ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
സന്യാസിനികളെ കൂട്ടിലടച്ച കിളികളായും മഠങ്ങളെ തടവറകളായും ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അവതരിപ്പിച്ച് ക്രൂരമായ ആനന്ദം നേടുന്നവർ ഈ സമർപ്പിത പറയുന്നതൊന്നു കേൾക്കണം… ജന്മനാ എച്ച്ഐവി ബാധിച്ച കുട്ടികൾക്കു സാന്ത്വനമേകാൻ പ്ലസ് ടു അധ്യാപികയുടെ ജോലി നിഷ്പ്രയാസം വേണ്ടെന്നു വയ്ക്കാൻ ഈ കന്യാസ്ത്രീക്കു മടിയുണ്ടായിരുന്നില്ല. സ്വന്തം വൃക്കയിലൊന്നു മറ്റൊരാൾക്കായി പങ്കുവച്ചു നൽകാൻ സ്വയം തീരുമാനമെടുത്തപ്പോഴും അവർ പുഞ്ചിരിക്കുകയായിരുന്നു.എറണാകുളം നഗരത്തിന്റെ രാജവീഥികളുടെ അരികുകളിൽ രാജാവോ, ദാസനോ എന്നറിയാതെ വഴിയിലിരുന്ന് പിച്ചപ്പാത്രവുമായി എച്ചിൽക്കൂനകൾക്കരികിൽ ഇരിക്കുന്നവരുടെ അരികിലേക്കു ഞങ്ങൾ ചെന്നു. അങ്കമാലിക്കാരി സിസ്റ്റർ അർപ്പിത, തലശേരിയിൽനിന്നുള്ള സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ ഡോണ, ചങ്ങനാശേരിക്കാരി സിസ്റ്റർ ജിഷ, പിന്നെ ഇടുക്കിയിൽനിന്നു ഞാനും. 2009 ഡിസംബറിലാണ് സംഭവം. യാചകരായി നടക്കുന്നവരുടെ കൂടെ ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു ലക്ഷ്യം.യാചകന്റെ വിതുന്പൽ മറൈൻഡ്രൈവിൽ കാലുതളർന്ന് നിലത്തു ചടഞ്ഞിരിക്കുന്ന ഒരു യാചകൻ… അദ്ദേഹത്തിന്റെ അരികിലെത്തി ഞങ്ങൾ. അതിലെ കടന്നുപോയ സൈക്കിൾ ചായക്കാരന്റെ കൈയിൽനിന്ന് അയാൾ ഒരു ചായ വാങ്ങിക്കുടിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾക്ക് തരാതെ കുടിക്കുവാണോ? അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു; ഞാൻ തന്നാൽ നിങ്ങൾ കുടിക്കുമോ? ഞങ്ങൾ പറഞ്ഞു; തീർച്ചയായും. ഉടൻതന്നെ അദ്ദേഹം ഞങ്ങൾക്കും ചായ വാങ്ങി തന്നു. ഞങ്ങൾ ആ ചായ കുടിക്കുന്നതുനോക്കി അയാൾ ഇരുന്നു കരഞ്ഞു. “എന്റെ മക്കൾപോലും എന്റെ കൈയിൽനിന്ന് ഒന്നും വാങ്ങിക്കഴിക്കില്ലായിരുന്നു! നിങ്ങൾ മാലാഖമാരാണ്… മാലാഖാമാരാണ്…’’ – ഒൻപതു വർഷം മുന്പ് ആ പാവം യാചകനിൽനിന്നുതിർന്ന ആ വിതുന്പലും തേങ്ങലും എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു.ഞങ്ങൾ മൊബൈൽ ടോയ്ലറ്റുകൾ സംഘടിപ്പിച്ചു യാചകരെയെല്ലാം കുളിപ്പിച്ചു മുടിവെട്ടി പുതിയ വസ്ത്രങ്ങൾ നൽകി. അവർക്കു സദ്യ വിളന്പി. അതിനു ശേഷം ആ യാചകർ ഞങ്ങൾക്കു വിളന്പിത്തന്നു. സമൂഹത്തിന്റെ പുറന്പോക്കിലൂടെ ജീവിതവും ചുമന്ന് ഇഴയുന്നവരുടെകൂടെ ഞങ്ങൾ ആഘോഷിച്ച ആ ക്രിസ്തുമസാണ് എന്റെ ഹൃദയത്തിൽ ക്രിസ്തുവിന്റെ പിറവി നൽകിയത്ആ എച്ച്ഐവി പെൺകുട്ടി കത്തോലിക്കാസഭയിൽ 152 വർഷം മുന്പ് 1866-ൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ സന്യാസിനി സമൂഹമായ സിഎംസി സന്യാസസഭയിൽ 25 സമർപ്പിത വർഷങ്ങൾ പൂർത്തിയാക്കിയ ഒരു കന്യാസ്ത്രീയാണു ഞാൻ. കന്യാസ്ത്രീകളുടെ സമർപ്പിത ജീവിതം ഏറെ ചർച്ച ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് ധന്യമായ ഈ ജീവിതത്തിന്റെ നന്മയും നിറവും തുറന്നുപറയാൻ എനിക്കു സന്തോഷമാണ്.ഇടുക്കിയിൽവച്ച് ജന്മനാ എച്ച്ഐവി ബാധിതയായ ഒരു പെണ്കുട്ടിയെ കണ്ടുമുട്ടിയത് ഒരു പുതിയ തുടക്കമായിരുന്നു. വിദ്യാഭ്യാസം, സമൂഹജീവിതം, കുടുംബബന്ധങ്ങൾ എല്ലാം സമൂഹം അവർക്കു നിഷേധിക്കുന്നു. ഞാൻ കണ്ടുമുട്ടിയ പെണ്കുട്ടി സുന്ദരിയായിരുന്നു. അവൾ എച്ച്ഐവി ബാധിതയാണെന്ന് ആർക്കുമറിയില്ലായിരുന്നു. കൗമാരപ്രായത്തിലേ ജീവിതത്തോടുള്ള കൊതികൊണ്ട് അവൾ ഒരു പ്രണയബന്ധത്തിൽ തുടരുകയായിരുന്നു. അതു വരുത്തിവയ്ക്കാവുന്ന അപകടത്തെപ്പറ്റി അവളോടു സംസാരിച്ചപ്പോൾ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട എനിക്ക് സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും അവകാശമില്ലേ? എന്നാണവൾ ചോദിച്ചത്. ഈ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇൻസ്പയർ എന്ന സംഘടന രൂപംകൊള്ളുന്നത്. സിസ്റ്റർ ലിറ്റിൽ തെരേസ് സിഎംസിയോടൊപ്പം ആ സംഘടനയിലാണ് ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ബോധ്യത്തോടെ ഒരു സന്യാസിനി എന്ന നിലയിൽ എന്റെ കുടുംബത്തെയും എനിക്ക് ഈ ലോകത്തിൽ ലഭിക്കാമായിരുന്ന എല്ലാ ഭൗതിക സൗഭാഗ്യങ്ങളെയും ഞാൻ ഉപേക്ഷിച്ചത് വ്യക്തമായ ബോധ്യത്തോടെതന്നെയാണ്. ഞാൻ പ്രസവിക്കാത്ത ആയിരക്കണക്കിനു മക്കൾക്ക് ഞാനിന്നമ്മയാണ്. എന്റെ കുടുംബാംഗങ്ങളല്ലാത്ത നൂറുകണക്കിനു പേർക്ക് ഞാനിന്നു സഹോദരിയാണ്. ഈ ധന്യതയാണ് ക്രിസ്തുവിന്റെ യഥാർഥ മണവാട്ടിയുടെ സ്വാതന്ത്ര്യവും സന്പത്തും എന്നു ഞാൻ തിരിച്ചറിയുന്നു.
എല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സന്യാസം സ്വീകരിച്ചത്. കുടുംബ ബന്ധങ്ങൾ മുറിയും എന്നും ലോകബന്ധങ്ങൾ മറയും എന്നും അറിഞ്ഞു. സഭ എന്നെ പഠിപ്പിക്കും. ജോലി ലഭിക്കുന്പോൾ കിട്ടുന്ന പ്രതിഫലം സഭ പൊതുവായി ഉപയോഗിക്കും. ഇതും വ്യക്തമായി മനസിലാക്കിയിരുന്നു.അനുസരണം, ദാരിദ്ര്യം, കന്യാവ്രതം ഈ മൂന്നു വ്രതങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഒരു വ്യക്തി ഏറ്റെടുക്കുന്നത് അബോധാവസ്ഥയിലല്ല. വർഷങ്ങൾ പഠിച്ച്, സമൂഹത്തിൽ ജീവിച്ച്, സഭയുടെ പാരന്പര്യങ്ങൾ മനസിലാക്കി മുതിർന്നവരുടെ അനുഭവങ്ങൾ പാഠമാക്കി, മനസുണ്ടെങ്കിൽ മാത്രം ക്രിസ്തുവിശ്വാസിയായ ഒരു സ്ത്രീ സ്വന്തമാക്കുന്ന സൗഭാഗ്യമാണ് സന്യാസം. സ്വീകരിച്ചുകഴിഞ്ഞാൽ, സഭയുടെ ചൈതന്യത്തോടുചേർന്ന് അധികാരികളുടെ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കുകയാണ് ഓരോ വ്യക്തിയും. അനുസരണത്തിന്റെ മഹത്വം കഴിഞ്ഞ 25 വർഷത്തെ സന്യാസജീവിതത്തിൽ അധികാരികളുടെ നിർദേശങ്ങൾ ദൈവഹിതമായി സ്വീകരിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു അധ്യാപികയായിരിക്കുന്പോഴാണ് യാചകർക്കു വേണ്ടിയും എച്ച്ഐവി ബാധിതർക്കുവേണ്ടിയും പ്രവർത്തിക്കാനുള്ള ആഗ്രഹം അധികാരികളെ അറിയിച്ചത്. കാത്തിരിക്കാനായിരുന്നു, മറുപടി. തുടക്കത്തിൽ എനിക്ക് അതു ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ, എന്നേക്കാൾ പ്രായവും അറിവും ജ്ഞാനവുമുള്ള എന്റെ അധികാരികൾ എന്റെ പുതിയ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശേഷി എനിക്കുണ്ടോ എന്നു തിരിച്ചറിയാൻ നൽകിയ ഒരു അവസരമായിരുന്നു കാത്തിരിപ്പിന്റെ കാലം എന്ന് അതിനുശേഷമാണ് ഞാൻ മനസിലാക്കിയത്.ഇത്തരത്തിൽ അധികാരികളിലൂടെ വെളിപ്പെടുന്ന ദൈവഹിതം തിരിച്ചറിയുന്നതുവരെ കാത്തിരിക്കാനുള്ള മനസുള്ളവർക്കു ക്രൈസ്തവ സന്യാസജീവിതം എന്നും അർഥപൂർണമാണ്.കേട്ടതും കണ്ടതും മഠത്തിൽവരുന്നതിനു മുന്പ് കന്യാസ്ത്രീകളെപ്പറ്റി നിരവധി ആരോപണങ്ങൾ ഞാനും കേട്ടിട്ടുണ്ട്. എന്നാൽ, വ്യത്യസ്തമായി എന്റെ മഠത്തിൽ ഞാൻ ഒന്നും കണ്ടില്ല. വീട്ടിൽ ചേച്ചിയും അനുജത്തിയും തമ്മിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും എന്റെ സമൂഹത്തിലുമുണ്ടാവാം. വ്യത്യസ്തരായ വ്യക്തികൾ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടായ്മയാണ് എന്റെ മഠം. അതൊന്നും സന്യാസജീവിതത്തിന്റെ വൈരൂപ്യമല്ലല്ലോ. സൗന്ദര്യമല്ലേ. വ്യത്യസ്തരാണ് വ്യക്തികൾ. എന്നാൽ, ലക്ഷ്യമൊന്നാണ്. ക്രിസ്തു എന്ന ഏക ലക്ഷ്യം.25 വർഷം പൂർത്തിയാകുന്പോൾ ആരുമില്ലാത്തവരിൽ യേശുവിനെ കാണാനും സ്നേഹിക്കാനും കഴിയുന്നൂ എന്നുള്ളതാണ് എന്റെ സംതൃപ്തി. നൂറുകണക്കിന് അനാഥക്കുട്ടികൾ എന്നെ അമ്മേയെന്നു വിളിക്കുന്പോൾ അവർക്കുവേണ്ടി എന്റെ ജീവിതം ഉപേക്ഷിച്ചാൽ മാത്രമേ അതെന്റെ ധന്യതയായി മാറുകയുള്ളൂ എന്നു ഞാൻ മനസിലാക്കുന്നു. സഭയെന്നും കാലോചിതമായ മാറ്റങ്ങൾക്ക് പ്രധാന്യം നൽകുന്നുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സിഎംസി സന്യാസസമൂഹത്തിൽ നിന്ന് തന്നെ നാല് സിസ്റ്റേഴ്സിന് സ്വന്തം ആഗ്രഹപ്രകാരം ആവിശ്യമുള്ളവർക്ക് ഞങ്ങളുടെ വൃക്ക ദാനം ചെയ്യാനുള്ള അനുവാദം ലഭിച്ചത്. ദൈവനാമത്തിന്റെ മഹത്വത്തിനായി എനിക്കു സഭയിലൂടെ ലഭിക്കുന്ന അവസരങ്ങൾ എന്റെ വ്യക്തിമഹത്വത്തിനായി ഞാൻ ഉപയോഗിക്കുന്പോഴാണ് വ്രതജീവിതവും സന്യാസ നിയമങ്ങളും എനിക്കു സ്ത്രീസ്വാതന്ത്ര്യത്തിന്റെ തടസങ്ങളായി തോന്നുന്നത്. സ്വന്തം വ്യക്തിത്വം ക്രിസ്തുവിന് സന്പൂർണമായും സമർപ്പിക്കാൻ കഴിയുന്നവർക്ക് ഏറ്റവും സ്വാതന്ത്ര്യമുള്ള അർത്ഥമുള്ള ജീവിതംതന്നെയാണ് കത്തോലിക്കാസഭയിലെ സന്യാസ ജീവിതം.സിസ്റ്റർ ചൈതന്യ സിഎംസി, ഇടുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻസ്പയർ
കടപ്പാട്- ദീപിക