കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്ത്. വെയില്‍ എന്ന തന്‍റെ സിനിമയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപ വാങ്ങിയ ഷെയ്ന്‍ ചിത്രം പൂര്‍ത്തിയാക്കാതെ തന്നെ വഞ്ചിച്ചുവെന്നാണ് നിര്‍മാതാവിന്‍റെ ആരോപണം. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

30 ലക്ഷം രൂപ പ്രതിഫലം എന്ന നിശ്ചയിച്ചാണ് സിനിമ തുടങ്ങിയത്. എന്നാല്‍ സിനിമ പുരോഗമിക്കുന്നതിനിടെ ഷെയ്ന്‍ 10 ലക്ഷം കൂടി അധികം വേണമെന്ന് ആവശ്യപ്പെട്ടു. ഇതുവരെ 4.75 കോടി രൂപ താന്‍ ചിത്രത്തിനായി മുടക്കി കഴിഞ്ഞു. 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇതിനിടെയാണ് ഷെയ്ന്‍ മറ്റാരുടെയോ പ്രേരണയാല്‍ തന്നെ വഞ്ചിച്ചതെന്നും സിനിമയുമായി സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നതെന്നും നിര്‍മാതാവ് പറഞ്ഞു. വെയില്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മുടി നീട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമ തീരാതെ മുടി മുറിക്കരുതെന്ന് കരാറുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് നടന്‍ പോയത്. ആ ചിത്രത്തിന്‍റെ നിര്‍മാതാവുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും തനിക്കുണ്ടായ നഷ്ടത്തിന് ആരും പരിഹാരമുണ്ടാക്കുമെന്നും നിര്‍മാതാവ് ചോദിച്ചു.

സിനിമ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ പോയതിനെതിരേ നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്നും ഷെയ്നോട് വ്യക്തിപരമായ വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയ്ന്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെട്ടന്നുണ്ടായ മനോവിഷമത്തിലാണ് താന്‍ ദേഷ്യത്തില്‍ സംസാരിച്ചത്. താനൊരു മനുഷ്യനാണെന്നും കുടുംബമുണ്ടെന്നും വികാരാധീനനായി ജോബി ജോര്‍ജ് പറഞ്ഞു.

ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 16ന് നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ഷൂട്ടിംഗ് വൈകുന്നതിനാല്‍ നവംബര്‍ 16-ലേക്ക് മാറ്റി. ഇങ്ങനെ മുന്നോട്ടുപോയാല്‍ വലിയ സാമ്ബത്തിക ബാധ്യതയിലേക്ക് താന്‍ വീണുപോകും. ഷെയ്ന്‍ വന്നാല്‍ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാകും. എല്ലാവരും സഹകരിച്ച്‌ സിനിമ തീര്‍ത്തുതരണമെന്നാണ് തന്‍റെ അപേക്ഷയെന്നും ജോബി പ്രതികരിച്ചു.