മരട്(കൊച്ചി): മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ടിവരിക ആറു സെക്കൻഡിൽ താഴെ മാത്രം സമയം. കാറ്റ് കുറവുള്ള സമയം എന്ന നിലയില്‍ മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്നാണ് സൂചന. സ്ഫോടനത്തിന് ആറു മണിക്കൂര്‍ മുമ്പേ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും തടയേണ്ടതിനാല്‍ തിരക്ക് കുറവുള്ള സമയമാകും പരിഗണിക്കുക. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.പൊളിക്കൽ ചുമതല ഏറ്റെടുത്ത കന്പനികളാണ് ഇക്കാര്യം അറിയിച്ചത്. പൊളിക്കുന്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്കു പ്രകന്പനമുണ്ടാകില്ല. ഫലപ്രദമായ രണ്ടു രീതികളാണു കെട്ടികം പൊളിക്കാൻ കന്പനികൾ സാധാരണയായി സ്വീകരിക്കുക. കെട്ടിടം ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നതാണ് അതിലൊന്ന്. 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചു നിലകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആദ്യം സ്ഫോടനമുണ്ടാകും. നിമിഷങ്ങൾക്കകം കെട്ടിടം നിലംപതിക്കും. ലംബാകൃതിയിലുള്ള മൂന്നു ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണു രണ്ടാമത്തെ മാതൃക. ഫ്ളാറ്റുകൾ നിലനിൽക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏതു രീതി സ്വീകരിക്കണമെന്ന കാര്യത്തിൽ കന്പനികൾ അന്തിമ തീരുമാനം എടുക്കുക.ഫ്ളാറ്റ് സമുച്ചയങ്ങൾ കരാർ ഏറ്റെടുക്കുന്ന കന്പനികൾക്ക് ശനിയാഴ്ചയാണു കൈമാറുക. മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ചേരും. കൗണ്‍സിലിന്റെ അനുമതിയോടെയാകും പൊളിക്കാനുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ ഒൗദ്യോഗികമായി കന്പനികൾക്കു കൈമാറുക. പത്തു ദിവസത്തിനകം പൊളിക്കൽ തുടങ്ങണമെന്നാണു നിർദേശമെന്നു ചർച്ചകൾക്കു നേതൃത്വം നൽകിയ മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽകുമാർ സിംഗ് അറിയിച്ചു.മുൻ പരിചയത്തിൻറെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും മറ്റും അടിസ്ഥാനത്തിലാണ് മുംബൈയിലെ എഡിഫൈസ് എൻജിനിയറിംഗ്, വിജയാ സ്റ്റീൽസ് (കോയന്പത്തൂർ) എന്നീ കന്പനികളെ പൊളിക്കൽ കരാർ നൽകാനായി തെരഞ്ഞെടുത്തത്. കന്പനികൾ വിശദമായ പ്രവർത്തന പദ്ധതി അടങ്ങുന്ന റിപ്പോർട്ട് തയാറാക്കി നൽകണം. കന്പനി പ്രതിനിധികൾ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും.ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്‍പായി സുരക്ഷിതത്വ മാനദണ്ഡങ്ങൾ നിശ്ചയിക്കും. പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളോ, വീടുകൾക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങൾ പൊളിക്കൽ. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. നാശനഷ്ടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കാൻ കന്പനികൾ നടപടി സ്വീകരിക്കും. പൊളിക്കൽ തുടങ്ങുന്നതിനു മുൻപുതന്നെ നൂറു മീറ്റർ പരിധിയിൽ താമസിക്കുന്നവർക്കു രേഖാമൂലമുള്ള അറിയിപ്പു നൽകും. ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തശേഷമായിരിക്കും പൊളിക്കൽ തുടങ്ങുകയെന്നും ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സംവിധാനവും ഒരുക്കും. വിദഗ്ധരുടെ ഉപദേശങ്ങളും ഇതിനായി തേടും. വിശദമായ പ്ലാൻ തയാറാക്കിയ ശേഷമായിരിക്കും ആളുകളെ ഒഴിപ്പിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മരടിലെ ഫ്ളാറ്റുകൾ ഉടന്‍ പൊളിക്കും: പൊളിക്കാൻ വേണ്ടിവരിക ആറു സെക്കൻഡിൽ താഴെ സമയം മാത്രം
