ജലത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവര്‍, അവനവനില്‍ നിന്നു പുറത്തുകടക്കാനും മറ്റുള്ളവരോടു തുറവുള്ളവരായിരിക്കാനും എല്ലാ വ്യക്ത്യാന്തരബന്ധങ്ങളെയും സാഹോദര്യാനുഭവമായി രൂപാന്തരപ്പെടുത്തുന്ന കൂട്ടായ്മയില്‍ ജീവിക്കുക എന്ന ശൈലി, ജീവിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം
പതിവുപോലെ ഈ ബുധനാഴ്ചയും (16/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു.ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍, നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ അവിടെ അടുത്തുണ്ടായിരുന്നവരെ അവരുടെ അടുത്തു ചെന്ന് അഭിവാദ്യം ചെയ്തു. തുടര്‍ന്നു പാപ്പാ വേദിയിലേക്കു പോകവെ, ചക്രക്കസേരയില്‍ ഇരുന്നിരുന്ന രോഗികളോടൊപ്പവും അല്പസമയം ചിലവഴിച്ചു. തദ്ദനന്തരം റോമിലെ സമയം രാവിലെ ഏതാണ്ട് 09.15-, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.45 കഴിഞ്ഞപ്പോള്‍ വേദിയിലെത്തിയ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“(34) പത്രോസ് അവരോട് സംസാരിച്ചു തുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും (35) അവിടത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, എതു ജനതയില്‍പ്പെട്ടവനായാലും, അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. (36) സമാധാനത്തിന്‍റെ സദ്വാര്‍ത്ത സകലത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വിളംബരം ചെയ്തുകൊണ്ട് തന്‍റെ വചനം അവിടത്തെ ഇസ്രായേല്‍ മക്കള്‍ക്ക് നല്കി” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 10:34-36)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം
രക്ഷയുടെ സാര്‍വ്വലൗകിക ഭാവത്തോടു തുറവുകാട്ടുക
അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ ലൂക്കാ വിവരിക്കുന്ന, ലോകത്തിലൂടെയുള്ള സുവിശേഷപ്രയാണത്തെ, ദൈവത്തിന്‍റെ വിസ്മയകരമാംവിധം ആവിഷ്കൃതമായിരിക്കുന്ന സാകല്യ സര്‍ഗ്ഗശക്തി അകമ്പടി സേവിക്കുന്നു. തന്‍റെ മക്കള്‍ രക്ഷയുടെ സാര്‍വ്വത്രികഭാവത്തോടു തുറവുള്ളവരായിരിക്കുന്നതിന് എല്ലാ വൈക്തിക ഭാവങ്ങളെയും ജയിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. ജലത്താലും ആത്മാവിനാലും വീണ്ടും ജനിച്ചവര്‍, അതായത്, സ്നാനിതര്‍ അവനവനില്‍ നിന്നു പുറത്തുകടക്കാനും മറ്റുള്ളവരോടു തുറവുള്ളവരായിരിക്കാനും എല്ലാ വ്യക്ത്യാന്തരബന്ധങ്ങളെയും സാഹോദര്യാനുഭവമായി രൂപാന്തരപ്പെടുത്തുന്ന കൂട്ടായ്മയില്‍ ജീവിക്കുക എന്ന ശൈലി, ചാരെ ആയിരിക്കുക എന്ന ശൈലി ജീവിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ഈ “ഭ്രാതൃവത്ക്കരണ” പ്രക്രിയയുടെ സാക്ഷിയായി നിറുത്താന്‍ പരിശുദ്ധാരൂപി അഭിലഷിക്കുന്നത്, അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ പൗലോസിനോടൊപ്പം നായകനായിരിക്കുന്ന പത്രോസിനെയാണ്. പത്രോസ്, സ്വന്തം അസ്തിത്വത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു സംഭവം ജീവിക്കുന്നു. പത്രോസിന്‍റെ മനോഭാവത്തിന് മാറ്റം വരത്തക്കവിധത്തിലുള്ള ദൈവിക ഇടപെടല്‍ എന്നോണം ഒരു ദര്‍ശനം അദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്ന സമയത്ത് ഉണ്ടാകുന്നു. നാല്ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവുകളുമുള്‍പ്പടെ വിവിധ ജീവികള്‍ അടങ്ങിയ വലിയൊരു വിരിപ്പു ആകാശത്തു നിന്ന് ഇറങ്ങിവരുന്നത് പത്രോസ് കണ്ടു. അവയുടെ മാംസം ഭക്ഷിക്കണമെന്ന ഒരു സ്വരവും പത്രോസ് കേട്ടു. എന്നാല്‍ താന്‍ അശുദ്ധമായവ ഒരിക്കലും ഭക്ഷിച്ചിട്ടില്ല എന്ന്, ഒരു യഥാര്‍ത്ഥ യഹൂദന്‍ എന്ന നിലയില്‍ പത്രോസ് പ്രതികരിക്കുന്നു. അപ്പോള്‍ ശക്തമായ ഒരു സ്വരം വീണ്ടും മുഴങ്ങുന്നു: “ദൈവം പവിത്രീകരിച്ചവയെ നീ മലിനമായി കണക്കാക്കരുത്” (അപ്പ.10,15).
വിശുദ്ധം അശുദ്ധം എന്ന വേര്‍തിരിവ് ?
ഈ ദര്‍ശനത്തിലൂടെ കര്‍ത്താവ് ആഗ്രഹിക്കുന്നത്, പത്രോസ്, വിശുദ്ധം അശുദ്ധം എന്ന് തരം തിരിച്ച് സംഭവങ്ങളെയും വ്യക്തികളെയും കാണരുതെന്നും വ്യക്തിയെയും അവന്‍റെ ഹൃദയവിചാരത്തെയും കാണുന്നതിന് ഒരു പടികൂടെ കടന്നു നോക്കാന്‍ പഠിക്കണം എന്നുമാണ്. മനുഷ്യനെ അശുദ്ധനാക്കുന്നത്, സത്യത്തില്‍, പുറത്തു നിന്നു വരുന്നവയല്ല പ്രത്യുത, ഉള്ളില്‍ നിന്ന്, ഹൃദയത്തില്‍ നിന്ന് വരുന്നവയാണ്. ഇക്കാര്യം യേശു പ്രസ്പഷ്ടമാക്കിയിട്ടുണ്ട്.
പത്രോസും ശതാധിപന്‍ കൊര്‍ണേലിയൂസും
ഈ ദര്‍ശനത്തിനു ശേഷം പത്രോസിനെ ദൈവം പരിച്ഛേദനകര്‍മ്മവിധേയനാകാത്ത ഒരു വിജാതീയനും ഇത്താലിക്കെ സൈന്യവിഭാഗത്തിലെ ശതാധിപനുമായ കൊര്‍ണേലിയൂസിന്‍റെ ഭവനത്തിലേക്ക് അയയ്ക്കുന്നു. ദൈവഭയവും ഭക്തിയുമുള്ളവനും ദാനധര്‍മ്മം ചെയ്തിരുന്നവനും ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിക്കുന്നവനുമായിരുന്നു കൊര്‍ണേലിയൂസ്.
ആ വിജാതിയന്‍റെ ഭവനത്തിലെത്തിയ പത്രോസ് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ പ്രഘോഷിക്കുകയും അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപമോചനം നല്കുകയും ചെയ്തു. പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊര്‍ണേലിയൂസിന്‍റെയും കുടുംബാംഗങ്ങളുടെയും മേല്‍ പരിശുദ്ധാത്മവ് വര്‍ഷിക്കപ്പെടുകയും ചെയ്തു. പത്രോസ് അവരെ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി.
പത്രോസിനെതിരെ വിമര്‍ശനം
ഇത് ഒരു അസാധാരണ സംഭവം ആയിരുന്നു. അത്തരമൊരു കാര്യം സംഭവിക്കുന്നത് നടാടെ ആയിരുന്നു. വിവരം ജെറുസലേമിലെത്തി. പത്രോസിന്‍റെ പ്രവൃത്തിയില്‍ അതൃപ്തരായ സഹോദരങ്ങള്‍ ശക്തമായ വിമര്‍ശനം ചൊരിഞ്ഞു. ആചാരങ്ങളെയും നിയമങ്ങളെയും മറികടന്ന ഒന്നായിരുന്നു പത്രോസിന്‍റെ നടപടി. അതുകൊണ്ടാണ് അദ്ദേഹം വിമര്‍ശനത്തിന് ഇരയായത്. എന്നാല്‍ കൊര്‍ണേലിയുസുമായുള്ള കൂടിക്കാഴ്ചാനന്തരം പത്രോസ് ആന്തരിക സ്വാതന്ത്ര്യം കൂടുതല്‍ അനുഭവിക്കുകയും ദൈവവുമായും മറ്റുള്ളവരുമായും ഉപരി കൂട്ടായ്മയിലാകുകയും ചെയ്തു. കാരണം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തില്‍ ദൈവഹിതം ദര്‍ശിക്കാന്‍ പത്രോസിനു സാധിച്ചു. ആകയാല്‍ ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പ് അതിന്‍റെ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലെന്നും, വിജാതീയര്‍ക്കു മദ്ധ്യേ ദൈവികാനുഗ്രഹത്തിന്‍റെ ഉപകരണമാകാനുള്ള സൗജന്യവിളിയുടെ അടയാളമാണ് അതെന്നും നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.
എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്ന രക്ഷ
പ്രിയ സഹോദരങ്ങളേ, സകലരും രക്ഷപ്രാപിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് ഒരു തടസ്സമാകരുത് സുവിശേഷപ്രഘോഷകന്‍, നേരെ മറിച്ച്, കര്‍ത്താവുമായുള്ള ഹൃദയങ്ങളുടെ കൂടിക്കാഴ്ച സാധ്യമാക്കിത്തീര്‍ക്കണം. നമ്മുടെ സഹോദരങ്ങളോട്, പ്രത്യേകിച്ച് അക്രൈസ്തവരോട് നാം എങ്ങനെയാണ് വര്‍ത്തിക്കുന്നത്? ദൈവവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക പ്രതിബന്ധങ്ങളാണോ നമ്മള്‍? അവര്‍ക്ക് പിതാവുമായി കൂടിക്കാഴ്ച നടത്താന്‍ തടസ്സം സൃഷ്ടിക്കുകയാണോ അതോ വഴിയൊരുക്കുകയാണോ നാം ചെയ്യുന്നത്?
ദൈവത്തിന്‍റെ വിസ്മയ പ്രവൃത്തികളില്‍ അത്ഭുതം കൊള്ളാന്‍ കഴിയുന്നവരാകാനുള്ള അനുഗ്രഹം നമുക്ക് അപേക്ഷിക്കാം. ദൈവത്തിന്‍റെ സര്‍ഗ്ഗശക്തിക്ക് തടസ്സം നില്ക്കുന്നവരല്ല, മറിച്ച്, അത് തിരിച്ചറിയുന്നവരും, ഉത്ഥിതന്‍ അവിടത്തെ ആത്മാവിനെ ലോകത്തില്‍ വര്‍ഷിക്കുകയും സകലത്തിന്‍റെയും കര്‍ത്താവാണെന്നു വെളിപ്പെടുത്തിക്കൊണ്ട് തന്നിലേക്ക് ഹൃദയങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന നിത്യനൂതനങ്ങളായ വഴികള്‍ ഒരുക്കുന്നുവരുമായിത്തീരാന്‍ നമുക്ക് കഴിയുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം. നന്ദി.
സമാപനാഭിവാദ്യങ്ങള്‍
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഒക്ടോബര്‍ 18-ന് അനുവര്‍ഷം വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
യേശുവിന്‍റെ ഹൃദയത്തെയും അവിടത്തെ കരുണയെയും ഉപരിമെച്ചപ്പട്ട രീതിയില്‍ ആവിഷ്ക്കരിച്ച സുവിശേഷകനാണ് വിശുദ്ധ ലൂക്കാ എന്ന് പാപ്പാ പറഞ്ഞു.
കര്‍ത്താവിന്‍റെ നന്മയുടെ സാക്ഷികളായ ക്രൈസ്തവരായിരിക്കുന്നതിലുള്ള ആനന്ദം വീണ്ടും കണ്ടെത്താന്‍ ഈ തിരുന്നാള്‍ ആചരണം എല്ലാവരെയും സഹായിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.