ഫാ.ജയിംസ് കൊക്കാവയലിൽ

യൗവ്വനം ഒരു വനം ആണെന്ന് പറയാറുണ്ട്. വനത്തിലൂടെയുള്ള യാത്ര തികച്ചും ദുർഘടമാണ്. വഴി തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടങ്ങളും ധാരാളമാണ്. വഴിതെറ്റുന്നവരുടെയും അപകടങ്ങളിൽ ചാടുന്നവരുടെയും എണ്ണം ഇന്ന് മുൻകാലങ്ങളെക്കാൾ വളരെയധികം കൂടിയിരിക്കുകയാണ്. വിവാഹ രജിസ്ട്രേഷൻ ഇപ്പോൾ സർക്കാർ ഓൺലൈൻ ആക്കിയിരിക്കുകയാണ് വെറുതെ ഇതിന്റെ സൈറ്റിൽ കയറി ഒന്ന് നോക്കി. ചങ്കു തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കോട്ടയം ജില്ലയിൽ തന്നെ നിലവിൽ ഇതര മതസ്ഥരുമായി വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത് 30 ക്രിസ്ത്യൻ പെൺകുട്ടികളാണ്. അതിൽ കൂടുതലും 18 മുതൽ 22 വയസ്സുവരെ പ്രായമുള്ളവരാണ്. കേരളം മുഴുവനിലെയും കണക്കെടുത്താൽ എണ്ണം ഇതിന്റെ പത്ത് ഇരട്ടിയോളം വരും. പലരും ജില്ലകൾ മാറി രജിസ്റ്റർ ചെയ്യുന്നവരാണ്. പൊന്നാനി തുടങ്ങിയ ചില സബ് രജിസ്ട്രാർ ഓഫീസുകൾ സൈറ്റുകൾ പലപ്പോഴും അപ് ലോഡ് ചെയ്യുന്നില്ല. അവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മതപരിവർത്തന വിവാഹങ്ങൾ നടക്കുന്നത്.

ഇതു ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഗൗരവമായ പ്രശ്നമാണ്. കാരണം വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളിലേക്ക് കൈമാറപ്പെടുന്നത് പ്രധാനമായും സ്ത്രീകളിലൂടെയാണ്. മറ്റൊരു വിശ്വാസത്തിൽ നിന്ന് വന്ന ഒരു സ്ത്രീക്ക് എപ്രകാരം ചെറുപ്പംമുതൽ ക്രൈസ്തവ വിശ്വാസത്തിൽ വളർന്ന സ്ത്രീകൾക്ക് പകരമാകാൻ സാധിക്കും? ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഏതാനും പേരുണ്ട് എന്നത് തള്ളിക്കളയുന്നില്ല.

പ്രണയ വിവാഹങ്ങളും ഒളിച്ചോട്ടങ്ങളും നടത്തുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും ചതിക്കുഴികളിൽ വീഴുന്നവരാണ്.

തങ്ങൾ കരുതിയത് ഒന്നുമല്ല ജീവിതം എന്ന് മനസ്സിലാക്കുമ്പോഴേക്കും ഉള്ളതെല്ലാം നഷ്ടപ്പെട്ടു പോയിരിക്കും. കെണികളെയും വല കളെയും കുറിച്ച് നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളൊന്നും എത്തേണ്ടവരിൽ എത്തുന്നില്ല എന്നതാണ് വാസ്തവം. ലൗ ജിഹാദിന്റെ ഭീകരതയെക്കുറിച്ച് കോഴിക്കോട് സംഭവത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ പോയ വൈദികന് വളരെ ദയനീയമായ അവസ്ഥയാണ് വിവരിക്കാൻ ഉള്ളത്. ഇത്രയും കോളിളക്കം ഉണ്ടാക്കിയ സംഭവത്തെക്കുറിച്ച് 15 മുതൽ 20 വരെ പ്രായപരിധിയിൽ പെട്ട ആ കുട്ടികൾ കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ള ഈ ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് അവരോടെ ഒരു വാക്ക് സംസാരിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ക്രൈസ്തവ സമൂഹത്തിലെ ഭൂരിപക്ഷം പേരും ഈ കാര്യങ്ങളൊന്നും അറിഞ്ഞിട്ട് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കാരണം ഈ കാര്യങ്ങൾ ദീപിക മാത്രമാണ് കൃത്യമായും വ്യക്തമായും റിപ്പോർട്ട് ചെയ്തത്. സമുദായ സ്നേഹത്തെക്കാൾ ഉപരി കപട മതേതരത്വം പ്രോത്സാഹിപ്പിക്കുമ്പോൾ സമുദായ അംഗങ്ങൾ അറിയേണ്ടത് പലതും അറിയാതെ പോകും എന്നത് സ്വാഭാവികമാണല്ലോ.

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് തുടർച്ചയായി ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ നിന്ന് അകന്ന് ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾ മാത്രമല്ല വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുട്ടികളും ഇത്തരം കെണികളിൽ പെടുന്നുണ്ട്. വിശ്വാസ ജീവിതത്തിൽ നിന്ന് അകന്ന് കഴിയുന്നവരിൽ മാത്രമല്ല പള്ളിയോടു സഭാ പ്രവർത്തനങ്ങളോടും വളരെ അടുപ്പം പുലർത്തുന്നവരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കുന്നു. എല്ലാ സാമ്പത്തിക, ബൗദ്ധിക, സാമൂഹിക നിലവാരത്തിൽ ഉള്ളവരുടെ ജീവിതങ്ങളിലും ഈ അവസ്ഥകൾ ഉണ്ടാകുന്നു. കുട്ടികൾ ജീവിക്കുന്ന തുറസ്സായ ലോകത്തിന്റെ കെണികളെയും വലകളെയും മനസ്സിലാക്കുവാൻ അവർ പര്യാപ്തരായിട്ടില്ല എന്നതാണ് വാസ്തവം. ഓക്സിടൊറോൺ തുടങ്ങിയ ഹോർമോണുകൾ മാനസിക അടുപ്പവും വൈകാരിക ബന്ധവും കൗമാരക്കാരിൽ ഉണ്ടാക്കുന്നു. എന്നാൽ ആറു മാസങ്ങൾക്കു ശേഷം ഇവയുടെ സ്വാധീനം കുറയുകയും ചെയ്യുന്നു. തീവ്ര പ്രണയ ബന്ധങ്ങൾ പെട്ടെന്ന് തകരുന്നതിനും, ”തേപ്പ്” എന്ന പദത്തിന് പുതിയ അർത്ഥം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യുന്നതിനും പെട്രോളിൽ പലരും കത്തിജ്വലിക്കുന്നതിനും ഇത്തരം ടീനേജ് ഹോർമോണുകളാണ് പ്രധാന കാരണം. കുട്ടികളുടെ ഇത്തരം ശാരീരിക-മാനസിക സവിശേഷതകൾ അറിയാവുന്ന ജിഹാദികൾ തന്ത്രപൂർവ്വം അവരെ ഉപയോഗിക്കുന്നു. പ്രണയബന്ധം ഉടലെടുത്ത ഉടൻതന്നെ ഒളിച്ചോടുന്നതിനും മതംമാറ്റുന്നതിനും പ്രധാന കാരണം ഇതാണ്. ഹോർമോൺ പ്രവർത്തനം നിലയ്ക്കുന്നതിനുമുമ്പു തന്നെ മതം തലയിൽ കയറിയിരിക്കുകയും സിറിയയിൽ എത്തുകയും ചെയ്യണമല്ലോ. ജിഹാദികൾ മാത്രമല്ല സനാതനക്കാരും ഇതൊക്കെ തന്നെയാണ് പ്രയോഗിക്കുന്നത്. ആടുമേയ്ക്കലും നാടുകടത്തലും ഇല്ല എന്നു മാത്രം

സഭാ സംവിധാനം കൂട്ടായി ചിന്തിച്ച് ഇവയ്ക്ക് പരിഹാരം കണ്ടെത്തണം. ബോധവൽക്കരണം ഉപരിപ്ലവം ആയാൽ പോരാ ഏറ്റവും താഴത്തെ തട്ടിൽ വരെ എത്തണം. കപട മതേതരത്വം മാറ്റിവെച്ച് മിശിഹാ ഏക രക്ഷകൻ ആണെന്ന് എവിടെയും ഉറച്ചു പറയുവാൻ തയ്യാറാവണം. കലാലയങ്ങളിലെ കെണികളെ അതിജീവിക്കാൻ പ്രായോഗിക മാർഗങ്ങൾ കണ്ടെത്തണം. വിശ്വാസ ബോധ്യങ്ങളിൽ തന്നെ കുഞ്ഞുങ്ങളെ വളർത്തണം. എല്ലാറ്റിനുമുപരി തമ്പുരാൻറെ മുമ്പിൽ മുട്ടുകുത്തി കുഞ്ഞുങ്ങൾക്കുവേണ്ടി കണ്ണീരോടെ നാം പ്രാർത്ഥിക്കണം.