വത്തിക്കാൻ സിറ്റി: പന്ത്രണ്ടു രാജ്യങ്ങളിൽനിന്നുള്ള 13 പേർ ഇന്നലെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ഇവർക്കു ചുവന്ന തൊപ്പിയും മോതിരവും നല്കി.
ഗ്വാട്ടിമാല, മൊറോക്കോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലക്സംബൂർഗ്, പോർച്ചുഗൽ, ക്യൂബ, കാനഡ, ഇംഗ്ലണ്ട്, സ്പെയിൻ, ലിത്വാനിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ഇതോടെ കർദിനാൾ തിരുസംഘത്തിൽ 212 അംഗങ്ങളായി. ഇതിൽ 118 പേർ 80 വയസിൽ താഴെയുള്ളവരാണ്.
കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും കാര്യാലയത്തിലെ അണ്ടർ സെക്രട്ടറി മൈക്കൾ ഷേർണി എസ്ജെ, മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ മുൻ പ്രസിഡന്റ് മൈക്കൾ ഫിറ്റ്സ് ജെറാൾഡ്, വത്തിക്കാനിലെ ചീഫ് ആർക്കൈവിസ്റ്റും സഭയുടെ ലൈബ്രേറിയനുമായ ഹൊസെ ടോളന്റീനോ ഡി മെൻസോൻക തുടങ്ങിയവർ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടവരിൽപ്പെടുന്നു.