പെണ്ണായിപ്പിറന്നവർക്കു സാമൂഹ്യ വിലക്കുകൾ ഏറെയുണ്ടായിരുന്ന ഒരു കാലത്ത് വേദനിക്കുന്നവർക്ക് ആശ്വാസമായി ഓടിനടന്ന മറിയം ത്രേസ്യ നവോത്ഥാനത്തിന്റെ പുതിയ വഴികൾ കേരളനാട്ടിൽ വെട്ടിത്തുറന്നു.
കേരളത്തിൽനിന്നും കത്തോലിക്കാസഭയുടെ വിശുദ്ധപദത്തിൽ ഔപചാരികമായ അംഗീകാരമുദ്ര സ്വീകരിക്കുന്ന നാലാമത്തെയാൾ. നാലുപേരും സന്യസ്തർ, അതിൽ മൂന്നു പേർ സന്യാസിനികൾ. ക്രൈസ്തവ സന്യാസം തെരുവിൽ അവഹേളിക്കപ്പെടുകയും വികലമായ അന്തിച്ചർച്ചകൾക്കു വിഷയമാവുകയും ചെയ്യുന്ന ഒരു കാലത്ത് കേരള സമൂഹത്തിനു സമർപ്പിത ജീവിതത്തിന്റെ ഉദാത്ത മാതൃകകളായി പ്രശോഭിക്കുകയാണ് ഈ വിശുദ്ധ താരകങ്ങൾ. തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ പിറന്ന്, ജീവകാരുണ്യ പ്രവർത്തകയായി ജീവിച്ച് നിരവധിയാളുകൾക്കു ജീവിതത്തിൽ പ്രകാശവും പ്രത്യാശയും പകർന്ന ചിറമ്മൽ മങ്കിടിയാൻ മറിയം ത്രേസ്യ എന്ന സ്ത്രീരത്നം ഇന്നു കത്തോലിക്കാ സഭയിലെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയാണ്.
1876 ഏപ്രിൽ 26ന് പുത്തൻചിറ ചിറമ്മൽ മങ്കിടിയാൻ തോമ – താണ്ട ദന്പതികളുടെ മൂന്നാമത്തെ മകളായി ജനിച്ച ത്രേസ്യ 1926 ജൂൺ എട്ടിനു മരിച്ചു. വെറും 50 വർഷം ദീർഘിച്ച ഹ്രസ്വ ജീവിതം. മനസിനെ തപസുകൊണ്ടും പ്രാർഥനകൊണ്ടും പ്രായശ്ചിത്തംകൊണ്ടും പരിപക്വമാക്കിയ മറിയം ത്രേസ്യയുടേത് ധൈര്യവും വിശുദ്ധിയും കഠിനാധ്വാനശീലവും ത്യാഗമനോഭാവവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു. സ്വാതന്ത്ര്യം, ശക്തീകരണം മുതലായ വിശേഷണങ്ങൾ സ്ത്രീ എന്ന പദത്തോടു ചേർത്ത് അത്രയൊന്നും പറയപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചവൾ. ആയിരക്കണക്കിനു മനുഷ്യരുടെ മനസിൽ നവോത്ഥാന ചിന്തകൾക്ക് അവൾ വിത്തുപാകി. നവോത്ഥാനമെന്നാൽ കുടുംബങ്ങളുടെ ശക്തീകരണവും വിശുദ്ധീകരണവുമാണെന്ന് അവൾ തിരിച്ചറിഞ്ഞു. സമാനമനസ്കരായ മൂന്നു കൂട്ടുകാരികൾ ബാല്യംമുതൽ അവൾക്കൊപ്പമുണ്ടായിരുന്നു – മാളിയേക്കൽ കൂനൻ താണ്ട, മാളിയേക്കൽ കൂനൻ കൊച്ചുമറിയം, കരുമാലിക്കൽ മറിയം എന്നിവർ. സ്ത്രീശക്തി കൂട്ടായ്മയുടെ വിളംബരമായി ഇവരുടെ പ്രവർത്തനങ്ങൾ. അൾത്താര അലങ്കരിക്കുന്നതും പള്ളിമുറ്റം വൃത്തിയാക്കുന്നതും അടുക്കളത്തോട്ടത്തിൽ പണിയുന്നതും പോലുള്ള എളിയ പ്രവർത്തികളും അഭിമാനകരമായ സമർപ്പിതശുശ്രൂഷകളായി അവർ സ്വയം ഏറ്റെടുത്തു. വസൂരി ബാധിച്ച രോഗികളെവരെ ശുശ്രൂഷിച്ചും വ്രണങ്ങൾ വച്ചുകെട്ടിയും വയോധികരെ സഹായിച്ചും രാത്രിയുടെ യാമങ്ങളിലും ചുറ്റിസഞ്ചരിക്കാൻ അവർ ഭയപ്പെട്ടില്ല.
പെണ്ണായിപ്പിറന്നവർക്കു സാമൂഹ്യവിലക്കുകൾ ഏറെയുണ്ടായിരുന്ന ഒരു കാലത്ത് വേദനിക്കുന്നവർക്ക് ആശ്വാസമായി ഓടിനടന്ന മറിയം ത്രേസ്യ നവോത്ഥാനത്തിന്റെ പുതിയ വഴികൾ കേരളനാട്ടിൽ വെട്ടിത്തുറന്നു. വഴിയിൽ വീണതിനെ ശുശ്രൂഷിക്കാനുള്ള സത്രമാണു സഭയെന്ന് അമ്മ പഠിപ്പിച്ചു. കണ്ണീരണിഞ്ഞ കുടുംബങ്ങളെ ചേർത്തുപിടിച്ച് അവരുടെ വേദന ഏറ്റെടുത്ത് അവർക്കുവേണ്ടി ഉറക്കമൊഴിച്ചു പ്രാർഥിച്ച അമ്മ.സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണു കുടുംബം. അതിനെ ബലപ്പെടുത്തേണ്ടത് തങ്ങളുടെ ദൗത്യമാണെന്നു തിരിച്ചറിഞ്ഞ മറിയം ത്രേസ്യ തന്റെ കൂട്ടുകാരികളെ ചേർത്ത് തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു രൂപം നൽകി. ഇന്നു രണ്ടായിരത്തോളം അംഗങ്ങളുള്ള ഈ സമർപ്പിത സമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഈ ദൗത്യം തുടരുന്നു.രോഗവും വേദനയും മദ്യപാനാസക്തിയുമൊക്കെയുള്ള കുടുംബങ്ങളിൽ അവൾ കയറിയിറങ്ങി. അതിനു സമയമോ സാഹചര്യമോ അവൾ ഗൗനിച്ചില്ല. ജീവനോടുള്ള ആദരവ്, അറിവ് പകർന്നു നൽകാനുള്ള ആവേശം, കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇടയിലൂടെ ധീര പ്രേഷിതത്വം എന്നിവ മറിയം ത്രേസ്യയുടെ പ്രത്യേകതകളായിരുന്നു. കളരിവിദ്യാഭ്യാസം മാത്രം സിദ്ധിച്ച അവർ പിന്നീട് പെൺപള്ളിക്കൂടങ്ങൾക്കടക്കം ആരംഭം കുറിച്ചു. അതിനായി തന്റെ സന്യാസസമൂഹാംഗങ്ങളെ പ്രാപ്തരാക്കി. കാരണം, വിദ്യാഭ്യാസം സാമൂഹ്യനവോത്ഥാനത്തിന്റെ അവശ്യഘടകമാണെന്ന് അവർ തിരിച്ചറിഞ്ഞു. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ മാതൃക അവർ ഏറ്റെടുത്തു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പട്ടിണിയും സാമൂഹികമായ അസ്വസ്ഥതകളും ഏറെയുണ്ടായിരുന്ന കാലം. സ്ത്രീകൾ നിർദാക്ഷിണ്യം പാർശ്വവത്കരിക്കപ്പെട്ടയിടത്ത് സമൂഹത്തിൽ അവർക്കു മാന്യവും സുവ്യക്തവുമായ പ്രവർത്തന മേഖലകളുണ്ടെന്നു കാണിച്ചുകൊടുത്തു. അവരെ നവോത്ഥാന നായികയെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കാനാവുക!
സെപ്റ്റംബർ 29 ലെ മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അടിവരയിട്ടു പറഞ്ഞു. രാജ്യത്തിന് അവരോടുള്ള ആദരവിന്റെ സൂചകമായി കേന്ദ്ര സർക്കാർ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഔദ്യോഗിക പ്രതിനിധി സംഘത്തെ വത്തിക്കാനിലേക്ക് അയച്ചിട്ടുണ്ട്. ഇതു തീർച്ചയായും ഭാരത ക്രൈസ്തവരോടുള്ള മോദി സർക്കാരിന്റെ പരിഗണനയായും കാണാം.മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി മുതൽ വത്തിക്കാൻ വരെ ഇന്ന് ആനന്ദവേളയാണ്. മറിയം ത്രേസ്യയുടെ പ്രേഷിത ചൈതന്യം പിന്തുടരുന്ന, വിദേശരാജ്യങ്ങളിലടക്കം പടർന്നു പന്തലിച്ചുകഴിഞ്ഞ തിരുകുടുംബ സന്യാസിനി സമൂഹത്തിനും ഇത് അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും പുണ്യനിമിഷം.ഈ മഹത്കർമത്തോടനുബന്ധിച്ച്, വിശുദ്ധയുടെ ജീവിതത്തെയും പ്രവർത്തന മാതൃകകളെയും അടുത്തറിയാൻ സഹായകരമായ വിധത്തിൽ ഒരു ഗ്രന്ഥം, “കുടുംബങ്ങളുടെ മധ്യസ്ഥ’’, ദീപിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനിൽനിന്നും ഈ ഗ്രന്ഥം ഏറ്റുവാങ്ങി അതിൽ കൈയൊപ്പുചാർത്തിയിരുന്നു.
കടപ്പാട്- ദീപിക