മത്താ18 :10 – 14
ഹെബ്രാ 10: 19- 25
ഇന്നത്തെ സുവിശേഷം ചില മുന്നറിയപ്പുകൾ നമുക്കു നൽകുന്നു. ഈശോ പറയുന്നു: ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. പ്രിയമുള്ളവരെ ഇന്ന് നമ്മുടെ സമൂഹങ്ങളിൽ നടക്കുന്ന മാന്യമല്ലാത്തതും എന്നാൽ സർവ്വസാധാരണയുമായ ഒരു കാര്യം മറ്റുള്ളവരെ അവരുടെ പ്രവൃത്തികളുടെ മാനദണ്ഡമനുസരിച്ച് നന്ദിക്കുകയും വിമർശിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുക എന്നതാണു്. സഹോദരൻ എന്ന് ഞാൻ കരുതേണ്ടവന്റെ വാക്കുകളും പ്രവൃത്തികളും വേണ്ടതുപോലെ മനസ്സിലാക്കാൻ ശ്രമിക്കാതെ എനിക്കിഷ്ടമുള്ള രീതിയിൽ നാം പലതും പറയുന്നു. നമുക്കറിഞ്ഞുകൂടാത്ത പലതിനെക്കുറിച്ചും നാം മോശമായ അഭിപ്രായങ്ങൾ പറയുന്നു. ഇത്തരമൊരു സംസ്ക്കാരത്തിൽ നിന്ന് നാം മോചനം പ്രാപിച്ച് മതിയാവൂ. അതിനുള്ള ഉപാധി മിശിഹായുടെ വചനങ്ങൾക്ക് ചെവികൊടുക്കുക എന്നതാണ്. ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കുക. ആരും നശിച്ചുപോകാൻ ഇഷ്ടപ്പെടാത്ത സ്വർഗീയ പിതാവിന്റെ ദൂതൻ അവരുടെ മുഖം സദാ ദർശിച്ചു കൊണ്ടിരിക്കുന്നു. ഈ സ്വർഗ്ഗീയ പിതാവിന് 99 നേക്കാൾ വലുത് വഴിയറിയാതെ ഇരുട്ടിലലയുന്ന നമ്മൾ തന്തോന്നി എന്ന് പറയുന്ന ആ ഒന്നാണ്. അതിനാൽ പ്രിയമുള്ളവരെ നമുക്ക് ആരെയും വിധിക്കാതിരിക്കാം, നിന്ദിക്കാതിരിക്കാം. വീണു പോയവൻ എന്ന് ഞാൻ മുദ്രകുത്തന്നവനെയും താങ്ങിയെടുത്ത് തോളിലേറ്റുന്ന ഒരു മഹാപുരോഹിതനാണ് എന്റെ ദൈവം അതിനാൽ ദുഷ്ടമന:സാക്ഷിയിൽ നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കി ശരീരം ശുദ്ധജലത്തിൽ കഴുകി സ്ഥിരതയോടു കൂടി അവന്റെ വചനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാം. പാപികളുടെ സങ്കേതമായ മറിയം ഇതിനു നമ്മെ സഹായിക്കട്ടെ. ആമ്മേൻ…