മുംബൈ: പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്ക് നീട്ടി. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്ക് നീട്ടിയത്.നിലവില്‍ കേസില്‍ ഡി.എന്‍.എ. ഫലം വൈകുന്നത് കണ്ടാണ് ബോംബെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്ന ലാബില്‍ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷ്വാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തണമെന്നും പോലീസ് കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ കുട്ടിയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. മുംബൈയിലേക്ക് കൊണ്ടുവന്ന തന്നെയും കുട്ടിയെയും ബിനോയിയാണ് സംരക്ഷിച്ചിരുന്നത് എന്നും കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു.