കോട്ടയം: ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവർ ആരോപണവിധേയരായ എംജി യൂണിവേഴ്സിറ്റി മോഡറേഷൻ വിവാദത്തിൽ ഒന്നിലേറെ വീഴ്ചകൾ സംഭവിച്ചതായി വിദഗ്ധർ. പരീക്ഷാഫലം പ്രഖ്യാപിച്ചതിനു ശേഷം പിന്നീട് അഡീഷണൽ മോഡറേഷനോ ഗ്രേസ് മാർക്കോ നൽകാൻ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല. പരീക്ഷാഫലം പുറത്തുവരുന്നതിനു മുന്‍പു വേണം മോഡറേഷൻ എത്രയെന്നു പ്രഖ്യാപിക്കാൻ. എന്നാൽ, 11 വർഷം മുൻപ് പരീക്ഷ എഴുതിയവർക്കുവരെയാണ് ഇപ്പോൾ മാർക്ക് ദാനം നടത്തിയിരിക്കുന്നത്.ബോർഡ് ഓഫ് എക്സാമിനേഷനാണ് മോഡറേഷൻ കാര്യത്തിൽ പരമാധികാരമുള്ളത്. ബോർഡ് ഓഫ് എക്സാമിനേഷൻസ് വൈസ് ചാൻസലർക്കു ശിപാർശ നൽകിയശേഷം അക്കഡെമിക് കൗണ്‍സിലും സിൻഡിക്കറ്റിലും പരിശോധനയ്ക്കു ശേഷമാണു പ്രഖ്യാപനം നടത്തേണ്ടത്. ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ല. നാഷണൽ സർവീസ് സ്കീമിൽ പ്രവർത്തിച്ചതിന്റെ അഞ്ചു മാർക്ക് മോഡറേഷനു ശേഷവും വിജയിക്കാൻ ഒന്നോ രണ്ടോ മാർക്കിന്റെ കുറവു വന്നവർക്കാണ് അധികം മാർക്ക് നൽകിയിരിക്കുന്നത്.ഒരു വിദ്യാർഥിക്ക് ഒരു ഗ്രേസ് മാർക്കിനേ അനുമതിയുള്ളു. മുൻപും എംജി യൂണിവേഴ്സിറ്റിയിൽ മോഡറേഷൻ നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ച് അക്കഡെമിക് കൗണ്‍സിൽ അനുമതിയോടെയാണ് 2018ൽ മോഡറേഷന് അനുമതി നൽകിയത്. അവസാനം പരീക്ഷ എഴുതിയ നാലോ അഞ്ചോ വർഷത്തെ കുട്ടികൾക്ക് ആ ഘട്ടത്തിൽ മോഡറേഷൻ ആനുകൂല്യം നൽകിക്കഴിഞ്ഞതാണ്. 2008 ബാച്ച് മുതലുള്ള കുട്ടികൾക്കു വീണ്ടും മാർക്ക് ദാനം നടത്തുന്നു എന്നതാണ് ഇപ്പോഴത്തെ വീഴ്ച.
മാര്‍ക്ക് ദാന വിവാദം, വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദരുടെ വിലയിരുത്തല്‍…
