തൃശൂർ: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) കേരള ഘടകം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദീപിക ന്യൂസ് എഡിറ്റർ ജോണ്സണ് പൂവന്തുരുത്ത് അർഹനായി. മാനസികാരോഗ്യം സംബന്ധിച്ച മികച്ച റിപ്പോർട്ടിന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ദീപികയിൽ 2019 ഫെബ്രുവരി എട്ടു മുതൽ 13 വരെ പ്രസിദ്ധീകരിച്ച “കഞ്ചാവിൽ കുരുങ്ങിയ കൗമാരം’ എന്ന പരന്പരയ്ക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10-ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഐപിഎസ് കേരള സെക്രട്ടറി ഡോ. സെബിന്ദ് കുമാർ അറിയിച്ചു.ദൃശ്യമാധ്യമ വിഭാഗത്തിൽ ദുരന്താനന്തരം എന്ന പരിപാടിക്ക് കൈരളി ടിവിയിലെ കെ. രാജേന്ദ്രനും ശ്രാവ്യ വിഭാഗത്തിൽ ഓൾ ഇന്ത്യ റേഡിയോയിൽ അവതരിപ്പിച്ച പരിപാടികൾക്ക് കൊച്ചി എഫ്എം പ്രോഗ്രാം എക്സിക്യൂട്ടീവ് ടി.പി. രാജേഷും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. എൻഎഫ്ഐ നാഷണൽ മീഡിയ ഫെലോഷിപ്, മുംബൈ പ്രസ് ക്ലബ് റെഡ് ഇങ്ക് അവാർഡ്, ചെന്നൈ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മീഡിയ ഫെലോഷിപ് എന്നിവ അടക്കം നിരവധി മാധ്യമ അവാർഡുകൾ നേടിയിട്ടുള്ള ജോണ്സണ്, പൂവന്തുരുത്ത് ചാത്തനാട്ട് പുത്തൻപുരയ്ക്കൽ കെ.എം. തോമസിനെയും ജനോവയുടെയും മകനാണ്. ഭാര്യ: സോണിയ. മക്കൾ: അൽഫോൻസ, ഐനോവ, ആരിൽഡ.
ദീപിക ന്യൂസ് എഡിറ്റർ ജോണ്സണ് പൂവന്‍തുരുത്തിന് ഐ.പി.എസ് മീഡിയാ അവാര്‍ഡ്….
