1 പത്രോ 4:12-19
യോഹ 10:1-15
‘
ആടുകളുടെ കാര്യത്തിൽ താല്പര്യവും ശ്രദ്ധയുമുള്ള ഒരു നല്ല ഇടയനായ വന്ദ്യ പുരോഹിതനായ വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന് നാം ഇന്ന് പ്രത്യേകം അനുസ്മരിക്കുന്നു. തന്റെ ജീവനും ജീവിതവും അജഗണങ്ങളുടെ സർവ്വോത്മുഖമായ ഉന്നമനത്തിനു വേണ്ടി മാറ്റി വെച്ച ഒരു ചെറിയ മനുഷ്യൻ. ആടുകളെ അറിയുന്ന മനസ്സിലാക്കുന്ന അവരെ പേരു ചൊല്ലി വിളിക്കുന്ന ഇടയന്മാർ കുറയുന്ന ഈ കാലഘട്ടത്തിൽ വാ. കുഞ്ഞച്ചൻ നമ്മുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. നല്ല ഇടയനായ മിശിഹായെ അടുത്തറിഞ്ഞ് അനുഗമിച്ച് അവന്റെ മനോഭാവങ്ങൾ സ്വന്തമാക്കി ജീവിച്ച ഈ പുരോഹിതൻ മലമുകളിൽ വെയ്ക്കപ്പെട്ട ദീപമായി കത്തിനിൽക്കുന്നു. സ്വർത്ഥത വെടിഞ്ഞ് മറ്റുള്ളവരുടെ ആവശ്യങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ പ്രത്യേകിച്ച് അതിർവരമ്പുകളിൽ ജീവിക്കുന്നവരിലേക്ക് നമ്മുടെ കണ്ണുകളും കാതുകളും പതിയാൻ ഈ പുരോഹിതന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അജഗണങ്ങളോടുള്ള സ്നേഹം ഒരു കർമ്മ പദ്ധതിയാക്കിക്കൊണ്ട് ശാശ്വതവും നിർമ്മലവും ലാഭേച്ഛയില്ലാത്തതുമായ ഒരു ജീവിതം നയിക്കുവാൻ എല്ലാ ക്രൈസ്തവർക്കും പ്രത്യേകിച്ച് എല്ലാ കുടുംബനാഥന്മാർക്കും ഇടവകയുടെ നാഥന്മാർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ആമ്മേൻ…