മുംബൈ: ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി ശിവസേന. ഖാലിദിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ നവീൻ ദലാലിനാണ് ശിവസേന സീറ്റ് നൽകിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുർഗഡിൽനിന്നാണ് നവീൻ ദലാൽ ശിവസേന സ്ഥാനാർഥിയായി മത്സരിക്കുന്നത്.ആറു മാസം മുമ്പാണ് ദലാൽ ശിവസേനയിൽ ചേർന്നത്. ദേശീയതയും പശു സുരക്ഷയും സംബന്ധിച്ച തന്റെ ആശയങ്ങളുമായി യോചിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയിൽ ചേർന്നതെന്ന് ദലാൽ പറയുന്നു. പശു സംരക്ഷണം, ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരായി സംസാരിക്കുക തുടങ്ങിയ വിഷയങ്ങളിൽ പോരാട്ടം നടത്തുന്ന ആൾ എന്ന നിലയിലാണ് ദലാലിനെ തെരഞ്ഞെടുത്തതെന്ന് ശിവസേന നേതാവ് വിക്രം യാദവും പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന് സമീപത്തുവച്ചാണ് ഖാലിദിനു നേരെ ആക്രമണം ഉണ്ടായത്. ദലാലും ദർവേഷ് ഷാപുർ എന്ന യുവാവും ചേർന്നാണ് ആക്രമണം നടത്തിയത്. നിറതോക്കുമായി എത്തിയ പ്രതികൾ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു
ഉമർ ഖാലിദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് സഹായങ്ങളൊരുക്കി ശിവസേന….
