വാർത്തകൾ
🗞🏵 *കൂടത്തായിയിലെ അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച് പുറത്ത് വന്നത് താങ്ങാനാകാത്ത സത്യമാണെന്ന് മരിച്ച റോയിയുടെ സഹോദരി റേഞ്ചി.* സത്യം തെളിയിക്കുന്നതിനു വേണ്ടിയാണ് പോരാടിയതെന്നും ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ലെന്നും റേഞ്ചി വ്യക്തമാക്കി.
🗞🏵 *ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കുരങ്ങൻ വെടിയേറ്റ് ചത്തതിനു പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്.* സഹോദരങ്ങളായ മൂന്നുപേരാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഈ സംഭവമെന്ന പ്രചാരണത്തെ തുടർന്നാണ് സംഘർഷ സാധ്യത ഉടലെടുത്തത്.
🗞🏵 *പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ രഞ്ജിത്തെന്ന യുവാവ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എട്ട് എക്സൈസ് ഉദ്യോഗസ്ഥരിൽ ഒരാളെ കേസിൽ പ്രതിചേർക്കില്ലെന്ന് പോലീസ്.* എക്സൈസ് ഡ്രൈവർ വി.ബി.ശ്രീജിത്തിനെ പ്രതിചേർക്കില്ലെന്നും ഇയാൾക്ക് മർദനത്തിൽ പങ്കില്ലാത്തതിനാലാണ് ഇതെന്നും പോലീസ് അറിയിച്ചു. നേരത്തെ, ശ്രീജിത്ത് ഉൾപ്പടെ എട്ട് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിരുന്നു.
🗞🏵 *കൂടത്തായിയിലെ അസ്വാഭാവിക മരണങ്ങളിലെ മുഖ്യപ്രതി ജോളി, കോടഞ്ചേരി പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപിക ആയിരുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് വിശദീകരണം.* ജോളി എല്ലാ ഞായറാഴ്ചകളിലും കുർബാനക്ക് എത്തുമായിരുന്നെന്നും പക്ഷേ, അവർ സൺഡേ സ്കൂൾ അധ്യാപിക ആയിരുന്നില്ലെന്നും പള്ളി വികാരി ഫാ. ജോസ് എടപ്പാടി പറഞ്ഞു.
🗞🏵 *കെ.എസ്.ആര്.ടി.സിയില്‍ സ്ഥിരനിയമനത്തിനായി റാങ്ക് ലിസ്റ്റിലുള്ളവര്‍ കാത്തിരിക്കേണ്ട.* ജീവനക്കാര്‍ ഇപ്പോഴും കൂടുതലാണന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താതെ നിയമനം നടത്താനാകില്ലെന്നും എം.ഡി എം.പി ദിനേശ്് വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ വിസമ്മതിച്ചതോടെ കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും മുടങ്ങി.
🗞🏵 *പ്രശസ്ത സംവിധായകന് കെ.ജി.ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിലാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജം.* സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സിനിമാതാരം മല്ലികാ സുകുമാരന്‍ കെ.ജി.ജോര്‍ജിനെ സന്ദര്‍ശിച്ചശേഷം പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കാക്കാനാട്ടെ സ്വകാര്യ കേന്ദ്രത്തില്‍ ചികില്‍സയിലാണെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും കെ.ജി.ജോർജ് പറഞ്ഞു
🗞🏵 *പയ്യന്നൂർ പഴയങ്ങാടിയിലെ താവം റയിൽവെ മേൽപ്പാലത്തിൽ വിള്ളൽ വീണു.* നിർമാണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പാലത്തിന്റെ അടിഭാഗത്ത് വിള്ളൽ ശ്രദ്ധയിൽപെടുന്നത്. പാലാരിവട്ടം മേൽപ്പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി തന്നെയാണ് താവം പാലവും നിർമിച്ചത്.
🗞🏵 *റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു.* അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ജോളി നൽകിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണിൽ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു.ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നൽകി.
🗞🏵 *മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകളിൽ മോഷണം വ്യാപകമാകുന്നതായി ആരോപണം.* താമസക്കാർ ഒഴിഞ്ഞ ഫ്ലാറ്റുകളിൽ നിന്നു സാധനങ്ങൾ നീക്കുന്ന ജോലികൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണു മോഷ്ടാക്കൾ സജീവമായത്. സാധനങ്ങൾ മാറ്റാനെത്തുന്ന ആളുകളെന്ന വ്യാജേന ഫ്ലാറ്റുകളിലെത്തുന്ന മോഷ്ടാക്കൾ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുകയാണ്.
🗞🏵 *ചെന്നൈ നഗരത്തിൽ ഫ്ലക്സ് വീണ് യുവതി മരിച്ച കേസിൽ വിചിത്ര ന്യായീകരണവുമായി അണ്ണാഡി.എം.കെ നേതാവ് സി പൊന്നയ്യൻ.* കാറ്റ് ആണ് യുവതിയുടെ മരണത്തിന് ഉത്തരവാദി എന്നാണ് പ്രസ്താവന. കഴിഞ്ഞ മാസമാണ് സോഫ്റ്റ്വെയർ എഞ്ചിനിയർ ആയ ശുഭശ്രീയെന്ന ഇരുപത്തിരണ്ടുകാരി എഡിഎംകെ സ്ഥാപിച്ച ഫ്ലെക്സ് സ്കൂട്ടറിൽ വീണ് അപകടമുണ്ടായി മരിക്കുന്നത്.
🗞🏵 *മരടില്‍ പൊളിക്കാന്‍ പോകുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്കുളള നഷ്ടപരിഹാരം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിയില്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്* ആര്‍ക്കൊക്കെയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന കാര്യം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തീരുമാനിക്കും.
🗞🏵 *ഔദ്യോഗിക പേജിൽ സ്ത്രീ വിരുദ്ധ ഡയലോഗുൾപ്പെടുത്തിയ വിഡിയോയുമായി കേരള പൊലീസ്.* ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ സ്ത്രീയെ കസ്റ്റഡിയിൽ എടുത്ത വാർത്ത പങ്കുവച്ചുള്ള വിഡിയോ ആണ് വിവാദമായത്. ‘മാഡത്തിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ ഇട്ടിരുന്ന വിഡിയോയിൽ ദ കിങ് സിനിമയിലെ ‘ മേലിലൊരു ആണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെയീ കയ്യ്’ എന്ന ഡയലോഗാണ് ചേർത്തിരുന്നത്.
🗞🏵 *കൂടത്തായി കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടിൽ വീണ്ടും ശാസ്ത്രീയപരിശോധന.* ഫൊറന്‍സിക് വിദഗ്ധരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. വീട്ടിലെ രേഖകള്‍ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പൊലീസ്. ഷാജു എടുത്തത് പുസ്തകങ്ങള്‍ തന്നെയാകാമെന്നും അന്വേഷണസംഘം.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി റോയി-ജോളി ദമ്പതികളുടെ മൂത്ത മകൻ റോമോ റോയി.* അച്ഛൻ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മിൽ കലഹമുണ്ടായിരുന്നു എന്ന് ഷാജു പറഞ്ഞത് കള്ളമാണെന്നും റോമോ മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *സംസ്ഥാന പൊലീസിലെ ലോഗോയുടെ നിറംമാറ്റം വിവാദമാകുന്നു.* ലോഗോ ചുവപ്പാക്കിയത് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരിക്കുന്നവര്‍ക്കു വേണ്ടി താളംതുള്ളുന്ന ഡി.ജി.പിയാണ് ലോക്നാഥ് ബഹ്റയെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.
🗞🏵 *വർഷങ്ങളായി അടച്ചിട്ടിരുന്ന മുറിയിൽ നിന്നു സ്ത്രീയുടെ തലയോട്ടിയും ഏതാനും അസ്ഥികളും കണ്ടെടുത്തു.* കൊല്ലത്തെ ആള്‍താമസം ഇല്ലാത്ത വീടിന് സമീപമുള്ള മുറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. 35– 40 വയസ്സ് ഉണ്ടാകുമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു പൊലീസ് സർജനു കൈമാറി. ഡിഎൻഎ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നു. തേവള്ളി പാലസ് നഗർ–101, വേലായുധ ഭവനിൽ നിന്നാണു തലയോട്ടി ലഭിച്ചത്.
🗞🏵 *കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുമ്പോൾ പല ചോദ്യങ്ങളാണ് ബാക്കി. നാട്ടുകാരെയും വീട്ടുകാരെയും എല്ലാം എൻഐടിയിലാണ് ജോലിയെന്ന് ജോളി പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നു എന്നതാണ് അതിലൊന്ന്.* ഇക്കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് ജോളിയുടെ മുൻഭർത്താവ് റോയിയുടെ സഹോദരി റെഞ്ചി. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ടോം തോമസ് തന്നെയാണ് ജോളിക്ക് ജോലി കിട്ടിയ വിവരം ഫോണിലൂടെ തന്നെ അറിയിച്ചതെന്നും റെഞ്ചി വ്യക്തമാക്കി.
🗞🏵 *ബന്ദിപ്പൂര്‍ പാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരായ നിരാഹാരം സമരസമിതി അവസാനിപ്പിക്കുന്നു.* സര്‍ക്കാര്‍ നല്കിയ ഉറപ്പുകളെ തുടര്‍ന്നാണ് തീരുമാനം. പന്ത്രണ്ടാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. സര്‍ക്കാര്‍ വയനാടിനൊപ്പമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം എതിരായാല്‍ ഇടപെടും. സര്‍വകക്ഷിസംഘത്തെ കര്‍ണാടകയിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ടി.പി. രാമകൃഷ്ണനും സമരവേദിയിലെത്തി.
🗞🏵 *സുപ്രീംകോടതി വിധിയെത്തുടർന്നു പൊളിക്കാൻ ഉത്തരവായ മരടിലെ ഫ്ളാറ്റ് ഉടമകൾക്കു നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു.* ഉടമസ്ഥാവകാശം തെളിയിക്കുന്ന അസൽ രേഖകളുമായി ഇന്നലെ നഗരസഭാ കാര്യാലയത്തിലെത്തിയ ഉടമകൾക്ക് ഇവ പരിശോധിച്ചു രസീതുകൾ നൽകി. ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് കോടതി ഉത്തരവിൽ പറയുന്ന 25 ലക്ഷം രൂപ വീതമാണ് ആദ്യഘട്ടമായി സർക്കാർ നൽകുക. പരമാവധി രണ്ടാഴ്ചയ്ക്കകം പണം അവരവരുടെ അക്കൗണ്ടിൽ ലിഭിക്കുമെന്നാണ് ഔദ്യോഗിക വിവരം.
🗞🏵 *കഞ്ചാവുകേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ.* മലപ്പുറം സ്വദേശി രഞ്ജിത്താണ് കഴിഞ്ഞദിവസം കസ്റ്റഡിയിൽ മരിച്ചത്. അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ അനന്തകൃഷ്ണന്റേതാണ് നടപടി.
🗞🏵 *സംസ്ഥാനത്തു കാലവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.* ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് സംസ്ഥാനത്ത് കാലവർഷക്കാലം. എന്നാൽ, ഇക്കുറി സെപ്റ്റംബർ 30നു ശേഷവും കാലവർഷം കേരളത്തിൽ ശക്തമായി പെയ്ത്തു തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വരെ കേരളത്തിൽ സാമാന്യം വ്യാപകമായി മഴ ലഭിച്ചിരുന്നു.
🗞🏵 *പൊൻമുടി അണക്കെട്ടിനു സമീപം വൈദ്യുതി വകുപ്പിന്റെ കൈവശമുള്ള ഭൂമി സഹകരണ ബാങ്കിനു പാട്ടത്തിനു നൽകിയ സംഭവത്തിൽ ജില്ലാ കളക്ടർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് റവന്യു മന്ത്രിക്കു കൈമാറി.* ഇന്നലെ രാത്രിയാണ് റിപ്പോർട്ട് കൈമാറിയത്. വിവാദ ഭൂമി കെഎസ്ഇബിയുടെ കൈവശത്തിലാണെങ്കിലും കരമടയ്ക്കാത്തതിനാൽ ഉടമസ്ഥാവകാശം റവന്യുവകുപ്പിനു തന്നെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
🗞🏵 *രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേശീയതലത്തിലുള്ള വിവിധ കമ്മീഷനുകൾ അതിനുള്ള സംവിധാനങ്ങൾ കൂടിയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. ജോർജ് കുര്യൻ.* കെആർഎൽസിസിയുടെ സോഷ്യോ-പൊളിറ്റിക്കൽ അക്കാഡമി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🗞🏵 *അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചു റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് ഒാഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി.* സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 പ്രകാരം മുൻഗണനാ പട്ടികയിൽ കേരളത്തിനുൾപ്പെടുത്താനാവുന്നത് 1,54,80,040 പേരെയാണ്. എന്നാൽ, അന്തിമ പട്ടികയിൽ അനർഹർ കടന്നുകൂടിയിരുന്നു.
🗞🏵 *രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ 7ന് ആരംഭിച്ച് 16ന് സമാപിക്കും.* നാളെ മുതൽ 11 വരെ ദിവസങ്ങളിൽ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.
🗞🏵 *വർക്കല എസ്ആർ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയെയും മാധ്യമ പ്രവർത്തക സംഘത്തെയും മർദിച്ച സംഭവം നെടുമങ്ങാട് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പാങ്ങോട് സിഐ അന്വേഷിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.*
🗞🏵 *വാഹനപാർക്കിംഗ് സൗകര്യമൊരുക്കുന്നതിനു മുംബൈയിലെ അരേ കോളനിയിൽനിന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതില്‍ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.* ആറ് സ്ത്രീകൾ ഉൾപ്പെടെ 29 പേരെയാണ് അറസ്റ്റു ചെയ്തത്.
🗞🏵 *പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക്(പിഎംസി ബാങ്ക്) തട്ടിപ്പ് കേസിൽ അറസ്റ്റിലായ മലയാളി ജോയി തോമസിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.* പിഎംസി ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറായ ജോയി തോമസിനെ ഒക്ടോബർ 17വരെയാണ് മുംബൈ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
🗞🏵 *ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് ബിജെപിയില്‍.* ആംആദ്മി പാര്‍ട്ടിയിടെ ജെജെ സെലിന്റെ ചുമതല ഉണ്ടായിരുന്ന സുശീല്‍ ചൗഹാനാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ചയാണ് സുശീൽ ബിജെപിയിൽ ചേർന്നത്.
🗞🏵 *അവിവാഹിതരായ വിദേശ സ്ത്രീക്കും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയെടുക്കാനുള്ള അനുമതി നൽകി സൗദി അറേബ്യ.* ടൂറിസം വ്യവസായം വളർത്താനുള്ള സൗദി സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. നേരത്തെ സ്ത്രീ-പുരുഷന്മാർക്ക് ബന്ധം തെളിയിക്കാതെ ഹോട്ടലിൽ താമസിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.
🗞🏵 *കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം സൂചന നൽകി.* കൊലപാതക പരന്പരയ്ക്ക് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് മുഖ്യപ്രതി ജോളി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 11 പേർ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്യാത്തവരും നിരീക്ഷണത്തിലുണ്ട്.
🗞🏵 *കാഷ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള എന്നിവരെ സന്ദർശിക്കാൻ പാർട്ടി പ്രതിനിധി സംഘത്തിന് അനുമതി.* പാർട്ടിയുടെ ജമ്മു പ്രവിശ്യ അധ്യക്ഷൻ ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം ഇരുവരെയും ഇന്ന് സന്ദര്‍ശിക്കുമെന്നാണ് വിവരം.
🗞🏵 *സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളിൽ ഇനി മുതൽ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്.* ആരോഗ്യ സർവകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
🗞🏵 *ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരേ നടത്തിയ “കുമ്മനടി’ പ്രയോഗം വിഷമിപ്പിച്ചെങ്കിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.* ബിജെപി വോട്ടുകൾ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ തന്നോട് കലഹിച്ചിട്ട് കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ മറുപടി പറയാനില്ലെന്നും കടകംപള്ളി പറഞ്ഞു.
🗞🏵 *ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി.* ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്നോ-ആനന്ദ് വിഹാർ ഡബിൾ ഡക്കർ എക്സ്പ്രസിന്റെ രണ്ടു ബോഗിളാണ് പാളത്തിൽനിന്നും തെന്നിമാറിയത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
🗞🏵 *വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത, ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു.* കഴിഞ്ഞ ദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്രാക്കോവ് മുന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. സ്റ്റനിസ്ളാവ് ജിവിഷില്നിഷന്നുമാണ് തിരുശേഷിപ്പ് അള്‍ത്താര വണക്കത്തിനായി സ്വീകരിച്ചത്.
🗞🏵 *വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍നിന്നുള്ള 13 പേര് കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.* ഫ്രാന്‍സിസ് മാര്‍പാപ്പ ഇവര്‍ക്കു ചുവന്ന തൊപ്പിയും മോതിരവും അധികാര പത്രവും കൈമാറി. പുതിയ കര്‍ദ്ദിനാള്‍മാരില്‍ വത്തിക്കാനില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മൂന്നു പേരും 12 പേര് ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് പദവി വഹിക്കുന്നവരും ഒരാള്‍ ജസ്യൂട്ട് വൈദികനുമാണ്
🗞🏵 *പാരിപ്പള്ളിയിലെ നാല് വയസുകാരി ദിയയുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിഞ്ഞു.* ദിയയുടെ മരണം അമ്മയുടെ മർദ്ദനം മൂലമല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കടുത്ത ന്യൂമോണിയയും മസ്തിഷ്ക ജ്വരവും മൂലമാണ് കുട്ടി മരണമടഞ്ഞതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.
🗞🏵 *കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഉള്‍ക്കൊണ്ട് പാക് അധീന കശ്മീരിലെ ജമ്മു കശ്മീര്‍* ലിബറേഷന്‍ ഫ്രണ്ട് എന്ന വിഘടനവാദി സംഘടന അതിര്‍ത്തിയിലേയ്ക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇത് മറയാക്കി അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാനാണ് നീക്കം.
🗞🏵 *അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം.* വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പും ,ഗ്രനേഡാക്രമണവും നടത്തി.
🗞🏵 *•ഇസ്രായേലി ജൂത യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു.* പെരുമറ്റത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന മുളവൂര്‍ മരങ്ങാട്ട് ഷരീഫാണ് (45) പിടിയിലായത്. ഫര്ണിച്ചര്കടയില് സാധനങ്ങള്‍ കാണാന്‍ കയറിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
🗞🏵 *മൈസൂരില്‍ ദസറ ആഘോഷവേളയില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സംശയിക്കുന്ന നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.* ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ നാല് പാക്കിസ്ഥാനികളാണ് അറസ്റ്റിലായതെന്നാണ് എന്‍ഐഎ നല്കുന്ന വിവരം.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
,
*ഇന്നത്തെ വചനം*
അവര്‍ പോകുന്നവഴി അവന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു.
അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള് കര്‍ത്താവിന്‍െറ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്‍െറ പാദത്തിങ്കല്‍ ഇരുന്നു.
മര്ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള് അവന്‍െറ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്‍െറ സഹോദരി എന്നെതനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.
കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.
ലൂക്കാ 10 : 38-42
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
ലൂക്കാ 10: 38-42
തീത്തോ 3:1-7
‘മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു’
കർത്താവിന്റെ വചനങ്ങൾ കേട്ടു കൊണ്ട് അവന്റെ പാദത്തിങ്കൽ ഇരിക്കുന്ന മറിയം, ഒരു യഥാർത്ഥ ക്രൈസ്തവന്റെ പ്രതിരൂപമാണ്. ക്രൈസ്തവൻ തന്റെ ജീവിതത്തിന്റെ പ്രമാണമായി സ്വീകരിച്ചിരിക്കുന്നത് കർത്താവിന്റെ വചനമാണ്. നമ്മുടെ നന്മയ്ക്കായി അവിടുന്നു നൽകുന്ന കല്പനകളും ചട്ടങ്ങളും അനുസരിക്കുകയും അവിടുത്തെ പൂർണ്ണഹൃദയത്തോട് സ്നേഹിക്കുകയും ചെയ്യുകയാണല്ലോ നമ്മുടെ കർത്തവ്യം. അനുനിമിഷമുള്ള നമ്മുടെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പുകളുടെയും തീരുമാനങ്ങളുടെയുമെല്ലാം മാനദണ്ഡം കർത്താവിന്റെ വചനം ആയിരിക്കണം. അങ്ങനെ നമ്മൾ ജീവിക്കാൻ തീരുമാനിക്കുമ്പോൾ നമ്മൾ ആരെയം പറ്റി തിൻമ പറയില്ല, കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും, സൗമ്യരായിരിക്കും, എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കും. അതിനാൽ പ്രിയമുള്ളവരെ മർത്തായെപ്പോലെ പരാതി പറയാതെ മറിയത്തെപ്പോലെ വചനം അനുസരിച്ച് അവന്റെ ഹിതത്തിനായി ചെവി ചായിച്ച് ശാന്തതയോടും വിനയത്തോടും കൂടി നമുക്ക് നമ്മുടെ ക്രൈസ്തവ ജീവിതത്തിന് സാക്ഷ്യമേകാം. അതിനുള്ള കൃപകർത്താവ് നമ്മുക്ക് നൽകട്ടെ. ആമ്മേൻ…
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*