ഒക്ടോബർ മറിയത്തിന്റെ മാത്രമല്ല, ത്രേസ്യമാരുടെ ഓർമയുടെയും മാസമാകുന്നു. വിശുദ്ധാരാമത്തിൽ പല ത്രേസ്യമാരുണ്ടിന്ന്. മദർ ത്രേസ്യ (കൊൽക്കത്തയിലെ ത്രേസ്യ)യ്ക്കു പുറമെ, അമ്മത്രേസ്യ(ആവിലായിലെ ത്രേസ്യ) കൊച്ചുത്രേസ്യ (ലിസ്യൂവിലെ ത്രേസ്യ) എന്നിവരുടെ കൂട്ടത്തിൽ കുഞ്ഞുത്രേസ്യ (പുത്തൻചിറയിലെ ത്രേസ്യ) കൂടി. ഒക്ടോബർ ഒന്നിന് കൊച്ചുത്രേസ്യയുടെയും 15 വലിയ ത്രേസ്യയുടെയും തിരുനാളുകൾക്കിടയിലാണ് കുഞ്ഞുത്രേസ്യയുടെ ഇടം. ആഗോളസഭയിൽ 13ന് അവൾ വിശുദ്ധഗണത്തിലേക്ക് ഉയർത്തപ്പെടും.

കുഞ്ഞുത്രേസ്യയുടെ വഴി ഭക്തിമാർഗത്തിന്റേതാണ്. സഹനങ്ങളെ ആരാധനയും വേദനകളെ ആഘോഷങ്ങളുമാക്കുന്ന വഴി. കുരിശുകളെ തട്ടിമാറ്റി ക്രൂശിതന്റെ വഴിയേ യാത്രചെയ്യാൻ പ്രലോഭിക്കപ്പെടുന്ന ഇക്കാലത്ത് മറിയം ത്രേസ്യ വലിയ പ്രചോദനമാണ്. ‘ആത്മാക്കളെ നേടാൻ ഏതു നരകത്തിലും പോകാൻ ഞാൻ തയാർ,’ എന്ന് പ്രാർത്ഥിച്ച അമ്മ ത്രേസ്യയാണ് അവളിൽ എന്നും ആവേശം പകർന്നത്.

‘സ്വർഗത്തിൽ ചെന്നാൽ എനിക്ക് കൂടുതൽ ജോലിയുണ്ട്. ആത്മാക്കളുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കും,’ എന്ന് കൊച്ചുത്രേസ്യയും പ്രാർത്ഥിച്ചു. ‘ഞാൻ സഹിച്ചുകൊള്ളാം, ആത്മാക്കളെ തരിക,’ എന്നതായിരുന്നു കുഞ്ഞുത്രേസ്യയുടെ പ്രാർത്ഥന. മിഷനറി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ആഗോള കത്തോലിക്കാസഭ അതിവിശേഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബറിന്റെ പുണ്യമാണിവർ.

‘ചെറുപ്പം മുതൽ ദൈവത്തെ സ്നേഹിക്കാനുള്ള തീവ്രമായ ദാഹത്താൽ എന്റെ ആത്മാവ് ഏറെ ക്ലേശിച്ചിരുന്നു,’ എന്ന് പറഞ്ഞാണ് മറിയം ത്രേസ്യയുടെ അത്മ കഥ ആരംഭിക്കുന്നത്. സ്നേഹം എല്ലാം സഹിക്കുന്നു. തൃശൂർ ജില്ലയിലെ പുത്തൻചിറയിൽനിന്ന് മറിയം ത്രേസ്യയെന്ന ഒരു സാധാരണ കന്യാസ്ത്രീ നിത്യനഗരിയുടെ നെറുകയിൽ എത്താൻ കാരണം, അവളുടെ സ്വകാര്യ സഹനങ്ങളെ ആത്മരക്ഷാർത്ഥം ഉയർത്തിയതാണ്.

ആശാൻ കളരിയിൽനിന്ന്എഴുതാനും വായിക്കാനും പഠിച്ചതൊഴികെ ഉന്നത വിദ്യാഭ്യാസങ്ങളൊന്നും നേടിയിട്ടില്ലാത്ത മറിയം ത്രേസ്യ കുടുംബപ്രേഷിതത്വത്തിന്റെ മധ്യസ്ഥയായതും 38ാം വയസിൽ ‘കോൺഗ്രിഗേഷൻ ഓഫ് ദ ഹോളി ഫാമിലി’ എന്ന ശ്രേഷ്~മാർന്ന സന്യാസിനി സഭയ്ക്ക് തുടക്കം കുറിച്ചതും അവളിൽ എരിഞ്ഞമർന്ന ആത്മാക്കൾക്കായുള്ള ദാഹത്താലത്രേ.

അതിനിടയിൽ ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടതും പിശാചുബാധിതയെന്ന് സംശയിക്കപ്പെട്ടതും അതിനെ തുടർന്ന് സഭാധികൃതരിൽനിന്ന് തിക്താനുഭവങ്ങൾ ഏൽക്കേണ്ടിവന്നതും ഒന്നും അവളെ തളർത്തിയില്ല. കാരണം, സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. സഹനങ്ങളെ സുകൃതങ്ങളാക്കിയാൽ വിശുദ്ധരാകാം. അതിനെ നിഷേധിച്ച് കൊടിപിടിച്ചാൽ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായ വിപ്ലവകാരിയും!

പുരോഹിതന് പാണ്ഡിത്യം ഒരലങ്കാരമാണ്. പുണ്യവും പാണ്ഡിത്യവും ഒന്നുചേർന്നാൽ അവൻ പുണ്യാത്മാവായി. അതാണ്, ജോൺ ഹെൻറി ന്യൂമാൻ. ജ്ഞാനവഴിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ വല്ലാതെ ഇടറിയുള്ള യാത്രയാകുമത്. 19ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ജനിച്ച ന്യൂമാൻ വായനയുടെയും പഠനത്തിന്റെയും ലോകത്ത് വളർന്നു വന്നു. പ്രസിദ്ധമായ ഓക്സ്ഫോർഡിലെ ട്രിനിറ്റി കോളജിൽനിന്ന് ബിരുദം നേടി. നിയമപ~നം ആരംഭിച്ച അദ്ദേഹം പിന്നീട് ദൈവശാസ്ത്രത്തിലും തൽപ്പരനായി.

‘പ്രകാശമേ നയിച്ചാലും’ എന്ന പ്രസിദ്ധമായ പ്രാർത്ഥനയുടെ ഉറവിടം ന്യൂമാനാണ്. ഈ അന്വേഷിയുടെ എക്കാലത്തെയും പ്രാർത്ഥനയായിരുന്നു അത്. സത്യം പുൽകാൻ ഒരാൾ നൽകേണ്ടിവരുന്ന വില വളരെ വലുതാകാം. സർവ വഞ്ചനകൾക്കിടയിൽ പരമ പ്രധാനമായതിനുവേണ്ടി നിലകൊള്ളുക എളുപ്പമല്ല. എങ്കിലും ദൈവം പ്രാണനിൽ നിക്ഷേപിച്ച ഊർജവുമായി ന്യൂമാന്റെ യാത്ര തുടർന്നു.

ആംഗ്ലിക്കൻ സഭയിൽ പ്രബലമായ പുരോഗമന ചിന്താഗതികൾക്കെതിരെ ഒത്തൊരുമിച്ച കൂട്ടായ്മയായിരുന്നു ‘ഓക്സ്ഫോർഡ് മൂവ്മെന്റ്’. ഈ സഭയിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. സർവ സ്വീകാര്യതകൾക്കിടയിലും സത്യത്തോട് സന്ധിയില്ലാത്ത പ്രണയം സൂക്ഷിച്ച ഈ ധിഷണാശാലിക്ക് കത്തോലിക്കാസഭയ്ക്കെതിരെ മുഖം തിരിക്കുക എളുപ്പമല്ലായിരുന്നു. ഒടുവിൽ ആ വഴിയിലേക്ക് തിരിഞ്ഞു. ഒരു കാലത്ത് സഭയ്ക്കെതിരെ എഴുതിയതും പ്രചരിപ്പിച്ചതും ഒന്നൊന്നായി അന്വേഷണ വഴികളിൽ അദ്ദേഹം മാറ്റിയെഴുതി. 1843 സെപ്റ്റംബറിൽ ലിറ്റിൽമോറിൽവെച്ച് ആംഗ്ലിക്കൻ സഭയുടെ അംഗമെന്ന നിലയിലുള്ള അന്ത്യപ്രഭാഷണവും നടത്തി.

ഒരു അന്വേഷി ഒറ്റപ്പെടാം, തിരസ്‌കൃതനാകാം. വല്ലാത്ത ആന്തരിക വ്യഥയിൽ ദിനരാത്രങ്ങൾ ചിലവിടേണ്ടി വരാം. തെറ്റിദ്ധരിക്കപ്പെടാം. ഇതെല്ലാം ന്യൂമാന്റെ വഴിയിലുമുണ്ടായി. അത് അദ്ദേഹത്തെ വിശുദ്ധിയിൽ കടഞ്ഞെടുത്തു. സമ്പത്തും അംഗീകാരങ്ങളും നഷ്ടമായി. ഇംഗ്ലണ്ടിലെ കത്തോലിക്കർ ന്യൂമാനെ പുരോഗമനവാദിയായിമുദ്രകുത്തി. ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റുകാർ ഇദ്ദേഹത്തെ കത്തോലിക്കാ പാരമ്പര്യവാദിയാക്കി. ഇതിനിടെ ദൈവമാകട്ടെ, ഇദ്ദേഹത്തെ വിശുദ്ധനാക്കി.

‘സത്യം നിങ്ങളുടെ കൈകളിലല്ല, മറിച്ച് സത്യത്തിന്റെ കൈകളിലാണ് നിങ്ങൾ,’ (ബനഡിക്റ്റ് 16ാമൻ പാപ്പ). അതിനാൽ, അറിഞ്ഞതിനെ വീണ്ടും അറിയാൻ നിങ്ങൾ സഞ്ചാരിയായേ മതിയാകൂ. അവതരിച്ച സത്യമായ ക്രിസ്തുവിനെ പൂർണമായും അറിയുംവരെ, നിത്യത പുൽകുവോളം. 1976നുശേഷം ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയ്ക്ക് ഒരു വിശുദ്ധനെ കിട്ടുന്നത് ഇപ്പോഴാണ്. ന്യൂമാന്റെ വിശുദ്ധാരാമത്തിലേക്കുള്ള പ്രവേശനം, അന്വേഷണ വഴിയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ കൂട്ടാകും.

മറിയം ത്രേസ്യയുടെ ഭക്തിമാർഗവും കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ ജ്ഞാനമാർഗവും രണ്ടു ചിറകുകളാണ്. ആ ചിറകുകളിൽ യാത്രചെയ്താൽ നാമും നിത്യതയിലണയും തീർച്ച.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ