വാർത്തകൾ
🗞🏵 *പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട സംഭവം വൻ വിവാദമാകുന്നു.* സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയുടെ പരാതി പരിഗണിച്ചാണ് ഇടപെടല്‍. ജലീല്‍ ഇടപെട്ട് അദാലത്തിലൂടെ പുനര്‍ മൂല്യ നിര്‍ണയത്തിന് നിര്‍ദ്ദേശം നല്കിയ നടപടിയില്‍ സാങ്കേതിക സര്‍വകലാശാലയോട് രാജ്ഭവന് വിശദീകരണം തേടിയിട്ടുണ്ട്.
🗞🏵 *ജമ്മുവില്‍ പത്ത് മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു* . സംസ്ഥാന ജനറൽ സെക്രട്ടറി യുധ്വീർ സേതിയുടെ സാന്നിധ്യത്തിലാണ് ഇവരുടെ ബി.ജെ.പി പ്രവേശനം.
🗞🏵 *സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ.* ഇതു സംബന്ധിച്ച് നിലവിലെ നിയമം സൗദി ഭേദഗതി ചെയ്തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക് ഹോട്ടൽമുറികളിൽ ഒരുമിച്ച് താമസിക്കണമെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമായിരുന്നു.
🗞🏵 *മന്ത്രി മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനു നൽകിയത് റവന്യു ഭൂമിയെന്ന് റിപ്പോർട്ട്.* സഹകരണ ബാങ്കിന് കെഎസ്ഇബി ക്രമവിരുദ്ധമായി പാട്ടത്തിനു നൽകിയ 21ഏക്കർ സ്ഥലം റവന്യു ഭൂമി ആണെന്ന് ഉടുമ്പൻചോല തഹസിൽദാറുടെ റിപ്പോർട്ട് ആണ് പുറത്തുവന്നത്.
🗞🏵 *ശബരിമലയും കോടിയേരിക്കെതിരായ മാണി സി കാപ്പന്റെ മൊഴിയുo പ്രചാരണ വിഷയമാക്കി വട്ടിയൂർക്കാവിൽ കെ.മുരളീധരന്റെ രംഗപ്രവേശം.* കൈയയച്ച് കിട്ടിയ പ്രളയ സഹായം കയറ്റിയയച്ചതാണോ എൽ ഡി എഫ് സ്ഥാനാർഥിയുടെ മികവെന്ന് മുരളീധരൻ പരിഹസിച്ചു. ബി ജെ പി മൂന്നാo സ്ഥാനത്താകുമെന്നും മുരളീധരൻ പറഞ്ഞു.
🗞🏵 *സ്വത്തുക്കൾ കണ്ടു കെട്ടിയ സർക്കാർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു.* അതേ സമയം വിവാദ ഫ്ളാറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ഫ്ളാറ്റ് നിർമാതാക്കളുടെ ഓഫിസുകളിൽ റെയ്ഡ് നടത്തി.ഇതിനിടെ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച ഫ്ളാറ്റുകളിൽ നിന്ന് തൊണ്ണൂറു ശതമാനം ആളുകളും ഒഴിഞ്ഞു.
🗞🏵 *ചൊവ്വയില്‍ അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്തിയേക്കുമെന്ന് നാസ.* 2021 മാർച്ചിൽ നാസയും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയും (ESA) അയക്കുന്ന രണ്ട് ചൊവ്വാഗ്രഹ റോവറുകൾ ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാമെന്ന് ശാസ്ത്രജ്ഞൻ ഡോ. ജിം ഗ്രീൻ അവകാശപ്പെട്ടു.
🗞🏵 *കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപവാസികളെ ആറു മണിക്കൂര്‍ നേരത്തേക്ക് ഒഴിപ്പിക്കും.* ഫ്ളാറ്റ് പൊളിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സമയത്തായിരിക്കും 250 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുക. സ്ഫോടനത്തിന്റെ ആഘാതം 50 മീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്ക് ബാധിക്കില്ലെന്ന് ഡിമോളിഷന്‍ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചു. അൻപത് മീറ്റര്‍ ചുറ്റളവില്‍ വലിയ തോതില്‍ പൊടിപടലങ്ങള്‍ വ്യാപിക്കും.
🗞🏵 *മരട് ഫ്ലാറ്റുകള്‍ ഉപേക്ഷിക്കേണ്ടിവരുന്ന ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക ഒരു വര്‍ഷംകൊണ്ട് മാത്രം.* എന്നാല്‍ അതിന് മുമ്പേ ഇടക്കാല നഷ്ടപരിഹാരം എന്ന നിലയില്‍ അനുവദിച്ച തുക കൈപ്പറ്റാനാകുമോ എന്നത് വ്യക്തമല്ല. എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം നിശ്ചയിച്ചതിന് ശേഷം മാത്രമാകും അത് അനുവദിക്കുന്ന കാര്യം പരിഗണിക്കുക.
🗞🏵 *പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്.* കള്ളം പറഞ്ഞും മുതലക്കണ്ണീരൊഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ പരാമര്‍ശം ഇതിനോടകം വിവാദമായിട്ടുണ്ട്.
🗞🏵 *സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സില് ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.* അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
🗞🏵 *ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ മരണത്തിലെന്ന് എസ്.പി.* മറ്റ് മരണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിക്കും. റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയെന്നും സ്ഥിരീകരിച്ചു. ജോളിയും സുഹൃത്ത് എംഎസ്.മാത്യുവും പ്രജികുമാറുമാണ് പ്രതികള്‍.
🗞🏵 *കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടമരണങ്ങളിൽ ദുരൂഹയായ യുവതിയെക്കുറിച്ച് പൊലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. ക്ഷമയോടെ കാത്തിരുന്നായിരുന്നു പൊലീസിന്റെ കരുനീക്കം. എല്ലാ മരണങ്ങളിലുമുള്ള യുവതിയുടെ സാന്നിധ്യമാണ് അന്വേഷണത്തിൽ നിർണായകമായത്.* എല്ലാത്തിനും ദൃക്സാക്ഷിയായ ആ യുവതി മരിച്ചവരുടെ ഉറ്റ ബന്ധുവായ ജോളിയായിരുന്നു. ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്.
🗞🏵 *അഭിപ്രായം തുറന്നു പറയുന്നവർക്കെതിരേ കേസെടുക്കുന്ന നരേന്ദ്ര മോദിയും പിണറായി വിജയനും ഹിറ്റ്ലറെപോലും നാണിപ്പിക്കുകയാണെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി.* പ്രധാനമന്ത്രിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരേ കേസെടുത്ത നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്.
🗞🏵 *2020 മാർച്ച് വരെ പൊതുവിഭാഗം വെള്ള കാർഡിനു മണ്ണെണ്ണ മുടക്കമില്ലാതെ ലഭിക്കാൻ സർക്കാർ നടപടി.* ഇതു സംബന്ധിച്ച ഉത്തരവിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഒപ്പിട്ടു.
🗞🏵 *എംപി എന്ന നിലയിൽ ദേശീയപാതാ വിഷയത്തിൽ വയനാട്ടുകാർക്കൊപ്പം നിൽക്കുമെന്ന് രാഹുൽ ഗാന്ധി.* ത്യാഗപൂർണമായ സമരം ചെയ്യുന്ന ചെറുപ്പക്കാരോടു നാട് കടപ്പെട്ടിരിക്കുകയാണ്. ദേശീയപാത 766ലെ രാത്രിയാത്രാ വിലക്കു നീക്കണമെന്നാവശ്യപ്പെട്ടും പാത അടച്ചിടാനുള്ള നീക്കത്തിനെതിരേയും സർവകക്ഷി ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ യുവജന സംഘടനകളുടെ കൂട്ടായ്മ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു അദ്ദേഹം.
🗞🏵 *തീരദേശ നിയമം ലഘിച്ചു നിർമിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊളിക്കൽ നടപടിക്രമം അധികൃതർ ദ്രുതഗതിയിലാക്കി.* ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങൾ ഈ മാസം എട്ടോടെ പൂർത്തിയാക്കി ഒന്പതിനു പൊളിക്കൽ കരാർ ഏറ്റെടുത്തിരിക്കുന്ന കന്പനിക്കു കൈമാറാനാണ് അധികൃതർക്കു ലഭിച്ചിരിക്കുന്ന നിർദേശം.
🗞🏵 *കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു യാക്കോബായ സഭയുടെ നേതൃത്വത്തിൽ “രണ്ടാം കൂനൻകുരിശ് സത്യം’ നടത്തും.* മാർത്തോമ്മ ചെറിയ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽനിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സത്യവിശ്വാസ പ്രഖ്യാപനം ചൊല്ലിക്കൊടുക്കും.
🗞🏵 *നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.*
🗞🏵 *സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്നു താമസക്കാരെ ഒഴിപ്പിക്കുന്ന നടപടി അന്തിമഘട്ടത്തിലെത്തിയപ്പോഴും ഉടമകളുടെ ഒഴിഞ്ഞുപോക്ക് തുടർന്നു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളുടെയും ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.* വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ചു ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി.
🗞🏵 *സംസ്ഥാനത്ത് ഉപ ജില്ലാ – റവന്യു ജില്ലാ സ്കൂള്‍ കായികമേളയൊരുക്കാന് കായികാധ്യാപകർ ഹാജരാകണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.*
🗞🏵 *പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്തു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെപ്പറ്റി വിജിലൻസ് പ്രത്യേക അന്വേഷണം തുടങ്ങി.* മന്ത്രിയായിരിക്കേ പാലാരിവട്ടം പാലം നിർമാണം സംബന്ധിച്ച് ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ച രേഖകളുടെ അസൽ പകർപ്പുകൾ തേടി സർക്കാരിനു വിജിലൻസ് കത്തു നൽകി.
🗞🏵 *സമുദ്ര നിയമലംഘനത്തിന്റെ പേരിൽ ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു.* സമദി എന്ന ബോട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും ഇടയിൽ വിശ്വാസക്കുറവുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.* പ്രധാനമന്ത്രിയെ കാണുന്നതിൽ മുഖ്യമന്ത്രിയുടെ കഴിവില്ലായ്മ ഇതിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു.
🗞🏵 *യുഎസിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.* 3.5 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. 50 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
🗞🏵 *എണ്ണ ഉല്പാദനം പഴയ നിലയിലെന്ന് സൗദി.* അരാംകോ ആക്രമണത്തിനുശേഷം വേഗത്തില്‍ തിരിച്ചെത്താനായത് കമ്പനിയുടെ മികവിന് തെളിവാണെന്നും ഊർജമന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
🗞🏵 *അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാക്കി ജനത നടത്തുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 60 ആയി.* 1600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിലും ഏറ്റുമുട്ടലിലുമാണ് ആളുകൾ മരിച്ചത്. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്തു.
🗞🏵 *ചന്ദ്രയാൻ പകർത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആർഒ.* ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ(ഒഎച്ച്ആർസി) ഉപയോഗിച്ചാണ് ഇവ പകർത്തിയത്. ഓർബിറ്ററിൽ ഘടിപ്പിച്ച ലാർജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റർ ചാർജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.
🗞🏵 *പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പോലീസ്.* കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്തിനെ പിടിക്കാന്‍ പോയ സംഘത്തില്‍ മൂന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒളിവില്‍ പോയത്.
🗞🏵 *അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ “പൂതന’ പ്രയോഗം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ.* ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണ്. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരൻ വിശദമാക്കി.
🗞🏵 *പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടി ഫാസിസ്റ്റ് സമീപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* കേസ് റദ്ദാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും അടൂരിനെ സന്ദർശിച്ചശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാർടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്.* അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആർഡിഒയുടെ അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് കൈമാറും.
🗞🏵 *കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറു പേർ സമാനമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം മൂന്നായി.* മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയാണ് അവസാനം കസ്റ്റഡിയിലായത്.
🗞🏵 *മന്ത്രി ജി. സുധാകരന്റെ “പൂതന’ പരാമർശത്തിനെതിരേ അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ.* തനിക്കെതിരായ സുധാകരന്റെ പരാമർശം സ്ത്രീ വിരുദ്ധമാണ്. ഇക്കാര്യത്തിൽ അതീവ ദുഃഖമുണ്ട്. കൂടുതൽ നടപടികൾ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാനിമോൾ പറഞ്ഞു. എന്നാൽ ഇവർ നടത്തിയ ക്രൈസ്തവ വിരുദ്ധ സമരത്തെ പ്രതി ദു:ഖമുള്ളവർ ധാരാളമാണ്.
🗞🏵 *മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച് ഫ്ളാറ്റ് നിർമാണം നടത്തിയ നിർമാതാക്കളുടെ ഓഫീസുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.* കൊച്ചിയിലെ ആൽഫ വെഞ്ചേഴ്സിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.
🗞🏵 *കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചു.* അമിതമായി ജോലി ചെയ്യിപ്പിക്കൽ, മാനസിക പീഡനം, അവധി നിരാകരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. വൈക്കം സ്വദേശിയായ മൂന്നാം വർഷ പിജി ഡോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
🗞🏵 *സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.* പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനുമായ അഫീൽ ജോണ്‍സ(16)നാണു പരിക്കേറ്റത്.
🗞🏵 *നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി.* മുൻ പിസിസി അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജിക്കത്ത് നൽകിയത്.
🗞🏵 *പാക് അധീന കാഷ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുതെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* പിഒകെയിൽ ഉള്ളവർ അതിർത്തി കടന്നാൽ അതിനെ ഇസ്ലാമിക് ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കും. ജമ്മു കാഷ്മീരിലെ നടപടികൾക്കും നിയന്ത്രണരേഖയിൽ ആക്രമണം നടത്തുന്നതിനും ഇന്ത്യ ഇതിനെ മറയാക്കുമെന്നും ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.
🗞🏵 *ദേശീയപാത 766 വഴി പകൽ യാത്രാ നിരോധനം ഏർപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ.* ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്നും കർണാടക വനംവകുപ്പ് വ്യക്തമാക്കി.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
*ഇന്നത്തെ വചനം*
സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.
ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന് അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു.
മൂന്നാം മണിക്കൂറില്‍ അവന് പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്ക്കുന്നതുകണ്ട് അവരോടു പറഞ്ഞു:
നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍;ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.
ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന് ഇതുപോലെതന്നെചെയ്തു.
ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന് പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്ക്കുന്നതെന്ത്?
ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്കി. അവന് പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്ഥന് കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.
പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു.
തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.
അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-
അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്‍െറ അധ്വാനവും ചൂടും സഹി ച്ചഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.
അവന് അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?
നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം.
എന്‍െറ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?
ഇപ്രകാരം, പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരുമാകും.
മത്തായി 20 : 1-16
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
*വചന വിചിന്തനം*
ദൈവീക നീതി മാനുഷിക നീതിയിൽ നിന്ന് വ്യത്യസ്തമാണ് കാരണം നമ്മൾ ബാഹ്യമായ കാര്യങ്ങൾ മാത്രം കാണുകയും അറിയുകയും അവയുടെ അടിസ്ഥാനത്തിൽ വിധി കല്പിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവം ആന്തരികമായ കാര്യങ്ങൾകൂടി അറിയുന്നു. അവിടുന്ന് നമ്മുടെ മനസ്സിനെ അറിയുകയും മനസ്സിലാക്കുകയും നമ്മുടെ മാനസിക വികാരങ്ങൾ ഉൾകൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും ദൈവത്തിന്റെ നീതിയും ആന്തരികമായവ കൂടി അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ ദൈവീക നീതിയെ ഉൾക്കൊള്ളുവാൻ പലപ്പോഴും മനുഷ്യർക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം ഇന്ന് നമ്മൾ കാണുന്ന വചന ഭാഗത്ത്
.ദൈവീക നീതി എന്താണെന്ന് മനസ്സിലാക്കാതെ അവിടുത്തെ കുറ്റപ്പെടുത്തുന്ന സേവകരെ ആണ് നമ്മൾ കാണും .എന്നാൽ ദൈവീക നീതിക്കും ദൈവഹിതത്തിനും പൂർണമായ സമർപ്പിക്കുന്നവർക്ക് മാത്രമേ അവിടുത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ
.ദൈവീക നീതി ഉൾക്കൊള്ളുവാൻ നമുക്ക് പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*