കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ ജോളി എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ.ജോസഫ് എടപ്പാടി. എന്‍.ഐ.ടിയില്‍ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി പറയുന്നു.ഞാൻ 2005 നും 2008 നും ഇടയിലാണ് കൂടത്തായി പള്ളിയിൽ ആദ്യം വികാരിയായിരുന്നത്. പിന്നീട് 2016 ലാണ് വീണ്ടും വികാരിയായി എത്തുന്നത്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതിൽ കവിഞ്ഞ് പ്രാധാന്യമുള്ള തസ്‌തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തെറ്റാണ്,” അദ്ദേഹം പറഞ്ഞു
ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതല്‍ ഇവര്‍ കോടഞ്ചേരി ഇടവകാംഗമാണ്. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണ്.സാധാരണ വിശ്വാസി എന്നതിൽ കവിഞ്ഞ് അവരും കൂടത്തായി പള്ളിയും തമ്മിൽ മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസ്റ്റിസം പഠിപ്പിക്കാൻ പോലും അവരുണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവർ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതൽ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവർ വഹിച്ചിരുന്നില്ല,” വികാരി വ്യക്തമാക്കി. എന്‍.ഐ.ടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി. റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവര്‍ സ്ഥിരമായി എന്‍.ഐ.ടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍ഐടിയില്‍ വച്ച്‌ അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപിക ആയിരുന്നു ജോളി എന്ന് കരുതിയിരുന്നു എന്നാണ് ഫാ.എടപ്പാടി പറയുന്നത്.