കേരളസഭയിൽ ദൈവകാരുണ്യത്തിന്റെ കാവൽദൂതനായി വിളങ്ങിയ ദൈവദാസൻ മാർ മാത്യു കാവുകാട്ട് ദിവംഗതനായിട്ട് അന്പതാണ്ടുകൾ പിന്നിടുകയാണ്. സൂര്യനസ്തമിച്ചു കഴിയുന്പോഴും പ്രകാശം തങ്ങിനിൽക്കുന്നതുപോലെ ആ ദൈവിക മനുഷ്യൻ ചൊരിഞ്ഞ നന്മയുടെ നറുവെളിച്ചം ഇന്നും പ്രകാശിതമാണ്. കേരളത്തിലെ മത- സാമൂഹിക- സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന ആ മഹത് വ്യക്തിത്വത്തിന്റെ ദേഹവിയോഗത്തിൽ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളെല്ലാം എഡിറ്റോറിയലുകൾ എഴുതി.
ദീപിക പത്രം ഇങ്ങനെയെഴുതി: ക്രൈസ്തവ ചൈതന്യം അതിന്റെ പൂർണിമയിൽ പരിവേഷം ചാർത്തിനിന്ന ഒരു മതാധ്യക്ഷൻ കേരളസഭയ്ക്കു നഷ്ടപ്പെട്ടു. രൂപതയുടെ അധ്യക്ഷപദം അലങ്കരിച്ചില്ലായിരുന്നെങ്കിൽകൂടി തിരുമേനിയുടെ സാന്നിധ്യം ക്രൈസ്തവ സഭയ്ക്ക് ആത്മചൈതന്യത്തിന്റെ തേജോപുഞ്ജമായിരുന്നേനേ… പരസ്നേഹത്തിന്റെ കല്പന പ്രായോഗികമാക്കിയ ഈ നല്ലയിടയനെ വിശുദ്ധരുടെ സമൂഹത്തിലേക്കു പ്രവേശിപ്പിക്കണമേ എന്നു നമുക്ക് പ്രാർത്ഥിക്കാം.
കുടുംബം-വിദ്യാഭ്യാസം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു പരന്പരാഗത സുറിയാനി ക്രൈസ്തവ കുടുംബത്തിലെ സന്മാതൃകകളും ക്രൈസ്തവാന്തരീക്ഷവുമാണു കാവുകാട്ടുപിതാവിലെ ഉന്നത വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്നു നിസംശയം പറയാം. പ്രവിത്താനം അന്തീനാട് കാവുകാട്ടുകുടുംബത്തിലെ ചുമ്മാർ- ത്രേസ്യാമ്മ ദന്പതികളുടെ ആറാമത്തെ സന്താനമായി മാത്യു 1904 ജൂലൈ 17 ന് ഭൂജാതനായി. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം മൂത്തമകനെ ഏല്പിച്ച് ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന് ഏതാണ്ട് താപസനെപ്പോലെ കഴിച്ച തന്റെ അപ്പനെക്കുറിച്ചും പിതാവ് ഇങ്ങനെയാണെഴുതുന്നത്.’’ എന്റെ അപ്പൻ വളരെ ദൈവഭക്തിയുള്ള ഒരു ദേഹമായിരുന്നു. ഇടവക പ്രശ്നങ്ങളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കും. മരിക്കുന്നതുവരെ മൂന്നാം സഭയുടെ ഒരംഗമായി ജീവിച്ചു. ആരെയും കുറ്റംപറയുകയില്ലായിരുന്നു. കോപിക്കുന്ന പ്രകൃതവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്റെ പിതാവ് ഒരു പരോപകാരിയായിരുന്നു. മക്കൾക്കു ജീവിക്കാൻ മാത്രം സ്വത്ത് കുടുംബത്തുണ്ടായിരുന്നതുകൊണ്ട് അവർക്കായി കൂടുതൽ സന്പാദിക്കുന്നതിന് അപ്പൻ ശ്രമിച്ചിട്ടില്ല.’’
ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി തിരുവനന്തപുരം ആർട്സ് കോളജിൽ നിന്നു ബിരുദം സന്പാദിച്ചു. നാട്ടിലെ രണ്ടാമത്തെ ബിരുദധാരിയായി വീട്ടിലെത്തി. പഠനാവശ്യങ്ങൾക്കായി ഏറെക്കാലം വീട്ടിൽനിന്നു മാറിനിന്ന മാത്യുവിന്റെ അഭിലാഷമനുസരിച്ച് കുറച്ചുനാൾ മാതാപിതാക്കളോടൊപ്പം കഴിഞ്ഞു. സ്ഥലത്തെ സ്കൂളിൽ അധ്യാപകനായും സഹായിച്ചു.
തുടർന്നു വൈദികനാകാനുള്ള ചെറുപ്പം മുതലേയുള്ള ആഗ്രഹമനുസരിച്ച് കോട്ടയം പെറ്റി സെമിനാരിയിൽ ചേർന്നു. ആലുവ മേജർ സെമിനാരികയിലെ പഠനത്തിനുശേഷം 1935ൽ ഡിസം. 21ന് മാർ ജെയിംസ് കാളാശേരിയിൽനിന്നു തിരുപ്പട്ടവും സ്വീകരിച്ചു. മാതൃകാ വിദ്യാർഥിയായി സെമിനാരികളിൽ വിളങ്ങിയ അദ്ദേഹത്തെ എ സെയ്ന്റലി യംഗ് മേൻ എന്നാണ് ഒരു സതീർഥ്യൻ വിശേഷിപ്പിച്ചത്.
പൂഞ്ഞാർ കേംബ്രിഡ്ജ് സ്കൂൾ അധ്യാപകൻ (1936), കോട്ടയം പെറ്റി സെമിനാരി വൈസ് റെക്ടറും ആത്മീയ പിതാവും (1937) കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്കൂൾ ഹെഡ് മാസ്റ്റർ, അസി.വികാരി, എസ്ബി കോളജ് സുറിയാനി അധ്യാപകൻ, വാർഡൻ എന്നീ ചുമതലകൾ സകലവരോടുമുള്ള കരുതലിലും കാരുണ്യത്തിലും നിർവഹിച്ച അദ്ദേഹം 1950 സെപ്റ്റംബർ നാലിന് ചങ്ങനാശേരി മെത്രാനായി നിയമിതനായി. തന്റെ അയോഗ്യതയെ സൂചിപ്പിച്ചും ചങ്ങനാശേരിക്കാരായ ആരെയെങ്കിലും നിയോഗിക്കണമെന്നും പറഞ്ഞ് രണ്ടുതവണ ഈ പദവി വിനയപൂർവം നിരസിച്ചെങ്കിലും അദ്ദേഹം ദൈവഹിതത്തിനു കീഴ്വഴങ്ങുകയായിരുന്നു. 1950 നവംബർ ഒന്പതിന് റോമിൽ വച്ച് പൗരസ്ത്യസഭകളുടെ സ്നേഹിതനും കർദിനാൾമാരുടെ ഡീനുമായ ടിസറാംഗ് തിരുമേനിയിൽ നിന്നു മെത്രാഭിഷേകം സ്വീകരിച്ചു.
1951 ജനുവരി മൂന്നിന് ചങ്ങനാശേരിയിൽ വച്ച് ഒൗദ്യോഗികമായി സ്ഥാനാരോഹണം ചെയ്ത മാർ മാത്യു കാവുകാട്ട് സ്നേഹത്തിൽ സേവനം എന്ന് ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് എഴുതിയ ഒന്നാം ഇടയലേഖനം തന്റെ കാരുണ്യ ശുശ്രൂഷയുടെ ഒരു വിളംബര രേഖയായിരുന്നു. ദൈവകാരുണ്യശുശ്രൂഷയുടെ നിലയ്ക്കാത്ത ഒരു പ്രവാഹമായിരുന്നു തുടർന്നങ്ങോട്ട് അദ്ദേഹത്തിന്റെ ഇടയശുശ്രൂഷയെന്നു പറയാം.
അധ്യാപകനായിരുന്നെങ്കിലും വടിയെടുക്കുന്ന ഒരു ഹെഡ്മാസ്റ്ററായിരുന്നില്ല, മറിച്ച്, ആകാരത്തിലും പ്രകാരത്തിലും അദ്ദേഹം കരുണാർദ്ര സ്നേഹാശ്ലേഷം നൽകുന്ന ഒരു പിതാവായിരുന്നു എന്നാണ് ജീവചരിത്രകാരനായ മാത്യു നടക്കലച്ചൻ സൂചിപ്പിക്കുന്നത്. കുറ്റങ്ങൾക്കു പ്രതികാരവും ശിക്ഷയുമല്ല; കാരുണ്യത്തിന്റെ യുക്തിയാണ് അദ്ദേഹത്തെ നയിച്ചത്.
തന്റെ സ്വർണമാല മോഷ്ടിച്ച കള്ളനെ പോലീസ് പിടിച്ചുകൊണ്ടുവന്നപ്പോൾ കേസെടുക്കാതെ അയാളെ വെറുതെ വിടാൻ നിർദേശിച്ചു. തന്റെ കാറിനടുത്തു കളിച്ചുനടന്ന കുട്ടികളെ ശകാരിച്ച ഡ്രൈവറോട് കുട്ടികളെ കാറിൽ കയറ്റി കവലവരെ ഒന്നു കൊണ്ടുപോകാൻ പിതാവ് പറഞ്ഞു. ഇങ്ങനെ ഒട്ടേറെ കരുണാർദ്ര സമീപനങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു കാവുകാട്ട് പിതാവിന്റേത്.
ഒട്ടേറെ നവസംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. വടവാതൂർ സെമിനാരി, എംഒസി, മതബോധനത്തിനു സന്ദേശനിലയവും മുതിർന്നവരുടെ മതബോധനത്തിന് അധ്യയന മണ്ഡലവും, പാസ്റ്ററൽ കൗണ്സിൽ, വൈദികസമിതി, സാമൂഹിക പ്രവർത്തനവകുപ്പ്, തിരുവനന്തപുരം ലൂർദ് സെന്റർ, കോർപറേറ്റ് മാനേജ്മെന്റ്, ചെത്തിപ്പുഴ മിഷൻ ആശുപത്രി, കുട്ടികൾക്ക് അവധിക്കാല പരിശീലനങ്ങൾ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്.
മികച്ച സംഘാടകൻ
രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പൊന്തിഫിക്കൽ കണ്വൻഷനുകൾ തുടങ്ങി അതിന്റെ വിവിധ സെഷനുകളിൽ അദ്ദേഹം തന്റെ അനാരോഗ്യത്തിലും പങ്കെടുത്തു. തന്റെ പ്രതിനിധിയായി അവിടെ ചുമതലപ്പെടുത്തിയ പ്ലാസിഡച്ചന്റെ നേതൃത്വത്തിൽ പൗരസ്ത്യസഭകളുടെ അവകാശങ്ങൾക്കായി ഉറപ്പുവരുത്തുന്ന രേഖകൾ കൗണ്സിലിൽ അംഗീകരിച്ചെടുക്കാനും അദ്ദേഹം നേതൃത്വം നൽകി.
തന്റെ വിദേശ യാത്രകളിൽ യുവജനങ്ങൾക്കുള്ള പഠന- ജോലി സാധ്യതകൾ കണ്ടെ ത്താനും അദ്ദേഹം ശ്രമിച്ചു. തന്റെ പൗരോഹിത്യ ജൂബിലി ആഘോഷങ്ങൾക്കുപകരം പാവങ്ങൾക്ക് പാർപ്പിടപദ്ധതി നടപ്പിലാക്കി അതിന്റെ ഒരു ആൽബം തനിക്കു സമ്മാനിക്കണമെന്ന ആഹ്വാനത്തിന്റെ ഫലമായി മൂവായിരത്തിലധികം ഭവനങ്ങൾ നിർധനർക്കുവേണ്ടി ഉയരുകയുണ്ടായി. കാവുകാട്ടുപിതാവിന്റെ ഈ പാർപ്പിട പദ്ധതിയാണ് ലക്ഷംവീട് പദ്ധതിക്ക് പ്രചോദനമായതെന്ന് മന്ത്രി എം.എൻ. ഗോവിന്ദൻ നായർ പിന്നീട് പ്രസ്താവിക്കുകയുണ്ടായി.
മനുഷ്യാവകാശ സംരക്ഷകൻ
കേരളം കണ്ട ഏറ്റവുംവലിയ മനുഷ്യാവകാശ പ്രക്ഷോഭണങ്ങൾക്കു പ്രശാന്തഗംഭീരനായ പിതാവ് നേതൃത്വം വഹിച്ചു. തനിക്കു രാഷ്ട്രീയമില്ല, ആത്മീക കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ എന്നു പറഞ്ഞ പിതാവ് കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ ശക്തമായി നിലകൊണ്ടു. തുടർന്ന് 1959ൽ നടന്ന വിമോചന സമരത്തിന് സമുദായാചാര്യൻ മന്നത്തു പത്മനാഭനെയും ക്രൈസ്തവ സഭാധ്യക്ഷന്മാരേയും അണിനിരത്തുന്നതിനു പിന്നിലെ മുഖ്യചാലകശക്തി കാവുകാട്ട് പിതാവായിരുന്നു. കേരള ഗവർണറെയും പ്രധാനമന്ത്രി നെഹ്റുവിനെയും അദ്ദേഹം നേരിട്ടു സന്ദർശിച്ച് പൊതുസമൂഹത്തിന്റെ ആവശ്യങ്ങളുണർത്തിച്ചു. 1961ൽ ഇടുക്കി ഡാമിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടെ 1700 കുടുംബാംഗങ്ങൾക്കുവേണ്ടിയും ശക്തമായി നിലകൊണ്ട അദ്ദേഹം അമരാവതി സന്ദർശിച്ച് അവർക്കുവേണ്ട സഹായമെത്തിച്ചു. തുടർന്നാണ് മന്ത്രിമാരുൾപ്പെടെ അവരെ സന്ദർശിക്കുകയും സഹായമെത്തിക്കുകയും ചെയ്തത്.
വിവിധ സഭാധ്യക്ഷന്മാരെ ഒന്നിച്ചണിനിരത്തി ക്രിസ്തീയാവകാശങ്ങൾക്കുവേണ്ടിയും സമുദായാചാര്യന്മാരെ ചേർത്തുനിർത്തി മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും അദ്ദേഹം പടനയിച്ചു.
എല്ലാ വിഭാഗം ജനങ്ങൾക്കും സംലഭ്യനും പ്രാപ്യനുമായ ഇടയനായിരുന്നു കാവുകാട്ട് പിതാവ്. പരപ്പാർന്ന വായനയിൽ നിന്നു ജ്ഞാനം സന്പാദിച്ചിരുന്ന അദ്ദേഹം തന്റെ സന്ദർശകരിൽനിന്ന് ആനുകാലിക ലോകത്തിന്റെ ചലനങ്ങളും ഒപ്പിയെടുത്തു. പരാതികളുമായി വരുന്നവർപോലും പ്രശാന്തഗംഭീരമായ ആ സാന്നിധ്യത്തിൽ അതു പറയാതെ പോയിരുന്നത്രേ! ആ പിതാവിനെ വിഷമിപ്പിക്കാൻ ആരും ആഗ്രഹിച്ചില്ലെന്നതാണ് സത്യം.
വേർപാടിന്റെ അന്പതാണ്ടുകൾ പിന്നിടുന്പോഴും ജനസഹസ്രങ്ങൾ അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ പ്രാർഥനാ സുമങ്ങളുമായി എത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വർഗത്തിലിരുന്നുകൊണ്ടു തന്റെ മക്കൾക്കുവേണ്ടി പ്രാർഥിക്കുന്ന ഈ നല്ല പിതാവ് എത്രയും വേഗം വിശുദ്ധരുടെ നിരയിൽ പ്രശോഭിക്കുകമാറാകട്ടെ എന്നാണ് ഏവരുടെയും പ്രാർഥനയും പ്രതീക്ഷയും.
റവ. ഡോ. ജോസ് കൊച്ചുപറന്പിൽ