ആഗോള കത്തോലിക്കാസഭാ കൂട്ടായ്മയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി മുന്നോട്ടുനീങ്ങുകയാണു സീറോ മലബാർ സഭ. മാർത്തോമ്മാ ശ്ലീഹായിൽനിന്നു ലഭിച്ച പൈതൃകത്തോടു വിശ്വസ്തത പുലർത്തി സുവിശേഷവത്കരണ- പ്രേഷിത പ്രവർത്തനങ്ങളിലൂടെ ഒരു ഗ്ലോബൽ മിനിസ്ട്രിയുമായുള്ള പ്രയാണം. വളർച്ചയുടെ ഈ മുന്നേറ്റത്തിൽ സഭാംഗങ്ങൾക്ക് ആഹ്ലാദകരവും അഭിമാനാർഹവുമായ ഒരു സുവർണ മുഹൂർത്തമാണ് ഇന്ന്. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയോനാർഡോ സാന്ദ്രി സീറോ മലബാർ സഭയുടെ റോമിലെ പുതിയ കാര്യാലയം (പ്രൊക്യൂറ) ഇന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയാണ്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിനഡിലെ 48 മെത്രാന്മാരും സന്നിഹിതരാകുന്ന ധന്യനിമിഷങ്ങൾ. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെ ഒരേക്കർ സ്ഥലത്ത് 5,800 ചതുരശ്ര അടി വിസ്തീർണത്തിൽ സംവിധാനം ചെയ്തിരിക്കുന്ന പ്രൊക്യൂറയ്ക്കു ദോമൂസ് മാർത്തോമ്മാ (മാർത്തോമ്മാ ഭവനം) എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. 1992ൽ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയായി അംഗീകരിക്കപ്പെട്ടപ്പോൾത്തന്നെ ഇപ്രകാരം റോമിൽ ഒരു കാര്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു. അർഥതലങ്ങളും ചരിത്രവസ്തുതകളും പൗരസ്ത്യസഭകളുടെ കാനോൻ സംഹിതയിൽ 61-ാമത്തെ കാനോനയിൽ പ്രൊക്യൂറേറ്റർ നിയമനത്തെക്കുറിച്ചു പരാമർശമുണ്ട്. മാർപാപ്പയുടെ മുൻകൂട്ടിയുള്ള അനുമതിയോടെ ശ്ലൈഹിക സിംഹാസനത്തിന്റെ പക്കൽ തന്റെ ഒരു പ്രതിനിധിയെ പാത്രിയർക്കീസ് – മേജർ ആർച്ച്ബിഷപ്പിനു നിയമിക്കാം. ശ്ലൈഹിക സിംഹാസനം എന്നതുകൊണ്ട് അർഥമാക്കുന്നത് സാർവത്രിക കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ റോമാ മാർപാപ്പയും മാർപാപ്പയ്ക്ക് സഭാഭരണം നിർവഹിക്കുന്നതിനു സഹായിക്കുന്ന വിവിധ വത്തിക്കാൻ കാര്യാലയങ്ങളുമാണ്. ക്രമപ്രകാരം നിയമിതനാകുന്ന പ്രൊക്യൂറേറ്റർ സ്വയാധികാരസഭയുടെയും വിവിധ വത്തിക്കാൻ കാര്യാലയങ്ങളുടെയുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നു. സഭയുടെ തലവനും പിതാവുമായിരിക്കുന്ന പാത്രിയർക്കിസ്- മേജർ ആർച്ച്ബിഷപ്പിനു സഭാഭരണം, അജപാലനം സംബന്ധമായ ഔദ്യോഗിക ചുമതലകൾ ക്രമമായും സുഗമമായും ഫലപ്രദമായും നിർവഹിക്കാൻ ഈ സംവിധാനം സഹായകമാകും. പ്രൊക്യുറേറ്റർ എന്നതിനു ഗ്രീക്കിൽ അപ്പൊക്രിസിയാരിസ് എന്നും ലത്തീനിൽ അപ്പൊക്രിസാരിയൂസ് എന്നും വിവക്ഷിക്കുന്നു. ഈ പദത്തിന്റെ അർഥം പ്രതികരണം, പ്രതിനിധി, അംബാസഡർ എന്നൊക്കെയാണ്. ഒന്നാം സഹസ്രാബ്ദത്തിൽ റോമാ മാർപാപ്പ കോൺസ്റ്റാന്റിനേപ്പിളിലെ ചക്രവർത്തിയുടെ കാര്യാലയത്തിലും അവിടത്തെ സർക്കാർ കച്ചേരികളിലും പാത്രിയർക്കീസിന്റെ കാര്യാലയത്തിലും സ്ഥിരം പ്രതിനിധികളെ -അപ്പൊക്രിസിയാരികളെ നിയമിച്ചിരുന്നു. മാർപാപ്പയും മേൽപ്പറഞ്ഞ അധികാരികളും തമ്മിൽ ഈ മധ്യവർത്തി- പ്രതിനിധി- വക്താക്കളിലൂടെയാണ് ഔദ്യോഗികമായ ആശയവിനിമയം നടത്തിവന്നത്. ആധുനിക കാലഘട്ടത്തിലെ അപ്പസ്തോലിക് നുൺസിയോയുടെ പ്രവർത്തനത്തിനു സാദൃശ്യമെന്നു മനസിലാക്കാം. മാർത്തോമ്മാ ക്രിസ്ത്യാനികളും പ്രൊക്യൂറേറ്ററും ശ്ലൈഹിക പാരന്പര്യമുള്ള സീറോ മലബാർ സഭ സംസ്കാരവും ചരിത്രത്തിന്റെ ഗതിവിഗതികളും ഇടകലർന്ന സാഹചര്യങ്ങളിലൂടെയായിരുന്നു വളർച്ച പ്രാപിച്ചത്. സഭാഭരണത്തിൽ പദ്രുവാദോയും പ്രൊപ്പഗാന്തയും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. മാർത്തോമ്മാക്രിസ്ത്യാനികളുടെ അഭിമാനാർഹമായ പൈതൃകം സംരക്ഷിക്കുന്നതിനു തടസമായിരുന്ന സാഹചര്യങ്ങളെ മനസിലാക്കി പരിഹരിക്കേണ്ടത് ആവശ്യമായിരുന്നു. ഈ ആവശ്യത്തെ പരിഗണിച്ച് ശ്ലൈഹിക സിംഹാസനത്തെ സഹായിക്കാൻ ഗോവയിലും ലിസ്ബണിലും റോമിലും പ്രൊക്യൂറേറ്ററെ നിയമിക്കണമെന്ന് നിർദേശിച്ചുകൊണ്ട് 1649-ൽ മലബാർ സഭയിൽനിന്ന് ആർച്ച്ഡീക്കൻ തോമസ് മാർപാപ്പയ്ക്കും പ്രൊപ്പഗാന്ത ഫീദേക്കും കത്തെഴുതിയിട്ടുണ്ട്. സീറോ മലബാർ ഹയരാർക്കി 1923ൽ സ്ഥാപിതമായതിനുശേഷം ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിൽ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ സിൻച്ചേറോക്ക് 1932 ഒക്ടോബർ ആറിന് എഴുതിയ കത്ത് ഇത്തരുണത്തിൽ ശ്രദ്ധാർഹമാണ്. സീറോ മലബാർ സഭയുടെയും എറണാകുളം അതിരൂപതയുടെയും ആവശ്യങ്ങൾക്കായി ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരനെ പ്രൊക്യൂറേറ്ററായി നിയമിച്ചുകൊണ്ടുള്ള കത്താണത്. വളർച്ചയുടെ ഘട്ടങ്ങൾ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയായതിനുശേഷം ആദ്യത്തെ പ്രൊക്യൂറേറ്ററായി നിയമിതനായത് മോൺ. ചെറിയാൻ കാഞ്ഞിരക്കൊന്പിലാണ്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ 2007 നവംബർ രണ്ടിന് അദ്ദേഹത്തെ ചുമതല ഏൽപിക്കുകയും 2011 മാർച്ച് 31 വരെ തുടരുകയും ചെയ്തു. കർദിനാൾ വിതയത്തിൽ 2011 ഏപ്രിൽ ഒന്നിന് ദിവംഗതനാകുന്നതിനു മുന്പ് മാർച്ച് 30ന് മോൺ. സ്റ്റീഫൻ ചിറപ്പണത്ത് സത്യപ്രതിജ്ഞ ചെയ്ത് 2011 ഏപ്രിൽ രണ്ടിനു പുതിയ പ്രൊക്യൂറേറ്ററായി ചാർജെടുക്കുകയും ചെയ്തു. (2016 നവംബർ ഒന്നിന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു. യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലകൂടി ഫ്രാൻസിസ് മാർപാപ്പ ഏല്പിച്ചു). മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സ്ഥിരം സിനഡ് അംഗങ്ങളും 2011 ഒക്ടോബറിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ സന്ദർശിച്ചതിനുശേഷം റോമിൽ സീറോ മലബാർ പ്രൊക്യൂറയ്ക്കുവേണ്ടി സ്ഥിരമായി ഒരു സ്ഥലം കണ്ടെത്തുകയും അതു വാങ്ങാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പുതിയ സ്ഥലത്ത് അനുയോജ്യമായ സൗകര്യങ്ങളോടെ സജ്ജീകരിക്കുന്നതുവരെ താത്കാലികമായി റോമിൽ സെന്റ് ബെർനാർഡിന്റെ ആശ്രമത്തോടനുബന്ധിച്ചാണ് സീറോ മലബാർ സഭയുടെ പ്രൊക്യൂറ പ്രവർത്തിച്ചുവന്നത്. സീറോ മലബാർ സഭാ സിനഡിന്റ തീരുമാനപ്രകാരം 2014 ജൂൺ മൂന്നിന് മേജർ ആർച്ച്ബിഷപ് പ്രൊക്യൂറയുടെ നിയമാവലി അംഗീകരിച്ചു. തുടർന്ന് ഓറിയന്റൽ കോൺഗ്രിഗേഷൻ 2014 ജൂൺ 18ന് സീറോ മലബാർ പ്രൊക്യൂറ കാനോനികമായി സ്ഥാപിക്കുകയും ഇറ്റാലിയൻ ഗവൺമെന്റ് 2014 ഡിസംബർ 23ന് നിയമാനുസൃത സിവിൽ സ്റ്റാറ്റസ് നൽകി, 2015 ജനുവരി 20ന് ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്രകാരമുള്ള നടപടിക്രമങ്ങൾക്കുശേഷം 2015 ഫെബ്രുവരി അഞ്ചിന് ഇറ്റാലിയൻ ഗവൺമെന്റ് സീറോ മലബാർ സഭയുടെ റോമൻ പ്രൊക്യൂറേറ്ററെ നിയമാനുസൃത പ്രതിനിധിയായി അംഗീകരിച്ച് സ്ഥിരീകരിച്ചു. പ്രഖ്യാപിത ലക്ഷ്യങ്ങൾ സീറോ മലബാർ സഭയുടെ റോമൻ പ്രൊക്യൂറ ശ്ലൈഹിക സിംഹാസനം അംഗീകരിച്ച ഒരു നൈയാമിക വ്യക്തിയാണ്. ഈ സ്ഥാപനത്തിന്റെ ലക്ഷ്യം, ഭരണം, പ്രവർത്തനരീതി എന്നിവ നിയമാവലിയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രൊക്യൂറേറ്റർ സീറോ മലബാർ സഭയുടെ ആത്മീയവും ഭൗതികവുമായ നന്മയെ പരിപോഷിപ്പിക്കാൻ സഹായകമായ രീതിയിൽ സഭാതലത്തിലും സിവിൽ തലത്തിലും പ്രതിനിധിയായും മധ്യവർത്തിയായും വക്താവായും പ്രവർത്തിക്കുന്നു. മാർപാപ്പയും വത്തിക്കാൻ കാര്യാലയങ്ങളുമായി ആശയവിനിമയം ഫലപ്രദമായി നടത്തി സീറോ മലബാർ സഭയുടെ സമഗ്രമായ വളർച്ചയ്ക്കു പ്രയോജനപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാം. പൗരസ്ത്യ ദൈവശാസ്ത്രവും ശിക്ഷണക്രമവും ആധാരമാക്കി മാർത്തോമ്മാ പൈതൃകത്തെക്കുറിച്ചുള്ള ഗവേഷണത്തിനു നൂതന സാധ്യതകൾ കണ്ടെത്താനാകും. ലോകത്തിന്റെ പൗരാണിക പാരന്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും പശ്ചാത്തലത്തിൽനിന്നു റോമിലേക്കു പഠന, പരിശീലന, ജോലി സാധ്യതകളന്വേഷിച്ചു വരുന്ന ഇതര സഭാംഗങ്ങൾക്കു സീറോ മലബാർ സഭയുടെ തനതായ സഭാ വിജ്ഞാനീയത്തിന്റെയും സഭൈക്യത്തിന്റെയും ഉദാത്ത മാതൃകകളെ പരിചയപ്പെടുത്താൻ കഴിയും. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് റോമിലെ സീറോ മലബാർ പ്രൊക്യൂറയോടനുബന്ധിച്ച് ഒരു സീറോ മലബാർ കോളജും ഗവേഷണ പഠനകേന്ദ്രവും വിഭാവനം ചെയ്യാവുന്നതാണ്. ലോഗോ നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നുള്ള വിശ്വാസ പ്രഖ്യാപനമാണ് ലത്തീനിലും സുറിയാനിയിലുമുള്ള വാക്കുകൾ അർഥമാക്കുന്നത്. മാർത്തോമ്മാക്കുരിശ് ഈശോയുടെ ഉത്ഥാനരഹസ്യത്തെയും അതിൽനന്ന് ഉയിർക്കൊണ്ട മാർത്തോമ്മ പൈതൃകത്തെയും സൂചിപ്പിക്കുന്നു. മട്ടത്തിന്റെ അഗ്രതലങ്ങൾ അഥവാ അളവുകോലുകൾ ഒരു സമൂഹത്തെ ക്രിസ്തീയ പൂർണതയിലേക്കു വളർത്താനുള്ള തോമാശ്ലീഹായുടെ ദൗത്യത്തെ ദ്യോതിപ്പിക്കുന്നു. രണ്ടു താക്കോലുകൾ പത്രോസ്, തോമസ് എന്നീ ശ്ലീഹന്മാരുടെ രണ്ടു സിംഹാസനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ചുരുക്കത്തിൽ സീറോ മലബാർ സഭയുടെ റോമൻ പ്രൊക്യൂറയുടെ ലോഗോയുടെ അർഥം വിശ്വാസത്തിലധിഷ്ഠിതമായ ഹൃദയൈക്യത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും ക്രിസ്തീയ സാക്ഷ്യം എന്നതാണ്. റ
വ. ഡോ. വർഗീസ് പാലത്തിങ്കൽ