കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ രണ്ട് ദുരൂഹ മരണങ്ങള്‍ കൂടി കൊലപാതകമെന്ന് തെളിയുന്നു. ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണമാണ് കൊലപാതകമെന്ന് തെളിയുന്നത്. ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ താന്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന് ഷാജു കുറ്റം സമ്മതിച്ചു.ചോദ്യം ചെയ്യലിനിടെ ഷാജു പൊട്ടിക്കരയുകയും ചെയ്തു.
ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച്‌ തനിക്ക് അറിയാമായിരുന്നുവെന്നുവെന്നും ഭയം കൊണ്ടാണു പുറത്തുപറയാതിരുന്നതെന്നും ഷാജു മൊഴി നല്‍കി. വടകര എസ്‌പി ഓഫിസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റസമ്മതം നടത്തിയത്. ജോളിയും താനും തമ്മില്‍ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടില്‍ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകള്‍ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാന്‍ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാല്‍ അവനെ മാതാപിതാക്കള്‍ നോക്കുമെന്ന് പറഞ്ഞതിനാല്‍ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച്‌ അച്ഛന്‍ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുന്‍കൈയെടുത്തത്- ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു.കൊലപാതകങ്ങളെക്കുറിച്ചു യാതൊന്നും അറിയില്ലെന്നായിരുന്നു ഇന്നലെ ഷാജു പറഞ്ഞിരുന്നത്. താന്‍ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു.