക്ക് അഭയം നൽകാൻ ഉഗാണ്ടയിൽ ഒരു ഓർഫനേജും സ്‌കൂളും നിർമിക്കാനാണ് തീരുമാനം.
ഓസ്ട്രിയയിലെ ‘ജീസസ് ബൈക്കേഴ്‌സ്’ സംഘത്തിന്റെ സ്ഥാപകൻ ഡോ. തോമസ് ഡ്രാക്സ്ലറാണ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾക്ക് (മിസ്സിയോ) പണം സ്വരൂപിക്കാൻ ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നത്. ‘ബോൺഹാംസ് ഓട്ടം സ്റ്റാഫോർടിൽ’ ഈ മാസം വിൽപ്പനക്കുവെക്കുന്ന ഹാർലിക്ക് 55,000 മുതൽ 110,000 ഡോളർ വരെ വില ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
മുൾകിരീടത്തിന്റെ പകർപ്പും സ്വർണം പൂശിയ കുരിശുമാണ് ഈ ബൈക്കിന്റെ സവിശേഷത. ജൂലൈയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിലാണ് ഏറ്റവും പുതിയ മോഡലായ പിയർസെന്റ് വൈറ്റ് ഹാർലി, ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. ബവേറിയൻ ആസ്ഥാനമായ ഹാർലി ഡേവിഡ്‌സൺ ഡീലർ വോർസ്ബർഗ് വില്ലേജാണ് ‘ജീസസ് ബൈക്കേഴ്‌സു’മായി ചേർന്ന് പാപ്പയ്ക്കുവേണ്ടി ഈ ബൈക്ക് രൂപകൽപ്പന ചെയ്തത്.