ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ
സന്തുലിതമായ കാഴ്ചക്കോണുകളിലൂടെ നോക്കിയാൽ ഭൗതികമായ അറിവു മാത്രം നല്കുന്ന കേന്ദ്രങ്ങളല്ല വിദ്യാലയങ്ങൾ. മനുഷ്യനെ ആകമാനം രൂപപ്പെടുത്തുന്ന വേദികളാണവ. അവിടെ സന്പാദിക്കുന്ന അറിവും അധ്യാപകരുടെ മാതൃകയും ഉപദേശങ്ങളും വിദ്യാർഥികളെ ആഴത്തിൽ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഈയൊരു അവബോധം അധ്യാപകർക്കും വിദ്യാർഥികൾക്കും അവശ്യം ഉണ്ടായിരിക്കണം. ഒരു തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നത് വിദ്യാലയങ്ങളാണ്. ജനാധിപത്യം അടിസ്ഥാനമൂല്യങ്ങളിൽ ചുവടുറപ്പിച്ചു നിലനിൽക്കണമെങ്കിൽ അതിനിണങ്ങുന്ന പരിശീലനം വിദ്യാലയങ്ങളിൽ ലഭ്യമാകണം. ചുരുക്കത്തിൽ, വിദ്യാലയങ്ങളിൽ സംലഭ്യമാക്കുന്ന പരിശീലനവും രൂപവത്കരണവുമാണു ഭാവിയുടെ ഭദ്രമായ അടിത്തറ.
ഒരു നല്ല ഭാവിയുടെ നിർമിതിയും അതിനു പശ്ചാത്തലമൊരുക്കുന്ന നല്ല വിദ്യാലയങ്ങളുമാണ് ഇന്ന് ആവശ്യം. ഇതു തിരിച്ചറിഞ്ഞ എലീസാ കുക്കിനെപ്പോലുള്ള വിചക്ഷണർ പറയുന്നു: Better build school rooms for the boy than cells and gibbets for the man (കുട്ടിക്കു സ്കൂൾ മുറികൾ പണിയുന്നതാണ് പ്രായപൂർത്തിയായ ആൾക്ക് തടവറകളും കഴുമരങ്ങളും പണിയുന്നതിനേക്കാൾ നല്ലത്). ഇതുപോലൊരു പരിണാമം യാഥാർഥ്യമാകുന്നുണ്ടോയെന്ന് പൊതുസമൂഹം ആത്മാർഥതയോടെ ആത്മവിമർശം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ?
ഒരുകാലത്ത് അറിവിന്റെ പ്രഭവം ഗുരുമുഖങ്ങളായിരുന്നു. പിന്നീടതു പുസ്തകങ്ങളായി. അപ്പോഴും അധ്യാപകർക്ക് അതുല്യമായ സ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇന്നോ? പുതുതലമുറയെ പരിധിയില്ലാതെ സ്വാധീനിക്കുന്ന നവമാധ്യമങ്ങളുടെ സംസ്കാരത്തിൽ അധ്യാപകർ പലപ്പോഴും അധികപ്പറ്റാണ്. അവരോടുള്ള ബന്ധംപോലും അനാവശ്യമായി ചിത്രീകരിക്കപ്പെടുന്നു. ഒരു കുട്ടി അധ്യാപകന്റെ കരണത്തടിച്ച വാർത്തയ്ക്ക് അധികം പഴക്കമില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ആ സംഭവം.
വിദ്യാർഥി സംഘടനകൾ
കേരളത്തിൽ മിക്ക വിദ്യാലയങ്ങളിലും വിദ്യാർഥിസംഘടനകളുണ്ട്. വിദേശരാജ്യങ്ങളിൽ ഇത്രത്തോളം പൊതുസ്വഭാവം അതിനില്ലായെന്നാണ് എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സംഘടനകളുള്ള സ്ഥലങ്ങളിലാകട്ടെ, പൊതുവിഷയങ്ങൾ ചർച്ചചെയ്യാനും കൂടുതൽ അറിവു സന്പാദിക്കാനും ഇത്തരം വേദികൾ അവർ പ്രയോജനപ്പെടുത്തുന്നതായി കാണാം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തന്നെ ഇതിനു മികച്ച മാതൃക. സംവാദങ്ങൾക്കും വിനിമയങ്ങൾക്കും അറിവുസന്പാദനത്തിനുമാണ് അവിടെ പ്രാധാന്യം.
വിദ്യാലയങ്ങളിലെല്ലാം വിദ്യാർഥിസംഘടനകൾ ഉണ്ടായിരിക്കണമെന്ന നിയമം കേരള സർക്കാർ ഉണ്ടാക്കാൻ പോകുന്നതായി കേൾക്കുന്നു. മുന്പു പറഞ്ഞ ലക്ഷ്യങ്ങളായിരിക്കുമോ അതിനു പിന്നിൽ? സാധ്യത തീരെ കുറവാണ്. കാരണം, ഇവിടത്തെ വിദ്യാർഥിസംഘടനകൾ മിക്കവയും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളാണ്. പാർട്ടികളുടെ താളത്തിനൊപ്പമാണ് അവരുടെ ചർച്ചകളും നീക്കങ്ങളും. പ്രവർത്തനശൈലി തന്നെ രാഷ്ട്രീയപാർട്ടികൾ മുന്നേ തീരുമാനിച്ചുറപ്പിക്കുന്ന തരത്തിലുള്ളതാണ്.
ജനാധിപത്യത്തിന്റെ സ്വഭാവവും രാജ്യത്തിന്റെ ഭരണഘടനാതത്ത്വങ്ങളും കീഴ്വഴക്കങ്ങളും വിശകലനം ചെയ്യാൻ പലരും ശ്രമിക്കുന്നില്ല എന്നതാണു ദൗർഭാഗ്യകരം. ഇന്നു കേരളത്തിൽ പിടിമുറുക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനസ്വഭാവം മനസിലാക്കാൻ പോലും പലരും ശ്രദ്ധിക്കുന്നില്ല. നമ്മുടെ കലാലയങ്ങളിലെ വിദ്യാർഥികൾ ഇത്തരം സംഘടനകളുടെ പിടിയിലകപ്പെട്ടു സമൂഹവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നത് അത്യന്തം അപലപനീയമത്രേ.
കുറച്ചു നാളുകൾക്കു മുമ്പ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ഏറെ ശ്രദ്ധയമാണ്: “I think it is difficult to remain honest in politiics” (രാഷ്ട്രീയത്തിൽ സത്യസന്ധരായിരിക്കുക വിഷമകരമായിരിക്കുമെന്ന് എനിക്കു തോന്നുന്നു). അടിസ്ഥാനപരമായ സത്യസന്ധത വിദൂരസാധ്യതയായി തുടരുന്നിടത്തോളം അങ്ങനെയുള്ള ഒരു രംഗത്ത് വിദ്യാർഥികൾ പ്രവേശിക്കുന്നതും തുടരുന്നതും അപകടം വിളിച്ചുവരുത്തും. പക്ഷേ, ഇവിടത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം മറക്കുന്നത് ഇതേ കാര്യമല്ലേ? രാഷ്ട്രീയ പാർട്ടികളുടെ “റിക്രൂട്ട്മെന്റ് ഗ്രൗണ്ട്’ ആയിട്ടാണ് വിദ്യാർഥിരാഷ്ട്രീയത്തെ അവർ കാണുന്നത്.
കലാലയങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളാണു മുൻപന്തിയിലെന്നു വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നില്ലേ എന്നു സംശയിക്കണം. എങ്ങനെയും വിദ്യാർഥിലോകത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള വ്യഗ്രതയാണു മുഖ്യധാരാ രാഷ്ട്രീയക്കാർക്കെല്ലാം. അതിനുള്ളൊരു ഉപാധിയായി വിദ്യാർഥിസംഘടനകളെ അവർ കാണുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വക്താക്കളുടെ ആരാധ്യപുരുഷനായ ലെനിൻതന്നെ വിദ്യാലയങ്ങളിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെ തള്ളിക്കളയുകയാണു ചെയ്തത്. പഠനമുപേക്ഷിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ വിജയത്തിന് രംഗത്തിറങ്ങട്ടെ എന്നു ചില വിദ്യാർഥികൾ ലെനിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്: “നിങ്ങൾ വിദ്യാർഥികൾ ആയിരിക്കുന്നിടത്തോളം നിങ്ങളുടെ ഒന്നാമത്തെ ചുമതല പഠിക്കുക എന്നതാണ്. നിങ്ങളുടെ രണ്ടാമത്തെ ചുമതലയും പഠിക്കുകയെന്നതാണ്. നിങ്ങളുടെ അവസാനത്തെ ചുമതലയും പഠിക്കുകയെന്നതാണ്.” പക്ഷേ, ഇതെല്ലാം മറന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വിദ്യാലയങ്ങളിൽ കടന്നുകയറുന്നത്.
രാഷ്ട്രീയ നിറമുള്ള സംഘടനകൾ
വിദ്യാലയ രാഷ്ട്രീയത്തിന്റെ വികൃതവും അപകൃഷ്ടവുമായ ഭാവമാണ് അടുത്തകാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അരങ്ങേറിയത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയുള്ള കലാലയത്തിൽ വിദ്യാർഥികൾ പരിശീലിക്കുന്നത് മർദനമുറകളും വിധ്വംസക ചെയ്തികളുമാണെന്നത് എത്രയോ ഗൗരവതരമാണ്. അവിടെ ഇടിമുറികളും മറ്റും പ്രവർത്തിക്കുന്നു എന്ന അറിവും പൊതുജനമനസിൽ ഞെട്ടലുളവാക്കുന്നു. മറ്റു വിദ്യാർഥിസംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ശൈലിയാണല്ലോ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ കാലാകാലങ്ങളായി പിന്തുടരുന്നത്. മറ്റു രാഷ്ട്രീയക്കാർ ഈ അഭിപ്രായത്തെ എതിർക്കുന്നുണ്ട്; എങ്കിലും അവരും സ്വന്തം വിദ്യാർഥിസംഘടനകൾക്കായി നിലകൊള്ളാനും അവരെ വളർത്താനുമാണു ശ്രമിക്കുന്നത്.
വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്ന ജനാധിപത്യരാജ്യങ്ങളിൽ ഇതുപോലെ പാർട്ടിയടിസ്ഥാനത്തിലുളള വിദ്യാർഥിസംഘടനകളില്ല. രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്ത് നിലപാടുകൾ മനസിലാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. പക്ഷേ, കലാലയങ്ങൾ രാഷ്ട്രീയവേദികളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടതുപക്ഷ പാർട്ടികളാണ് വിദ്യാർഥിരാഷ്ട്രീയത്തിന് ഇവിടെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടത്താൻ ഏറെ ശ്രമിക്കുന്നതും അവരാണല്ലോ. അവരെ നയിക്കുന്ന പ്രത്യയശാസ്ത്രമെന്താണെന്ന് അനുഭാവികൾ ശരിക്കും മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന അടിസ്ഥാനപ്രമാണത്തിൽ, ലക്ഷ്യപ്രാപ്തിക്ക് ഏതു മാർഗവും സ്വീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുകയാണ് അവരുടെ പദ്ധതി. ഈ കെണിയിൽ വീഴാതിരിക്കാൻ യഥാർഥ ജനാധിപത്യസമൂഹം ശ്രദ്ധിക്കണം.
വിദ്യാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ഏതുവിധേനയും നിയന്ത്രിക്കണം. സ്വതന്ത്രമായി പഠിക്കാനും യഥാർഥ ജനാധിപത്യമൂല്യങ്ങളിൽ ഉറപ്പിക്കാനുമുള്ള പരിശീലനമാണ് അവിടെ വിദ്യാർഥികൾക്കു സംലഭ്യമാക്കേണ്ടത്. പാർട്ടിരാഷ്ട്രീയത്തിന്റെ അടിമകളാകാതെ യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ അടിസ്ഥാനമിട്ട ഒരു സമൂഹം നിർമിച്ചെടുക്കാനാണ് ഭാവിതലമുറയെ നാം സജ്ജമാക്കേണ്ടത്. അതിനു രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ വിദ്യാലയങ്ങളിൽ നിരോധിക്കണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇന്നിവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് സ്വന്തം പാർട്ടിയുടെ ആധിപത്യത്തിനു വഴിയൊരുക്കുന്ന വിദ്യാർഥിസംഘടനകളെക്കുറിച്ചേ ചിന്തിക്കാൻ കഴിയൂ. അതിനു വഴങ്ങിയാൽ കലാപകലുഷിതമായ ഒരു തലമുറയായിരിക്കും രൂപപ്പെടുന്നത്. ശ്രദ്ധേയമായ സംഭാവനകൾ വിദ്യാഭ്യാസരംഗത്തു നല്കിയ ഡോ. എം.വി. പൈലി എഴുതുന്നു: “ഇന്നത്തെ രീതിയിൽ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന സ്കൂൾ- കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നിർത്തലാക്കട്ടെ. ഒരു പരിഷ്കൃതരാജ്യത്തും നടക്കാത്ത സ്കൂൾ-കോളജ് യൂണിയൻ തെരഞ്ഞെടുപ്പെന്ന ആഭാസം പൂർണമായും സ്തംഭിപ്പിക്കട്ടെ” ( ഡോ. എം.വി പൈലി, വിദ്യാഭ്യാസ പ്രശ്നങ്ങൾ ഇന്നലെ ഇന്ന് നാളെ പേജ് 69).
ഏതായാലും ഇതേക്കുറിച്ച് ഒരു പുനർവിചിന്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്നുണ്ടാകണം. കലാലയങ്ങൾ കലാപശാലകൾ ആകാൻ അനുവദിക്കരുത്. അറിവും അനുഭവവും സൗഹൃദവും ഐക്യവും പൊതുനന്മയും വിളയുന്ന ഇടമായി മാറട്ടെ.