കര്‍ദ്ദിനാള്‍ സേറഫിം ഫെര്‍ണാണ്ടസ് രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത അപൂര്‍വ്വം വൈദികരില്‍ ഒരാളെന്ന് പാപ്പാ ഫ്രാന്‍സിസ്.
സൂനഹദോസിലെ യുവപങ്കാളി
രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ വൈദികനായിരിക്കെ പങ്കെടുത്ത തീക്ഷ്ണമതിയായ അജപാലനായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ സേറഫിം ഫെര്‍ണാണ്ടെസെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വിശേഷിപ്പിച്ചു. കര്‍ദ്ദിനാള്‍ സേറഫിമിന്‍റെ കുടുംബാംഗങ്ങളെയും, അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ബേനെസ്സെസ് രൂപതാംഗങ്ങളെയും, ബ്രസീലിലെ വിശ്വാസികളെ പൊതുവെയും സന്ദേശത്തിലൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം പാപ്പാ അനുശോചനം അറിയിച്ചു.
പ്രാര്‍ത്ഥനയും അപ്പസ്തോലിക ആശീര്‍വ്വാദവും
സഭയുടെ ഈ വിശ്വസ്ത സേവകന് ദൈവം നിത്യവിശ്രാന്തി നല്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്. ഒക്ടോബര്‍ 9-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പോര്‍ത്തോ അലേഗ്രൊയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജെയ്മി സ്പേംഗ്ലര്‍ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കര്‍ദ്ദിനാള്‍ സേറഫിമിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചനം അറിയിച്ചത്.
കരുത്തുറ്റ അജപാലകന്‍
ഒക്ടോബര്‍ 8-Ɔο തിയതിയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ സേറഫിം 95-Ɔമത്തെ വയസ്സില്‍ കടന്നുപോയത്. തെക്കു-കിഴക്കന്‍ ബ്രസീലിലെ ബേലോ ഹൊറിസോന്തെ (Belo Horizonte) അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടര്‍ ബിരുദമുള്ള കര്‍ദ്ദിനാള്‍ സേറഫിം സമര്‍ത്ഥനായ അദ്ധ്യാപകനും കാരുണ്യത്തിന്‍റെ പ്രവാചകനുമായിരുന്നു.