ഫാ. നോബിള്‍ പാറയ്ക്കല്‍

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികള്‍ അല്ലെങ്കില്‍ വിശുദ്ധപദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി-നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും വിഷയം ഏറ്റെടുത്തിരിക്കുന്നത്. മറിയം ത്രേസ്യ മനോരോഗിയായിരുന്നു. മനോരോഗ ലക്ഷണങ്ങളെ വിശുദ്ധിയായി തെറ്റിദ്ധരിച്ചതാണ്… വിശുദ്ധ പദപ്രഖ്യാപനത്തിന് സഹായകമായ അത്ഭുതസൗഖ്യം കള്ളത്തരമാണ്… രോഗസൗഖ്യത്തെ അത്ഭുതമായി ഗണിക്കാനാവില്ല. മെഡിക്കല്‍ സയന്‍സിന് അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം നല്കാന്‍ കഴിയില്ല. ഡോക്ടര്‍ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറഞ്ഞുകൊണ്ടും മറിയം ത്രേസ്യയുടെ വിശുദ്ധ പദവിയെ പരിഹസിച്ചുകൊണ്ടും ഡോക്ടര്‍മാര്‍ തന്നെയും രംഗത്ത് വന്നു. തീവ്രവര്‍ഗീയവാദികളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വിശുദ്ധ പദവി പ്രഖ്യാപനത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.

1. എങ്ങനെയാണ് ഒരു വ്യക്തി സഭയില്‍ നാമകരണം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍, വിശുദ്ധനോ വിശുദ്ധയോ ആയിത്തീരുന്നത്?

പലരുടെയും ചിന്തയില്‍ തിരുസ്സഭ അല്ലെങ്കില്‍ മാര്‍പാപ്പ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലൂടെയാണ് സഭയില്‍ വിശുദ്ധരുണ്ടാകുന്നത്. എന്നാല്‍ അങ്ങനെയല്ല. അത് ഒരു നടപടിക്രമം മാത്രമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെയും അയാള്‍ നിര്‍വ്വഹിച്ച ശുശ്രൂഷയുടെയും അടിസ്ഥാനത്തില്‍ ദൈവം അയാളില്‍ അംഗീകരിക്കുന്ന വിശുദ്ധിയെ തിരിച്ചറിയുക മാത്രമാണ് തിരുസ്സഭ ചെയ്യുന്നത്. ആദ്യനൂറ്റാണ്ടുകളില്‍ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പദവിപ്രഖ്യാപനം നടത്തിയിരുന്നതെങ്കിലും പിന്നീട് പത്താം നൂറ്റാണ്ടില്‍ ജോണ്‍ പതിനഞ്ചാം മാര്‍പാപ്പ വിശുദ്ധപദവിപ്രഖ്യാപനത്തിന് കൃത്യമായ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ പല ഭേദഗതികളും ഇതില്‍ വരുത്തിയിട്ടുണ്ട്. ഏകദേശം 300-ാളം പേരെ വിശുദ്ധരാക്കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഈ നടപടിക്രമങ്ങള്‍ 1983-ല്‍ നവീകരിച്ചത്. ദീര്‍ഘമായ സമയമെടുത്തുള്ള ഈ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയാണ് തിരുസ്സഭ ഒരു വ്യക്തിയുടെ ജീവിതവിശുദ്ധിയെ ദൈവഹിതപ്രകാരം തിരിച്ചറിയുന്നത്.

2. നാമകരണത്തിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്? ‍

നാമകരണനടപടികളെ അഞ്ച് ഘട്ടങ്ങളിലായി ചുരുക്കി വിശദീകരിക്കാം

a. നാമകരണം ചെയ്യപ്പെടേണ്ട വ്യക്തിയുടെ ജീവിതത്തില്‍ വീരോചിതമായ പുണ്യങ്ങളെന്തെങ്കിലുമുണ്ടോ എന്നറിയുന്നതിന് രൂപതാമെത്രാന്‍ അയാളുടെ ജീവിതവും എഴുത്തുകളും വിശദമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്യും. മരണശേഷം അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ നടപടിക്രമങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഈ നിയന്ത്രണത്തിന് ഒഴിവ് നല്കാന്‍ മാര്‍പാപ്പക്ക് സാധിക്കും. മദര്‍ തെരേസയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാര്യത്തില്‍ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് മാര്‍പാപ്പ അങ്ങനെ ഒഴിവ് നല്കിയിരുന്നു. പഠനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന് കൈമാറും. അവ പരിശുദ്ധസിംഹാസനം പരിഗണനക്ക് സ്വീകരിച്ചാല്‍ പ്രസ്തുത വ്യക്തിയെ ദൈവദാസന്‍/ദാസി എന്ന് വിളിക്കാനാരംഭിക്കും.

b. ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പാനലും നാമകരണനടപടികള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ കര്‍ദ്ദിനാള്‍മാരും അവ പഠനവിധേയമാക്കും. പാനലിന്‍റെ സമ്മതത്തോടുകൂടി മാര്‍പാപ്പ പ്രസ്തുത വ്യക്തിയെ ധന്യ(നാ)യായി പ്രഖ്യാപിക്കും. അതിനര്‍ത്ഥം ആ വ്യക്തി തിരുസ്സഭക്ക് പുണ്യജീവിതത്തിന് അനുകരണീയമായ ഒരു നല്ല മാതൃകയാണ് എന്നതാണ്.

c. നാമകരണനടപടികളുടെ അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവന്‍(ള്‍) എന്ന പ്രഖ്യാപനമാണ്. പ്രാദേശികസഭക്ക് ആ വ്യക്തിയെ ആദരിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. എന്നാല്‍ വാഴ്ത്തപ്പെട്ടവന്‍(ള്‍) ആയി പ്രഖ്യാപിക്കപ്പെടണമെങ്കില്‍ മരണശേഷം നടന്ന ഒരത്ഭുതത്തിന് പ്രസ്തുത വ്യക്തി കാരണമായിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്.

d. അപ്രകാരം തന്നെ രണ്ടാമതൊരു അത്ഭുതം കൂടി സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രസ്തുത വ്യക്തിയെ വിശുദ്ധ(ന)യായി പ്രഖ്യാപിക്കാന്‍ തിരുസ്സഭക്ക് സാധിക്കും. അതോടെ നാമകരണനടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യും.

3. നാമകരണപ്രക്രിയ മാനുഷികഇടപെടലുകളാല്‍ സ്വീധീനിക്കപ്പെടാവുന്നതാണോ? ‍

ഒരിക്കലുമില്ല. ദീര്‍ഘമായ കാലയളവുകള്‍ പലപ്പോഴും നാമകരണപ്രക്രിയകള്‍ക്കെടുക്കാറുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ അത് പൂര്‍ത്തിയാക്കാനുമാവില്ല. എ.ഡി. 735-ല്‍ മരിച്ച ദൈവശാസ്ത്രജ്ഞനായ ബീഡിനെ വിശുദ്ധനായി സഭ പ്രഖ്യാപിക്കുന്നത് 1164 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (1899-ല്‍). ഇപ്രകാരം നാമകരണനടപടികള്‍ നീണ്ടുപോയ നിരവധി വിശുദ്ധരുടെ പട്ടികകള്‍ നമുക്ക് കാണാന്‍ സാധിക്കും.

4. നാമകരണനടപടികള്‍ക്കായുള്ള അത്ഭുതങ്ങള്‍ സ്ഥിരീകരിക്കുന്നത് എങ്ങനെയാണ്? ‍

സ്വാഭാവികമോ യുക്തിപരമോ ആയ വിശദീകരണങ്ങള്‍ നല്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങളെയാണ് തിരുസ്സഭ അത്ഭുതങ്ങളെന്ന് വിളിക്കുന്നത്. ഒരു വ്യക്തിയോട് പ്രാര്‍ത്ഥിക്കുന്നത് വഴിയായി ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തൊടൊപ്പമാണെന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നുവെന്നും സഭ ഉറപ്പിക്കുന്നു. അതിനാലാണ് അത്ഭുതങ്ങള്‍ വിശുദ്ധപദവി പ്രഖ്യാപനത്തിന് അനിവാര്യമായിരിക്കുന്നത്.

അത്ഭുതങ്ങളെ വെറും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലല്ല സഭ സ്വീകരിക്കുന്നത്. മറിച്ച് അവ വിശദമായി പഠിക്കുന്നതിന് ദൈവശാസ്ത്രജ്ഞരുടെയും വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രവിദഗ്ദരുടെയും ഒരു കമ്മീഷന്‍ തന്നെ സഭക്കുണ്ട്. നാമകരണനടപടികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന അത്ഭുതങ്ങളില്‍ 99.9 ശതമാനവും മെഡിക്കല്‍ അത്ഭുതങ്ങളാണ്. രോഗസൗഖ്യമാണ് തെളിവായി നല്കുന്നതെങ്കില്‍ സൗഖ്യം 100 ശതമാനമായിരിക്കണമെന്നും പെട്ടെന്നുണ്ടായതായിരിക്കണമെന്നും നിബന്ധനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ പ്രസ്തുത രോഗസൗഖ്യത്തിന് സ്വാഭാവികമായ യാതൊരു വിശദീകരണവും നല്കാനില്ല എന്ന് സാക്ഷ്യപ്പെടുത്തണം.

കേരളത്തില്‍ മറിയം ത്രേസ്യയുടെ നാമകരണനടപടിക്ക് ഹേതുവായ അത്ഭുതത്തിന്റെ കാര്യത്തിലും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയത് ഇത് മാത്രമാണ്. ഡോക്ടറൊരിക്കലും അത് അത്ഭുതമാണെന്ന് പറയുകയോ അത് മറിയം ത്രേസ്യ വഴിയാണ് സംഭവിച്ചതെന്ന് പറയുകയോ ചെയ്തിട്ടില്ല, അതിന്‍റെ ആവശ്യവുമില്ല. ഡോക്ടറുടെ മൊഴിയും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ച് തിരുസഭ നിയോഗിച്ചിരിക്കുന്ന വിദഗ്ധരുടെ കമ്മീഷനാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്.

5. സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തിലുള്ളോ? ‍

ഒരിക്കലുമല്ല. നമ്മില്‍ നിന്ന് വേര്‍പെട്ടുപോയവരില്‍ ഒരുപാടുപേര്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഉറപ്പ് നല്കുന്നുവെന്നത് മാത്രമേ സഭ ചെയ്യുന്നുള്ളൂ. സഭ ഭൂമിയില്‍ ഒരാളെ വിശുദ്ധ(നാ)യായി പ്രഖ്യാപിക്കുന്നതിലൂടെയല്ല അയാള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നത്. മറിച്ച് സ്വര്‍ഗ്ഗത്തിലെത്തിയെന്ന് ഉറപ്പുള്ളവരെയാണ് സഭ അപ്രകാരം ലോകത്തില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ന് സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരോടൊപ്പം തന്നെ നമ്മുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞവരും സ്വര്‍ഗ്ഗത്തിലുണ്ട് എന്ന് മറക്കാതിരിക്കാം. നമ്മുടെ സിമിത്തേരികളിലും ഇതുപോലെ നിരവധി വിശുദ്ധര്‍ അന്തിയുറങ്ങുന്നുണ്ട് എന്നും അവിടെയും തിരുശേഷിപ്പുകളുണ്ട് എന്നും നാം ഓര്‍മ്മിക്കണം.

6. വിശുദ്ധപദവി പ്രഖ്യാപനം അന്ധവിശ്വാസമോ?

വിശുദ്ധരായി പ്രഖ്യാപിക്കുകയെന്നാല്‍ ദൈവങ്ങളായി പ്രഖ്യാപിക്കുകയെന്നല്ല അര്‍ത്ഥം. അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്ന് സ്ഥാപിക്കലുമല്ല ലക്ഷ്യം. മറിച്ച്, ഈ മനുഷ്യര്‍ വിശുദ്ധമായ ജീവിതത്തിന്റെയും ഉത്കൃഷ്ടമായ ക്രൈസ്തവസാക്ഷ്യത്തിന്റെയും നിദര്‍ശനങ്ങളാണെന്ന് പ്രഖ്യാപിക്കുകയാണ് സഭ ചെയ്യുന്നത്. ഇതില്‍ യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും ഘടകങ്ങളില്ല. അല്ലെങ്കില്‍ത്തന്നെ, ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമായിരുന്നുവെന്നും അദ്ദേഹം ആദരിക്കപ്പെടാന്‍ അര്‍ഹനാണെന്നുമുള്ള തെളിവുകളോടുകൂടിയ പ്രഖ്യാപനം എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്?

7. വിശുദ്ധര്‍ മനോരോഗികളാണോ? ‍

വിശ്വാസജീവിതവും ആത്മീയഅനുഭവങ്ങളും ഒക്കെ തികച്ചും വ്യക്തിപരമാണ്. താന്‍ ജീവിക്കാത്ത ജീവിതം ഒരാള്‍ക്ക് എപ്പോഴും ഒരു കഥപോലെ മാത്രമാണ് അനുഭവപ്പെടുക എന്നത് നഗ്നസത്യമാണ്. വിശുദ്ധരുടെ ജീവിതത്തിന്റെ പ്രത്യേകതകളെ സാധാരണജീവിതശൈലിയുടെ വൈരുദ്ധ്യമായി അവതരിപ്പിക്കുകയും അതുവഴി അവരെ മനോരോഗികളായി ചിത്രീകരിക്കുകയും ചെയ്യുന്നത് തങ്ങളുടെ അല്പബുദ്ധിക്ക് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവരുടെ വികടത്തരം മാത്രമാണ്.

8. മെഡിക്കല്‍ സയന്‍സ് അതില്‍ത്തന്നെ സന്പൂര്‍ണ്ണമാണോ? ‍

മെഡിക്കല്‍ സയന്‍സിന്‍റെ സഹായത്തോടെ അത്ഭുതമാണെന്ന് പ്രഖ്യാപിച്ചത് അന്ധവിശ്വാസം വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ചില കാര്യങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്.

– എല്ലാ രോഗങ്ങളും സുഖമാക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിക്കുന്നുണ്ടോ?

– എല്ലാ സര്‍ജറികളും പൂര്‍ണമായും വിജയിക്കും എന്ന ഉറപ്പ് തരാന്‍ സാധിക്കുമോ?

– എല്ലാ മരുന്നുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യും എന്ന ഉറപ്പ് തരാന്‍ സാധിക്കുമോ?

– എല്ലാ രോഗനിര്‍ണയങ്ങളും 100 ശതമാനം സത്യമാണെന്ന് പറയാനാകുമോ?

– എല്ലാ മെഡിക്കല്‍ സാഹചര്യങ്ങള്‍ക്കും വിശദീകരണമുണ്ടോ?

– മനുഷ്യന്‍റെ ആരോഗ്യമേഖലയില്‍ എല്ലാം നിയന്ത്രണാധീനമാണെന്ന് ഉറപ്പിച്ച് പറയാന്‍ മെഡിക്കല്‍ സയന്‍സിന് സാധിക്കുമോ?

സമാപനം: ‍

മേല്‍ച്ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ മാത്രം മെഡിക്കല്‍ സയന്‍സ് വളര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ അഹങ്കാരം നിറഞ്ഞ വിശകലനങ്ങള്‍ തീഴെ ആഴമില്ലാത്തവയും അപക്വവുമാണ്. കത്തോലിക്കാസഭയുടെ ശാസ്ത്രബോധത്തെയും യുക്തിവിചാരത്തെയും മെഡിക്കല്‍ സയന്‍സിന് വെല്ലുവിളിക്കാനാവില്ല (കാരണങ്ങള്‍ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതുന്നതാണ്). മറിയം ത്രേസ്യയെ വിശ്വാസവും പാരന്പര്യവും പഴുതുകളില്ലാത്ത നടപടിക്രമങ്ങളും ചേര്‍ന്ന് വിശുദ്ധ ജീവിതത്തിന്റെ ഉടമയായി പ്രഖ്യാപിക്കുന്പോള്‍ അതിന്റെ ചുറ്റുവട്ടങ്ങളോട് യാതൊരു ബന്ധവുമില്ലാത്തവര്‍ അതിനെതിരേ എഴുതുകയോ പറയുകയോ ചെയ്യുന്നത് ബൗദ്ധികമായ അവരുടെ സത്യസന്ധതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

കാര്യകാരണബന്ധം സ്ഥാപിച്ചെടുക്കുന്ന യുക്തിവിചാരത്തില്‍ നിരീശ്വരചിന്തയുടെ വിരശല്യമുള്ളവര്‍ക്ക് വിശ്വാസത്തിലധിഷ്ഠിതമായ തിരുസ്സഭയുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നതും വിശ്വാസികള്‍ ഓര്‍ത്തിരിക്കണം.