കൊച്ചി:സാമ്ബത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി. ഇതൊരിക്കലും സാധാരണ നിലയില്‍ സംഭവിക്കേണ്ടതല്ല, മറിച്ച്‌ ഗുരുതരമായ ക്രിമിനല്‍ കൃത്യവിലോപമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും കോടതി പറഞ്ഞു.ഈ ഘട്ടത്തില്‍ ആരെയും ഒഴിവാക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്നും ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
പാലാരിവട്ടം മേല്‍പാല അഴിമതി കേസിലെ ഒന്നാം പ്രതി കരാര്‍ കമ്ബനി എം.ഡി സുമീത് ഗോയല്‍ നാലാം പ്രതി പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ,രണ്ടാം പ്രതി കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. വലിയ ഗൂഢാലോചന ഈ കേസില്‍ നടന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി .പാലം നിര്‍മാണത്തിനുള്ള ടെണ്ടറില്‍ തിരിമറി നടത്തിയതായി ആരോപണമുണ്ട്. സൂരജിനെതിരെ അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് 16 പരാതി അന്വേഷിക്കുന്നുണ്ട്.