റോം: സ്‌കൂളുകളിൽനിന്ന് ക്രൂശിതരൂപം മാറ്റണമെന്ന ഇറ്റാലിയൻ വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറ്റാലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. സ്‌കൂളുകൾ മതേതരവും എല്ലാ സംസ്‌കാരവും ഒരേപോലെ പ്രകടമാകേണ്ട ഇടവുമാണെന്ന് പറഞ്ഞാണ് മന്ത്രി ലോറെൻസോ ഫിയോറോമോന്റി ക്രൂശിതരൂപം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ക്രൂശിതരൂപം ഭിന്നിപ്പിക്കലിന്റെയല്ല, മറിച്ച് സാർവത്രിക സാഹോദര്യത്തിന്റെ പ്രതീകമാണെന്നും പാശ്ചാത്യ നാഗരികതയുടെ സാംസ്‌കാരിക വേരുകളിലൊണിതെന്നും ഇറ്റാലിയൻ ബിഷപ്പുമാർ വ്യക്തമാക്കി.

സ്‌കൂളുകളിലെ ക്രൂശീതരൂപത്തിന്റെ സാന്നിധ്യം ചോദ്യം ചെയ്യുന്ന ഹർജി 2009ൽ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. സ്‌കൂളുകൾ പോലെയുള്ള പൊതുയിടങ്ങളിൽ മതപരമായ വസ്തുക്കളുടെ സാന്നിധ്യം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിന്താസ്വാതന്ത്ര്യത്തെയും മനസാക്ഷിയെയും മതേതര ചിന്തയെയും ബാധിക്കുമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ, കോടതി അപ്പീൽ തള്ളുകയായിരുന്നു.

ഇതര മതവിശ്വസികളേയോ അവിശ്വാസികളെയോ മതേതര ബോധ്യങ്ങളുള്ളവരെയോ ക്രൂശിതരൂപത്തിന്റെ സാന്നിധ്യം ബാധിക്കുന്നുണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. അതേസമയം ആകെയുള്ള ജസംഖ്യയിലെ 80%വും കത്തോലിക്കാ വിശ്വാസികളായതിനാൽ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും ബിഷപ്പുമാർ കൂട്ടിച്ചേർത്തു.