ഇന്ന് വിശ്വാസം നേരിടുന്ന വലിയ വെല്ലുവിളി ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വിശ്വാസവിരുദ്ധ ജീവിതശൈലിയാണ്. നമ്മുടെ ജീവിതത്തിലെ അപഭ്രംശങ്ങള്‍ വിശ്വാസികളുടെയിടയില്‍ ഉതപ്പിനും അവിശ്വാസികളുടെയിടയില്‍ പരിഹാസത്തിനും കാരണമാകുമെന്നതില്‍ തെല്ലും സംശയം വേണ്ടാ.
ദൈവം പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു, ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ സാവൂള്‍- ‘സാവൂള്‍’ എന്ന ഹീബ്രു നാമത്തിന്റെ അര്‍ത്ഥം ‘ദൈവത്തോട് ആവശ്യപ്പെട്ടതനുസരിച്ച് അവിടുന്ന് നല്കിയ വ്യക്തി എന്നാണ്. രാജാവിനെ ലഭിക്കാന്‍ ജനം മുറവിളികൂട്ടിയപ്പോള്‍ സാമുവേല്‍ ദൈവഹിതമനുസരിച്ച് ബഞ്ചമിന്‍ ഗോത്രക്കാരനും കിഷിന്റെ പുത്രനും അതികോമളനുമായ സാവൂളിനെ രാജാവായി തിരഞ്ഞെടുത്തു. പിതാവിന്റെ നഷ്ടപ്പെട്ട കഴുതകളെ തേടിപ്പോയ സാവൂള്‍ സാമുവേലിന്റെ ഭവനത്തിലെത്തി. ദൈവം സാവൂളിനെ സംബന്ധിച്ച കാര്യങ്ങള്‍ മുമ്പേതന്നെ സാമുവലിനു വെളിപ്പെടുത്തിക്കൊടുത്തിരുന്നു. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സാവൂളിന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാമതായി സാമുവല്‍ തന്റെ വീട്ടില്‍ വെച്ച് സാവൂളിനെ സല്ക്കരിക്കുകയും അഭിഷേചിക്കുകയും ചെയ്തു. ദൈവം സാവൂളിന് ഒരു പുതിയ ഹൃദയം നല്കി. രണ്ടാമതായി മിസ്പായില്‍ ഇസ്രായേല്‍ ജനം സമ്മേളിച്ചപ്പോള്‍ ഗോത്രങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും നറുക്കിട്ട് സാവൂളിനെ തെരഞ്ഞെടുത്തു. മൂന്നാമതായി സാവൂള്‍ ദൈവാത്മാവിനാല്‍ നിറഞ്ഞ് അമ്മോണ്‍ രാജാവായ നാഹാഷിനെതിരെ യുദ്ധം ചെയ്ത് യാബെഷ് ഗിലയാദ് ദേശത്തെ ഇസ്രായേല്യരെ രക്ഷിച്ചു. സാമുവലിന്റെ നിര്‍ദ്ദേശപ്രകാരം ജനം ഗില്‍ഗാലില്‍ സമ്മേളിച്ച് സാവൂളിനെ രാജാവായി പ്രഖ്യാപിച്ചു.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ എത്രപെട്ടെന്നാണ് പാപത്തില്‍ നിപതിച്ച് ദൈവത്തില്‍നിന്ന് അകന്നുപോയത്? എന്തായിരുന്നു സാവൂളിന്റെ പാപം? രണ്ടു സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫിലിസ്ത്യര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ സാവൂള്‍ ഇസ്രായേല്‍ ജനത്തെ ഗില്‍ഗാലില്‍ ഒരുമിച്ചുകൂട്ടി. പ്രവാചകനും പുരോഹിതനുമായ സാമുവേല്‍ വന്ന് ബലിയര്‍പ്പിച്ചതിനുശേഷം മാത്രമേ രാജാവും ജനങ്ങളും യുദ്ധത്തിന് പുറപ്പെടാവൂ. സാവൂള്‍ ഏഴുദിവസം ഗില്‍ ഗാലില്‍ കാത്തിരുന്നു. സാമുവേല്‍ വരാന്‍ വൈകിയതിനാല്‍ സാവൂള്‍ തന്നെ പുരോഹിതന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു. അയാള്‍ ബലിയര്‍പ്പിച്ചു. ബലിയര്‍പ്പണം കഴിഞ്ഞപ്പോള്‍ സാമുവേല്‍ സ്ഥലത്തെത്തി. സാവൂളിന്റെ ധിക്കാരപൂര്‍വ്വമായ നടപടിയില്‍ സാമുവേല്‍ തീര്‍ത്തും കുപിതനായി. ഉടമ്പടി പ്രമാണങ്ങളാണ് സാവൂള്‍ ലംഘിച്ചത്. ഉടമ്പടി നിയമസംഹിതയനുസരിച്ച് പുരോഹിതനാണ് ബലിയര്‍പ്പിക്കാനുള്ള അധികാരം. രാജാവ് പുരോഹിതന്റെ അവകാശം കവര്‍ന്നെടുക്കാന്‍ പാടില്ല. അതിനാല്‍ വ്യക്തമായ അനുസരണക്കേടായിരുന്നു സാവൂളിന്റെ പ്രവര്‍ത്തനം.
രണ്ടാമത്തെ സംഭവത്തില്‍ ഈ അനുസരണക്കേട് കുറെക്കൂടി പ്രകടമായി. സാമുവേലിന്റെ നിര്‍ദ്ദേശപ്രകാരം സാ വൂളും സൈന്യവും അമലേക്യരോട് യു ദ്ധം ചെയ്യാന്‍ പുറപ്പെട്ടു. കൊള്ളവസ്തുക്കളെല്ലാം സമ്പൂര്‍ണ്ണമായി നശിപ്പിക്കണമെന്ന് സാമുവേല്‍ വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമുവേലിന്റെ നിര്‍ദ്ദേശം വകവയ്ക്കാതെ, സാവൂളും കൂട്ടരും അമലേക്യരില്‍നിന്ന് കൊള്ളവസ്തുക്കള്‍ കവര്‍ന്നെടുത്ത് ബലിയര്‍പ്പിക്കാനെന്ന വ്യാജേന സൂക്ഷിച്ചുവെച്ചു. ഈ ആര്‍ത്തിയേയും അനുസരണക്കേടിനെയും സാമുവേല്‍ ശക്തമായി കുറ്റപ്പെടുത്തി: ”അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മാത്സര്യം മന്ത്രവാദം പോലെ പാപമാണ്; കര്‍ത്താവിന്റെ വചനം തിരസ്‌ക്കരിച്ചതിനാല്‍ അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെ തിരസ്‌ക്കരിച്ചിരിക്കുന്നു” (1 സാമു 15:22-23). സാവൂള്‍ സാമുവേലിന്റെ മേലങ്കിയുടെ വിളുമ്പില്‍ പിടിച്ചപ്പോള്‍ അത് കീറിപ്പോയി. സാവൂളിന്റെ രാജത്വം ദൈവം എടുത്തുമാറ്റിയിരിക്കു ന്നു എന്നതിന്റെ അടയാളമായിരുന്നു അത്.
ഈ രണ്ടു സംഭവങ്ങളിലൂടെ പ്രകടമായ അനുസരണക്കേട് രാജത്വം എടുത്തുമാറ്റത്തക്കവിധം ഗുരുതരമായ തെറ്റാണോ എന്ന് നാം ശങ്കിച്ചേക്കാം. വാസ്തവത്തില്‍ ഈ രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലുള്ള മനോഭാവമാണ് നാം ശ്രദ്ധിക്കേണ്ടത്. സത്യദൈവത്തെക്കാളുപരി തന്റെ പ്രശസ്തിക്കും നേട്ടത്തിനും ലാഭത്തിനും സാവൂള്‍ പ്രാധാന്യം കൊ ടുത്തു. യഥാര്‍ത്ഥ ദൈവഭക്തി അഥവാ ദൈവത്തോട് ദൃഢമായ സ്ഥായിയുമായ ബന്ധമാണ് വിശ്വാസം. അത് നമ്മുടെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ സ്വാധീനിക്കുന്നു. സത്യദൈവത്തോടുള്ള അഹങ്കാരപൂര്‍വ്വമായ മറുതലിപ്പായിരുന്നു സാവൂളിന്റെ പാപം.
സാവൂള്‍ ദൈവത്തില്‍നിന്ന് അകന്നപ്പോള്‍ ഒരു ദുരാത്മാവ് അയാളെ പീഡിപ്പിക്കാന്‍ തുടങ്ങി. സാവൂളിന്റെ മാനസികവിഭ്രാന്തിയില്‍ അയാളെ കിന്നരം വായിച്ച് ആശ്വസിപ്പിക്കാന്‍ ജസ്സെയുടെ പുത്രനായ ദാവീദ് നിയുക്തനായി. ദാവീദ് ജനങ്ങളുടെയിടയില്‍ പ്രശസ്തനായപ്പോള്‍, സാവൂളിന് ദാവീദിനോട് കടുത്ത അസൂയയുണ്ടായി. അസൂയയും വിദ്വേഷവും കൊലപാതക ചിന്തയായി വളര്‍ന്നു. ദാവീദിനെ കൊലപ്പെടുത്താന്‍ സാവൂള്‍ പലതവണ ശ്രമിച്ചു. അവസാനം ദാവീദ് കൊട്ടാരം വിട്ട് ഒളിച്ചോടാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ഒടുങ്ങാത്ത പകയോടെ സാവൂള്‍ ദാവീദിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അസൂയയും പകയും മൂലം സാവൂള്‍ മാനസികരോഗിയായിത്തീര്‍ന്നു.
ഫിലിസ്ത്യരുമായുള്ള അന്തിമ യുദ്ധത്തിനുമുമ്പ് സാവൂള്‍ മന്ത്രവാദിനിയുടെ ഉപദേശം തേടാന്‍ പോയ സംഭവം അയാളുടെ അധഃപതനത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ദൈവം ശക്തമായി മുടക്കിയിരുന്ന പാപമാണ് മൃതസന്ദേശ വിദ്യ. ”ദേശത്തെ ദുരാചാരങ്ങള്‍ നിങ്ങള്‍ അനുകരിക്കരുത്. ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത് (നിയമാ 18:10-12). മരിച്ചുപോയ സാമുവലിനെ വരുത്തി ഭാവിയെപ്പറ്റിയുള്ള സന്ദേശമാരായാനാണ് സാവൂള്‍ മന്ത്രവാദിനിയെ സമീപിച്ചത്. ദൈവത്തില്‍നിന്ന് അകന്നുപോയ സാവൂള്‍ അവസാനം ഏറ്റവും ശോചനീയമായ ദുരവസ്ഥയിലാണ് എത്തിപ്പെട്ടത്. സാവൂളിന്റെ ദയനീയമായ പരാജയത്തിനും തകര്‍ച്ചക്കും കാരണം സത്യവിശ്വാസത്തിന് കടകവിരുദ്ധമായ ജീവിതശൈലിയായിരുന്നു. ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ് ഗില്‍ബോവാക്കുന്നില്‍ സാവൂളും പുത്രന്മാരും മരിച്ചുവീഴുന്ന ദയനീയ സംഭവങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് സാമുവേലിന്റെ ഒന്നാം പുസ്തകം സമാപിക്കുന്നത്. വിശ്വാസവിരുദ്ധജീവിതം അനിവാര്യമായ നാശത്തിലേ കലാശിക്കൂ എന്നാണല്ലോ സാവൂളിന്റെ ചരിതം നമ്മെ പഠിപ്പിക്കുന്നത്.

ഡോ. തോമസ് വള്ളിയാനിപ്പുറം