മരട് (കൊച്ചി): ചട്ടവിരുദ്ധമെന്നു സുപ്രീം കോടതി കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ചുമാറ്റാൻ ഉത്തരവായ ഫ്ളാറ്റുകളുടെ നിർമാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. മരട് നഗരസഭ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്നു വിജിലൻസ് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ഫയലുകളും മറ്റു രേഖകളും പ്രാഥമികമായി പരിശോധിച്ചതിൽനിന്നാണ് ഈ നിഗമനത്തിൽ എത്തിയത്.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനങ്ങൾക്കു പുറമെ ഫ്ളാറ്റുകൾ നിർമിക്കാൻ വ്യാപകമായ കായൽ കൈയേറ്റവും നടന്നു. ഇതിൽ വ്യക്തത വരുത്താനായി ഭൂമി അളന്നു തിട്ടപ്പെടുത്തി. റവന്യൂ രേഖകൾ പ്രകാരം ഉള്ളതിലും അധികം ഭൂമി ഫ്ളറ്റുകളുടെ മതിൽക്കെട്ടുകൾക്കുള്ളിൽ ഉണ്ടെന്നാണു വിജിലൻസ് കണ്ടെത്തൽ. കായൽ കൈയേറ്റത്തിനു പുറമെ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനവും വ്യാപകമായി നടന്നു.
ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥരും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും ഒത്താശ ചെയ്തെന്ന ആക്ഷേപങ്ങൾ സ്ഥിരീകരിക്കുന്ന രേഖകളും അന്വേഷണത്തിൽ പുറത്തുവന്നതായി സൂചനയുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ടു മുൻ പഞ്ചായത്ത് സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയവരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യാനായി വിജിലൻസ് തയാറാക്കിയ പട്ടികയിൽ പതിനഞ്ചോളം മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
മരടിലെ ഫ്ലാറ്റ് നിർമാണത്തിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസ്
