വാർത്തകൾ
🗞🏵 *വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി* . മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ചു കൊണ്ടാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവത് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ പരമ്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തി, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.
🗞🏵 *പാക്കിസ്ഥാൻ സമ്മതിച്ചാൽ ആ രാജ്യത്ത് ചെന്ന് ഭീകരവാദം തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.* തീവ്രവാദികളെ തരിപ്പണമാക്കാൻ സൈന്യത്തെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
🗞🏵 *റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ പ്രതിഷേധം ശക്തമായതോടെ സൽമാൻ ഖാന്റെ വീടിനു സുരക്ഷ വർധിപ്പിച്ചു.* ബാന്ദ്രയിലെ വീടിനാണ് സുരക്ഷ വർധിപ്പിച്ചത്.ബിഗ് ബോസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണി സേന അംഗങ്ങളടക്കമുള്ളവര്‍ സല്മാന് ഖാന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ 20 ഓളം പ്രതിഷേധകരെകാരെ പോലീസ് ഇവിടെനിന്നും അറസ്റ്റ് ചെയ്ത് നീക്കി.
🗞🏵 *അഞ്ചു മാസങ്ങൾക്കു ശേഷം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.* മഹാരാഷ്ട്രയിലെ ലത്തൂരിൽ നടന്ന തെരഞ്ഞെടുച്ചു റാലിയിലാണു രാഹുൽ ഇടവേളയ്ക്കുശേഷം പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ ഉയർത്തിയാണ് ഇക്കുറിയും രാഹുൽ കേന്ദ്ര സർക്കാരിനെ ആക്രമിച്ചത്.
🗞🏵 *സോഷ്യൽ മീഡിയായിൽ സജീവമായിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻസ്റ്റാഗ്രാമിൽ മൂന്ന് കോടി ഫോളോവേഴ്സ്.* കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേർസുള്ള ലോക നേതാവും മോദിയാണ്.
🗞🏵 *ചൈനയിലെ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു.* പത്ത് പേർക്ക് പരിക്കേറ്റു. ജിയാംഗ്സു പ്രവിശ്യയിലെ വുക്സി നഗരത്തിലുള്ള ഭക്ഷണശാലയിൽ ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
🗞🏵 *ഡ്രൈവര്‍മാരുടെ കുറവിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ മറവില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്താന്‍ കെ.എസ്.ആര്.ടി.സി നീക്കം.* ദിവസേന നാനൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിട്ടും വരുമാനത്തില്‍ കാര്യമായ നഷ്ടമുണ്ടാകാത്തതാണ് മാനേജ്മെന്റിനെ ഇതിന് പ്രേരിപ്പിക്കുന്നത്.
🗞🏵 *സീറോ മലബാർ സഭയ്ക്കായി വത്തിക്കാനിൽ സ്ഥാപിതമായ പ്രൊക്യൂറയുടെ നവീകരിച്ച ഭവനം ‘ദോമൂസ് മാർ തോമ’യുടെ വെഞ്ചരിപ്പിനും ഉദ്ഘാടനത്തിനും നിരവധി മെത്രാന്മാരും വൈദികരും സസ്യസ്തരും വിശ്വാസികളും സാക്ഷികളായി.* വത്തിക്കാന്‍ അടുത്തുതന്നെയുള്ള പ്രൊക്കുറ സീറോമലബാർ സഭയുടെ ഏറെക്കാലത്തെയും സ്വപ്നമായിരുന്നു. ഇന്നലെ രാവിലെ 9.30-ന് ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിയിൽ മുഖ്യകാർമികനായി.
🗞🏵 *കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിയായി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ തുടരും.* ഒൗദ്യോഗിക കാലാവധി ഒക്ടോബർ 14ന് അവസാനിക്കാനിരിക്കെ ബംഗളൂരുവിൽ ചേർന്ന സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് 2022 ഒക്ടോബർ 14 വരെ മൂന്നുവർഷത്തേക്കു നിയമനം അംഗീകരിച്ചത്.
🗞🏵 *മോഷണക്കേസിൽ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ആക്രമണത്തിൽ മൂന്നു ജയിൽ വാർഡന്മാർക്കു പരിക്കേറ്റു.* അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരായ പി.ബി. ജലീൽ, സി.ആർ. ബിനു, ടി.എം. അൻസാർ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.*
🗞🏵 *പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാനുള്ള ആർജവം വീണ്ടെടുക്കുകയല്ലാതെ മറ്റു വഴികളൊന്നും ഇന്ത്യൻ ജനതയ്ക്കു മുന്നിലില്ലെന്ന്, കാഷ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽനിന്നു രാജിവച്ച കണ്ണൻ ഗോപിനാഥൻ.* ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കപ്പെടുമ്പോൾ പരാജയപ്പെടുന്നതു രാജ്യംതന്നെയാണ്. സർക്കാരുകൾക്കു പരാജയം സംഭവിച്ചേക്കാം.
🗞🏵 *പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിവരാവകാശനിയമത്തെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ പൊതുസമൂഹം ചെറുത്തു തോൽപ്പിക്കണമെന്നു ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ.* വിവരാവകാശനിയമത്തെ ശക്തിപ്പെടുത്തേണ്ടതിനു പകരം ദുർബലപ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഡ്രൈവർമാർ.* ദീർഘദൂര രാത്രികാല സൂപ്പർ ക്ലാസ് സർവീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള രണ്ട് ഡ്രൈവർമാരെ അയയ്ക്കുന്ന ഡിസി സംവിധാനം ഇന്ത്യയിലാകമാനം നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷം മുന്‍പാണ് കേരളത്തിൽ നടപ്പിലാക്കിയത്. പതിനാറും പതിനെട്ടും മണിക്കൂർ സമയം ഒരു ഡ്രൈവർ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും യാത്രക്കാർക്കു സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സംവിധാനം നടപ്പാക്കിയത്.
🗞🏵 *പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ നവമാധ്യമ സംസ്കാരം വളർത്തിയെടുക്കാൻ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും തയാറാകണമെന്നു കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ (കെആർഎൽസിബിസി) മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ.* കേരള ലത്തീൻ കത്തോലിക്കാ മാധ്യമ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
🗞🏵 *പിഎസ്സി നടത്തിയ എഴുത്തുപരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച മൂന്നു പേരെ അഭിമുഖപരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചതായി പരാതി.* ആസൂത്രണ ബോർഡിൽ പ്ലാനിംഗ് ബോർഡ് ചീഫ് (പ്ലാൻ കോ- ഓർഡിനേഷൻ), പ്ലാനിംഗ് ബോർഡ് ചീഫ് (ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ്), പ്ലാനിംഗ് ബോർഡ് ചീഫ് (ചീഫ് സോഷ്യൽ സർവീസസ്) എന്നീ മൂന്ന് ഉന്നത തസ്തികകളിലേക്ക് 2018 നവംബറിൽ പിഎസ്സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
🗞🏵 *മരട് ഫ്ലാറ്റുകൾ പൊളിക്കാനായി കരാർ ഏറ്റെടുത്ത കമ്പനികൾക്കു കൈമാറുന്ന പൊളിച്ചുമാറ്റാനുള്ള കെട്ടിടങ്ങൾ ഏതൊക്കെയെന്നു ധാരണയായി.* നാലിടങ്ങളിലായി അഞ്ചു ബഹുനില കെട്ടിടങ്ങളാണുള്ളത്. മരട് നഗരസഭയ്ക്കു സമീപത്തെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, കണ്ണാടിക്കാട് ചമ്പക്കര കനാലിന് സമീപത്തുള്ള ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടെഴുത്തുംകടവിലുള്ള ജെയിൻ കോറൽ കോവ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനിയറിംഗ് കമ്പനിയാണു പൊളിക്കുക.
🗞🏵 *വിമാനത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന തമാശ യാത്രക്കാരനെ കുടുക്കി.* ലക്നോ വിമാനത്താവളത്തിൽ ഡൽഹിക്കു പോകാനെത്തിയ പിയൂഷ് വർമയെന്ന യാത്രക്കാരനാണ് നുണ ബോംബ് പണികൊടുത്തത്. ഡൽഹിക്കുപോകാനെത്തിയ പിയൂഷ് വിമാനത്തവളത്തിൽ അടുത്തിരുന്ന യാത്രക്കാരനോട് നടത്തിയ കുശലാന്വേഷണം കൈവിട്ടുപോകുകയായിരുന്നു.
🗞🏵 *സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിർണായക വിവരങ്ങൾ വ്യക്തമാക്കി അന്വേഷണ സംഘത്തലവൻ റൂറൽ എസ്പി കെ.ജി.സൈമൺ.* ആറ് കൊലപാതകങ്ങളും താൻ തന്നെ ചെയ്തതാണെന്ന് ജോളി വെളിപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് കുഴിച്ച് മൂടി.* ചെമ്മാമുക്ക് സ്വദേശിനി സാവിത്രി (84) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 പേർ അറസ്റ്റിലായി.* ഓപ്പറേഷൻ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റർപോളും കേരള പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.
🗞🏵 *തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഡിജെഎസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.* എൽഡിഎഫിലേക്ക് ഇപ്പോൾ ആരെയും എടുക്കുന്നില്ലെന്ന് കാനം പറഞ്ഞു.
🗞🏵 *ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.* മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.
🗞🏵 *പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പരിസ്ഥിതി ലോല മേഖലയില്‍ പാറ ഖനനത്തിന് അനുമതി നല്കി സര്‍ക്കാര്‍.* ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരം ഉഴമലയ്ക്കലെ അതീവ പരിസ്ഥിതി ലോലപ്രദേശമായ മങ്ങാട്ടുപാറയിലാണ് ഖനനം നടത്താന്‍ സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയത്. കിലോമീറ്റര്‍ മാത്രം അകലത്തില്‍ മൂന്ന് ക്വാറികള്ളുള്ളതിനാല് മങ്ങാട്ടുപാറയിലെ ഖനനം വലിയ പ്രത്യാഘാതമുണ്ടാക്കും.
🗞🏵 *വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ വ്യാജവിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ .* 2009ലും 2011ലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന് അംഗമാവാന്‍ നല്കിയ അപേക്ഷയിലും ബികോം ബിരുദമെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സര്‍വകലാശാലയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
🗞🏵 *പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ഇനിയും പൂര്‍ത്തിയായില്ല.* പതിനയ്യായിരത്തോളം പേര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ഇവരുടെ അര്‍ഹതാ പിശോധന നടന്നുവരുന്നതേയുള്ളൂ എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഒാണത്തിന് മുന്‍പ് എല്ലാവക്കും സഹായം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
🗞🏵 *കേരളത്തിന്റെ സ്വന്തം കോകോണിക്സ് ലാപ്ടോപ്പുകള് അടുത്തയാഴ്ച സംസ്ഥാന സര്‍ക്കാരിന് കൈമാറും.* 105 ലാപ്ടോപ്പുകളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നല്‍കുന്നത്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെയും ഐടി കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെയും പങ്കാളിത്തമുള്ള കമ്പനിയായ കോക്കോണിക്സ് സംസ്ഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുടെ ആദ്യവില്പനയാകും ഇത്.
🗞🏵 *റബർ തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മൂന്നുരമാസം മുൻപ് കാണാതായ വീട്ടമ്മയുടേതെന്ന് കണ്ടെത്തി.* വടക്കഞ്ചേരി ദേശീയപാതയിൽ ശങ്കരംകണ്ണൻതോടിനു സമീപത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വടക്കഞ്ചേരി ചന്തപ്പുര സെയ്താലിയുടെ ഭാര്യ സൈനബയുടെതാണ്(60) അസ്ഥികൂടമെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പീച്ചിയിലുള്ള സഹോദരിയുടെ വീട്ടിൽ വിരുന്നുപോയ സൈനബയെ കഴിഞ്ഞ ജൂൺ 28നാണു കാണാതായത്.
🗞🏵 *കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച മുന്‍ എംപി എ.സമ്പത്തിന് നാല് പഴ്സണല്‍ സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.* പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് ഇന്നലെ പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. യാത്രാബത്ത പിന്നീടു തീരുമാനിക്കുമെന്നും ഉത്തരവിൽ പറയുന്നു
🗞🏵 *ആമസോണിന്റെ സെലിബ്രേഷൻ സ്പെഷ്യൽ വിൽപനയ്ക്ക് ഇന്ന് തുടക്കം.* ഉത്സവ വിൽപനയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ, ടിവികൾ, മറ്റ് ഗാഡ്ജെറ്റുകൾ എന്നിവയിൽ വൻ ഓഫറുകൾ നൽകുന്നുണ്ട്.. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ഓഫർ ചെയ്യുന്നതിനായി ആമസോൺ ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നുണ്ട്.
🗞🏵 *എ ഐ സിസി അംഗവും തിരുവനന്തപുരം ഡിസിസി ഉപാധ്യക്ഷനുമായ കാവല്ലൂർ മധു അന്തരിച്ചു.* 63 വയസായിരുന്നു. വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണായിരുന്നു അന്ത്യം. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പ്രബലനേതാവായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ ഒരു സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
🗞🏵 *ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് ഭർത്താവ് രണ്ട് മക്കൾക്കും ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന് പരാതി.* പിന്നാലെ ഇയാളും വിഷം കഴിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തു. വിഷം ഉള്ളിൽച്ചെന്ന ഇളയ മകൻ പ്രണീത്(5) മരിച്ചു. മൂത്ത മകൻ പ്രദീപ്(7) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ തുടരുകയാണ്. ഹൈദരാബാദിലാണ് സംഭവം.
🗞🏵 *ജപ്പാനിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു.* പതിനേഴോളം പേരെ കാണാതായി. നൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.
🗞🏵 *മരടിൽ പൊളിക്കാനുള്ള ഫ്ളാറ്റുകളുടെ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് നൽകി ജില്ലാ ഭരണകൂടം.* 100 കോടി രൂപയുടേതാണ് ഇൻഷുറൻസ്. പൊളിക്കുന്ന കമ്പനികളിൽ നിന്ന് തുക ഈടാക്കാൻ ആണ് തീരുമാനം. ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കയകറ്റാൻ വിളിച്ച യോഗങ്ങൾ പുരോഗമിക്കുകയാണ്.
🗞🏵 *ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ.* 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. റഷ്യയുടെ എകതെറീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്പിച്ചത്.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന് നിര്‍ദേശം.* വടകരയിലെ എസ്പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്നാണ് നിർദേശം.
🗞🏵 *ഉത്തർപ്രദേശിലെ സഹാറൻപുരിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു.* ധാരാ സിംഗ്(47) ആണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഉത്തർപ്രദേശിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് ഇന്പിച്ചി മൊയ്തീന്റെ വീട്ടിൽ പോലീസ് റെയ്ഡ്.* അറസ്റ്റിലാകുന്നതിനു മുൻപ് ഭൂനികുതി രേഖകൾ, റേഷൻ കാർഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏൽപ്പിച്ചുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് പോലീസ് നടപടി.
🗞🏵 *ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.* മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ബിജെപിയുടെ പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വെല്ലുവിളി. കഴിഞ്ഞ അഞ്ചു വർഷത്തെ തന്റെ സർക്കാരിന്റെ പ്രവർത്തനം കണ്ടു പ്രതിപക്ഷം ഞെട്ടിയിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു.
🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
*ഇന്നത്തെ വചനം*
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്‍െറ സ്വര്‍ഗസ്ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന് വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?
കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന് സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന് പോലും നശിച്ചുപോകാന്‍ എന്‍െറ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
മത്തായി 18 : 10-14
🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
*വചന വിചിന്തനം*
മത്താ18 :10 – 14
ഹെബ്രാ 10: 19- 25
‘ഒരുവൻ പോലും നശിച്ചുപോകാൻ ഇഷ്ടപ്പെടാത്ത എന്റെ സ്വർഗസ്ഥനായ പിതാവ്’
ഇന്നത്തെ സുവിശേഷം ചില മുന്നറിയപ്പുകൾ നമുക്കു നൽകുന്നു. ഈശോ പറയുന്നു: ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. പ്രിയമുള്ളവരെ ഇന്ന് നമ്മുടെ സമൂഹങ്ങളിൽ നടക്കുന്ന മാന്യമല്ലാത്തതും എന്നാൽ സർവ്വസാധാരണയുമായ ഒരു കാര്യം മറ്റുള്ളവരെ അവരുടെ പ്രവൃത്തികളുടെ മാനദണ്ഡമനുസരിച്ച് നന്ദിക്കുകയും വിമർശിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുക എന്നതാണു്. സഹോദരൻ എന്ന് ഞാൻ കരുതേണ്ടവന്റെ വാക്കുകളും പ്രവൃത്തികളും വേണ്ടതുപോലെ മനസ്സിലാക്കാൻ ശ്രമിക്കാതെ എനിക്കിഷ്ടമുള്ള രീതിയിൽ നാം പലതും പറയുന്നു. നമുക്കറിഞ്ഞുകൂടാത്ത പലതിനെക്കുറിച്ചും നാം മോശമായ അഭിപ്രായങ്ങൾ പറയുന്നു. ഇത്തരമൊരു സംസ്ക്കാരത്തിൽ നിന്ന് നാം മോചനം പ്രാപിച്ച് മതിയാവൂ. അതിനുള്ള ഉപാധി മിശിഹായുടെ വചനങ്ങൾക്ക് ചെവികൊടുക്കുക എന്നതാണ്. ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കുക. ആരും നശിച്ചുപോകാൻ ഇഷ്ടപ്പെടാത്ത സ്വർഗീയ പിതാവിന്റെ ദൂതൻ അവരുടെ മുഖം സദാ ദർശിച്ചു കൊണ്ടിരിക്കുന്നു. ഈ സ്വർഗ്ഗീയ പിതാവിന് 99 നേക്കാൾ വലുത് വഴിയറിയാതെ ഇരുട്ടിലലയുന്ന നമ്മൾ തന്തോന്നി എന്ന് പറയുന്ന ആ ഒന്നാണ്. അതിനാൽ പ്രിയമുള്ളവരെ നമുക്ക് ആരെയും വിധിക്കാതിരിക്കാം, നിന്ദിക്കാതിരിക്കാം. വീണു പോയവൻ എന്ന് ഞാൻ മുദ്രകുത്തന്നവനെയും താങ്ങിയെടുത്ത് തോളിലേറ്റുന്ന ഒരു മഹാപുരോഹിതനാണ് എന്റെ ദൈവം അതിനാൽ ദുഷ്ടമന:സാക്ഷിയിൽ നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കി ശരീരം ശുദ്ധജലത്തിൽ കഴുകി സ്ഥിരതയോടു കൂടി അവന്റെ വചനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാം. പാപികളുടെ സങ്കേതമായ മറിയം ഇതിനു നമ്മെ സഹായിക്കട്ടെ. ആമ്മേൻ…
🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*