ഗലാ 5: 1-26
ലൂക്കാ 8: 41b – 56

ഇന്നത്തെ സുവിശേഷവും ലേഖനവും പ്രവർത്തനനിരതമായ വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. നിയമാനുഷ്ഠാനങ്ങളാൽ ബന്ധിതവും യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കപ്പെട്ട് നിർജ്ജീവവും ആസന്നമരണാവസ്ഥയിലും എത്തി നിൽക്കുന്ന ഇസ്രായേലിനെ വിമോചിപ്പിക്കുവാൻ രക്ഷകനായ മിശിഹാ തന്റെ ജീവിതം കൊണ്ട് വരച്ചുകാട്ടുന്ന സ്നേഹത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നു് സുവിശേഷത്തിലെ 2 അത്ഭുതങ്ങളും വ്യക്തമാക്കുന്നു. 12 വയസ്സുള്ള ബാലികയും 12 വർഷം രോഗാവസ്ഥയിൽ കഴിയുന്ന സ്ത്രീയും ഇസ്രായേൽ ഗോത്രങ്ങളുടെ പ്രതീകങ്ങൾ തന്നെ. മരണാസന്നരായ ഇവർ രക്ഷകനായ ഈശോയിലേക്ക് തിരിയുമ്പോൾ അവർ മരണത്തിൽ നിന്ന് മോചനം നേടി യഥാർത്ഥമായ വിശ്വാസ ജീവിതത്തിലേക്ക് കൈപിടിച്ച്‌ ആനയിക്കപ്പെടുന്നു. പ്രിയമുള്ളവരെ അനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണു് എന്റെ വിശ്വാസ ജീവിതമെങ്കിൽ ഞാനും മരണാസന്നയാണു്. മരണാസന്നയെങ്കിലും നമുക്കു പ്രത്യാശയ്ക്ക് വകയുണ്ട്. സ്വാതന്ത്ര്യത്തിലേക്ക് ജീവനിലേയ്ക്ക് നമ്മെ മോചിപ്പിക്കുന്ന മിശിഹാ നമ്മോടൊപ്പം ഉണ്ട്. അവൻ നമ്മെ ജീവനിലേക്ക് നയിക്കും. സ്നേഹത്തോടു കൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കാൻ, പ്രവർത്തനനിരതമായ വിശ്വാസത്തിന് സാക്ഷ്യമേകാൻ അങ്ങനെ ജീവനുള്ളവരായി തീരാൻ അവൻ നമ്മെ പ്രാപ്തരാക്കും. അവനെ തൊട്ടവരും അവൻ തൊട്ടവരും വിമോചനത്തിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് പ്രവേശിച്ചു. അവർ അവന്റെ യഥാർത്ഥ സാക്ഷ്യകളായിത്തീർന്നു. നമുക്കും അവന്റെ യഥാർത്ഥ സാക്ഷികളാകാം. അതിനായി അവൻ നൽകുന്ന വിമോചനം ഇന്ന് സഭയിലൂടെ നമ്മുക്ക് സ്വീകരിക്കാം. അതിനുള്ള കൃപ പ്രവർത്തനനിരതമായ വിശ്വാസത്തിന് തന്റെ സ്നേഹജീവിതം കൊണ്ട് സാക്ഷ്യമേകിയ പ.അമ്മ നമ്മുക്ക് നൽകട്ടെ. ആമ്മേൻ…

Sr Grace Illampallil SABS