ദുബായ്: ദുബായിയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പാക്കിസ്ഥാൻ യുവാവിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. ഈ മാസം 24-ന് വിധി പറയുമെന്നാണു റിപ്പോർട്ട്. പെണ്‍കുട്ടി താമസിച്ചിരുന്ന അൽ ബാർഷയിലെ അപ്പാർട്ട്മെന്റിൽ വെള്ളം ഡെലിവറി ചെയ്യാൻ പോയപ്പോഴാണു യുവാവ് പീഡനശ്രമം നടത്തിയതെന്നാണു പരാതി. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുത്തു നൽകിയപ്പോൾ പെണ്‍കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച യുവാവ് ചുംബിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടി ഒച്ചവച്ചു.അപ്പോൾ വെള്ളത്തിന്റെ പണം തനിക്കു മാതാപിതാക്കൾ നൽകാനുണ്ടെന്നും ചുംബനം തന്നാൽ പണം ഇളവു ചെയ്തു തരാമെന്നും ഇയാൾ പെണ്‍കുട്ടിയോടു പറഞ്ഞു. എന്നിട്ടും പെണ്‍കുട്ടി ബഹളം വച്ചതോടെ ഇതാൾ പുറത്തിറങ്ങി സ്ഥലംവിട്ടു. ഇതിനു പിന്നാലെ പെണ്‍കുട്ടി അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതായി ഇയാൾ പോലീസിനോടു സമ്മതിച്ചു.
ദുബായിയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ദുബായില്‍ വിചാരണ തുടങ്ങി
