വത്തിക്കാൻ സിറ്റി: ഭാരതസഭ ഒരിക്കൽക്കൂടി അനുഗ്രഹീതമായി. 120 കോടി വിശ്വാസികളുള്ള കത്തോലിക്കാ സഭയുടെ ആത്മീയ പിതാവായ ഫ്രാൻസിസ് മാർപാപ്പ മദർ മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്ക് പേരു ചൊല്ലി വിളിച്ച ഭാഗ്യനിമിഷം. പ്രഥമ പാപ്പയായ വിശുദ്ധ പത്രോസ് മുതലുള്ള മാർപ്പാപ്പമാരുടെ ഭൗതികശരീരം അലിഞ്ഞുചേർന്ന അതിപൂജ്യമായ ചരിത്രഭൂമികയിൽ പതിനായിരത്തിലേറെ ലോകമലയാളികൾ സംഗമിച്ച വേളയിലാണ് മലയാളിയായ മദർ മറിയം ത്രേസ്യ അൾത്താരയിലേക്ക് ഉയർത്തപ്പെട്ടത്.
സഹനത്തിലൂടെ ക്രിസ്തുവിനെ അനേകരിലേക്ക് പകർന്ന കന്യാസ്ത്രീയുടെ ജീവിതം ലഘുവായി ഇതേ ചടങ്ങിൽ വായിക്കുകയും ചെയ്തു. ലോകമെന്പാടും കുടിയേറിയ മലയാളികളായ വൈദികരും സന്യസ്തരും അത്മായരും ഉൾപ്പെടുന്ന വിശ്വാസികൾ വത്തിക്കാനിൽ ഇന്നു നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിനു സാക്ഷികളായി.
അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള തീർഥാടകരും വിവിധ രാഷ്ട്രനേതാക്കളും സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ചത്വരത്തിൽ തിങ്ങിനിറഞ്ഞ ചടങ്ങിൽ, ഭാരതമുദ്രയായ ത്രിവർണപതാകയും മദർ മറിയം ത്രേസ്യായുടെ ചിത്രവും ഉയർന്നുപാറിയപ്പോൾ ഭാരതമക്കളുടെ ഹൃദയം കുളിർത്തു.ലോകമെന്പാടും ഇതേ ചടങ്ങ് ചാനലുകളിൽ ദർശിച്ച് ജനലക്ഷങ്ങൾ സന്തോഷം പങ്കുവച്ചു. കടുത്ത തണുപ്പിനെ അവഗണിച്ച് ഇന്നലെയും ഇന്നുമായി മലയാളികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു വത്തിക്കാനിലേക്ക്. ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യകാർമികനായ ചടങ്ങിൽ കർദിനാൾമാരും മെത്രാൻമാരും ഉൾപ്പെടെ മൂവായിരത്തിലേറെ അഭിഷിക്തരുമാണ് തിരുകർമങ്ങളിൽ കാർമികരായത്. ലത്തീൻ, ഗ്രീക്ക്, ഇംഗ്ളീഷ് ഭാഷകൾക്കൊപ്പം മലയാളവും പ്രാർഥനാഗീതങ്ങളായി ഉയർന്നുകേട്ടപ്പോൾ സെന്റ് തോമസിന്റെ വിശ്വാസ പാരന്പര്യമുള്ള ഭാരതസഭാ മക്കളുടെ ഹൃദയം ഭക്തിയിൽ നിറഞ്ഞു.അൽഫോൻസാമ്മയുടെയും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മദർ തേരേസയുടെയും വിശുദ്ധ പദവി പ്രഖ്യാപനം പകർന്ന അതേ ധന്യതയാണ് കത്തോലിക്കാ സഭയുടെ ആസ്ഥാന അങ്കണത്തിൽ ഇന്നു വിശ്വാസികളിൽ ജ്വലിച്ചത്.രണ്ടു സഹസ്രാബ്ദങ്ങളുടെ കത്തോലിക്കാ വിശ്വാസ പാരന്പര്യമുള്ള തൃശൂർ, ഇരിങ്ങാലക്കുട രൂപതകളിൽ നിന്നു മാത്രം രണ്ടായിരത്തോളം പേർ അനുഗ്രഹീതനിമിഷത്തിൽ പങ്കാളികളായി. ഗൾഫിലേക്കും യൂറോപ്പിലേക്കും കുടിയേറിയ മലയാളികളാണ് പ്രവാസികളുടെ ഗണത്തിൽ ഏറ്റവുമധികം ഇന്നു വത്തിക്കാനിൽ സംഗമിച്ചത്.
കൂപ്പുകരങ്ങൾ സാക്ഷി; മലയാളികളുടെ ഹൃദയങ്ങൾ ജ്വലിച്ചു
